ഇന്ന് എന്ന ഇൻലൻഡ് മാസികയെയും അതിന്റെ കാരണക്കാരനായ മണമ്പൂർ രാജൻ ബാബുവിനെയും കുറിച്ച് അറിയാത്തവർ ചുരുക്കുമായിരിയ്ക്കും. ഇവിടെയുള്ള പലരും ചിലപ്പോൾ ആ മാസികയുടെ വരിക്കാരുമായിരിക്കും.1980 കളുടെ തുടക്കത്തിലാണ് ഇന്ന് മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്.
1960 കളുടെ അവസാനത്തിൽ മലപ്പുറം ജില്ലയിലെ മണമ്പൂർ ഗ്രാമത്തിലുടനീളം സംഗമം എന്ന കൈയെഴുത്തു മാസിക തയാറാക്കി പ്രചരിപ്പിച്ചതിന്റെ അനുഭവമാണ് രാജൻ ബാബുവിനെ ഇത്തരമൊരു ഇൻലൻഡ് മാസിക തുടങ്ങാൻ പ്രേരിപ്പിച്ചത്. പിന്നീട്, 1981 ൽ, രജിസ്ട്രേഷൻ സമയത്ത്, മാസികയുടെ പേര് ഇന്ന് എന്നാക്കി മാറ്റുകയായിരുന്നു.
ജീവിതാനുഭവങ്ങളാണല്ലോ ഒരാളുടെ എഴുത്തിൽ ഒളിഞ്ഞും തെളിഞ്ഞും വന്നുപോകുന്നത്. അത്തരമൊരു കഥയെഴുതിയതിന്റെ പേരിൽ ഉദോഗത്തിൽ നിന്നും സസ്പെന്ഷൻ കിട്ടിയ ആളാണ് മണമ്പൂർ രാജൻ ബാബു. ഇപ്പോളാണ് ഇങ്ങനെയൊരു വാർത്ത കേൾക്കുന്നതെങ്കിൽ ചിലരെങ്കിലും അതിശയിച്ചുപോയേക്കാം പക്ഷെ ഈ സംഭവം നടന്നത് മൂന്നു പതിറ്റാണ്ടുകൾക്കു മുൻപാണ്. സ്ഥലം, മലബാർ സ്പെഷ്യൽ പോലീസ് ഓഫീസ്.
ഭാഷാപോഷിണി പത്രാധിപരായിരുന്ന കെ സി നാരായണൻ (ഇപ്പോൾ മാതുഭൂമി ആഴ്ചപ്പതിപ്പിൽ മഹാഭാരതം ഒരു സ്വാതന്ത്ര സോഫ്റ്റ്‌വെയർ എന്ന ആഖ്യാന പരമ്പര എഴുതുന്ന അതേ ആൾ )അന്നത്തെ കഥയെഴുത്തിനെക്കുറിച്ചും പിന്നീട് നടന്ന സംഭവനകളെക്കുറിച്ചും എഴുതാമോ എന്ന ചോദ്യമാണ് ഈ ഓർമക്കുറിപ്പുകൾ പിറക്കാൻ കാരണം. വർഷങ്ങൾക്കു മുൻപ് 2012 ലെ ഭാഷാപോഷിണി വാർഷികപതിപ്പിൽ അത് പ്രസിദ്ധീകരിച്ചു വരികയും ചെയ്തു.പിന്നീട് 2013 ലാണ് കറന്റ് ബുക്ക്സ് ഇത് പുസ്തകമാക്കുന്നത്.
മലപ്പുറം എം എസ് പി ഓഫീസിലെ കാഷ്യർ പദവിയിൽ നിന്നാണ് അദ്ദേഹം സസ്‌പെന്റ് ചെയ്യപ്പെട്ടത്.ആ കഥ പ്രത്യക്ഷപ്പെട്ടത് കലാകൗമുദിയുടെ കഥ മാഗസിനിൽ ആയിരുന്നു.കഥയുടെ പേര് ഡിസിപ്ലിൻ എന്നായിരുന്നു . പോലീസ് അധികാരികളെ പ്രകോപിപ്പിച്ച ആ കഥ ഈ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
1985 ലെ കോഴിക്കോട്ടെ തെരുവിലെ സായാഹ്നത്തിൽ മുൻപൊന്നും തെരുവിൽ പ്രസംഗിക്കാത്ത സാക്ഷാൽ എം ടി പോലും വന്നു മണമ്പൂരിനു വേണ്ടി ആ സംഭവത്തിനെ അപലപിച്ചു പ്രസംഗിച്ചു. പിന്തുണ അറിയിക്കാനും ,പ്രതിഷേധിക്കാനും കോവിലനെ പോലുള്ള മറ്റു പലരും മുന്നോട്ടു വന്നു.
ആലങ്കോട് ലീലാകൃഷ്ണനാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്, മണമ്പൂർ രാജൻ ബാബുവിനെ കുറിച്ചുള്ള ചില ഓർമകളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. കറന്റ് ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത് വില 60 രൂപ.
