നിറക്കൂട്ടുകളില്ലാതെ കുറെ സിനിമാകഥകൾ

 


മാധ്യമം ആഴ്ചപ്പതിപ്പിൽ വന്നു കൊണ്ടിരുന്നപ്പോൾ,കൈയ്യിൽ കിട്ടിയാൽ ആദ്യം വായിക്കാനെടുത്തിരുന്ന പേജായിരുന്നു  ഡെന്നീസ് ജോസെഫിന്റെ നിറക്കൂട്ടുകളില്ലാതെ എന്ന ഓർമ്മക്കുറിപ്പുകൾ. സിനിമയുമായി ബന്ധപ്പെട്ട ആളുകളുടെ പംക്തിയാണെങ്കിൽ അല്പം ശ്രദ്ധ അങ്ങോട്ട് പതിയുക  സ്വാഭാവികമാണല്ലോ!എന്തായാലും മാതൃഭൂമി അത്  പുസ്തകമാക്കി ഇറക്കിയത് നന്നായി. തന്നെകുറിച്ചു മാത്രമല്ല, തന്നോട് ചേർന്നു നിന്നവരെ കുറിച്ചുമാണ് ഈ ഓർമക്കുറിപ്പുകൾ നമ്മോടു പറയുന്നത്. പതിവു സിനിമാക്കാരുടെ തലക്കനമോ, താൻ വലിയ സംഭവമാണെന്നോ എന്നുള്ള ഒരുസൂചനയും ഈ  ഓർമക്കുറിപ്പുകൾ പങ്കുവച്ചപ്പോൾ അദ്ദേഹം അവശേഷിപ്പിച്ചില്ല എന്നത്  എടുത്തു പറയേണ്ട കാര്യം തന്നെയാണ്. അവതാരികയിൽ വി ആർ സുധീഷ് പറഞ്ഞതുപോലെ ഇതൊരു നിഷ്കളങ്കമായ വർത്തമാനമായിരുന്നു. പുസ്തകം വായിച്ചു കഴിയുമ്പോൾ വായനക്കാരും അത് ശരി വെച്ചേക്കും. മറ്റു എഴുത്തുകാരെ പോലെ അധികം പൊതുവേദികളിലോ , അഭിമുഖങ്ങളിലോ ഡെന്നിസ് ജോസഫിനെ നമ്മൾ കണ്ടിട്ടില്ല. നമ്മൾ മറന്നു കളഞ്ഞ പല പ്രശസ്തരായ ആളുകളെയും കുറിച്ച് അദ്ദേഹം ഓർത്തെടുത്തു പറയുന്നു എന്നുള്ളത് ഒരു വല്യ കാര്യമായി തന്നെ കാണേണ്ടിയിരിക്കുന്നു, പ്രത്യേകിച്ചും സിനിമാ ലോകത്തു നിന്നുള്ള ഒരാൾ പറയുമ്പോൾ.  അവരുടെയൊക്കെ നാമറിയാത്ത പല സ്വാഭാവ വിശേഷങ്ങളും ,സംഭവങ്ങളും നിറക്കൂട്ടുകൾ ചേർക്കാതെ നമ്മോടു പങ്കുവെയ്ക്കുകയും ചെയ്യുന്നു. പുസ്തകത്തോടു നമ്മെ അടുപ്പിക്കുന്ന ഒരു സംഗതി ഒരുപക്ഷെ ഇക്കാര്യങ്ങളൊക്കെയാകണം. ഡെന്നിസ് ജോസഫിന്റെ തിരക്കഥകളെ കുറിച്ചു  പ്രത്യേകം എടുത്തു പറയേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. മനു അങ്കിൾ, അപ്പു, അഥർവം, നിറക്കൂട്ട് ,ശ്യാമ, രാജാവിന്റെ മകൻ,ഭൂമിയിലെ രാജാക്കന്മാർ,ന്യൂ ഡൽഹി, സംഘം,നായർ സാബ്, നമ്പർ 20 മദ്രാസ് മെയിൽ,കോട്ടയം കുഞ്ഞച്ചൻ ,ഇന്ദ്രജാലം,ഗാന്ധർവം,ആകാശദൂത്, … ലിസ്റ്റ് നീളുകയാണ്. മലയാളികൾ കണ്ട ഈ ഹിറ്റുകൾ ഒക്കെയും എഴുതിയത് ഈ മനുഷ്യനായിരുന്നു. പൊട്ടിച്ചിരിക്കാൻ മാത്രം തിയേറ്ററിൽ കയറിയിരുന്ന ആളുകൾ കരഞ്ഞു കണ്ണീർവാർക്കുമെന്നറിഞ്ഞുകൊണ്ടു തന്നെ ഇടിച്ചു കയറിക്കണ്ട പടമായിരുന്നല്ലോ ആകാശദൂത്.  ഷോലെ കഴിഞ്ഞാൽ തനിക്കു ഏറ്റവും ഇഷ്ടപെട്ട തിരക്കഥ ന്യൂഡൽഹി സിനിമയുടെ ആണെന്നു പറഞ്ഞത് മറ്റാരുമല്ല സാക്ഷാൽ മണിരത്നമാണ്. ആ മണിരത്നത്തിന് വേണ്ടിയും ഡെന്നീസിന് എഴുതാൻ അവസരം കിട്ടിയതാണ്. എന്നാൽ അത് നടന്നില്ല. മണിരത്നം പിന്നീട് തിരക്കഥയ്ക്ക് വേണ്ടി എഴുതാൻ വേറെ ആളെ വിളിച്ചിട്ടില്ല എന്നാണ് ഡെന്നിസ് ജോസഫ് പറയുന്നത്. ഡെന്നിസിന്റെ  അമ്മ  പ്രശസ്ത നടൻ ജോസ്പ്രകാശിന്റെ ( അതെ അയാൾ തന്നെ , അനുസരിച്ചില്ലെങ്കിൽ മുതലകുഞ്ഞുകൾക്കു തിന്നാൻ  നിട്ടുകൊടുക്കും എന്ന് പറയുന്ന അതെ ആൾ) ഇളയ സഹോദരിയാണ്.  ഏറ്റുമാനൂരിലെ എസ്.എം.എസ്  ലൈബ്രറിയിലെ പുസ്തകങ്ങൾ തന്ന ഭാഷാ പരിചയമാണ്  എഴുത്തിന്റെ ലോകത്തേക്ക് വന്നതിൽ തന്നെ സഹായിച്ചതെന്ന് ഡെന്നിസ് ജോസഫ് ഓർക്കുന്നു. സ്കൂൾ കാലം മുതലേ സിനിമ മനസ്സിലിട്ടു നടന്ന ആൾ സിനിമയിലെത്തിയ കഥ ഒരു സിനിമാക്കഥ പോലെ വായിച്ചു പോകാം. കാർട്ടൂണിസ്റ്റ് ആയിരുന്ന ബിഎം ഗഫൂറിന്റെ കട്ട് കട്ട് മാഗസിനിൽ അപ്രതീക്ഷിതമായി കിട്ടിയ സബ് എഡിറ്റർ ജോലി സിനിമയിലേക്കെത്തി പ്പെടാൻ ഒരു നിമിത്തം മാത്രം. സിനിമാക്കാരുടെ തിരശ്ശീലക്കു പിന്നിൽ നടക്കുന്ന നിരവധി രസകരവും, കണ്ണ് നനയിക്കുന്നതുമായ നിരവധി സംഭവങ്ങൾ ഇതിലുണ്ട്.
മാറ്റിയെഴുതപ്പെട്ട് തന്റെ കയ്യൊപ്പു പാതിയും മാഞ്ഞു പോയ ഈറൻ സന്ധ്യ എന്ന സിനിമയോടെ അവസാനിക്കേണ്ടിയിരുന്ന സിനിമ ജീവിതം , പക്ഷെ നിറക്കൂട്ട് എന്ന സിനിമയിലൂടെ മലയാള സിനിമയിലെ തിരക്കുപിടിച്ച തിരക്കഥാകൃത്തായി മാറിയ കഥ ഒരു സിനിമാ കഥ പോലെ വായിച്ചു പോകാം. ജോഷിയുമായുള്ള അടുപ്പവും പിന്നീട് മാനസികമായി അകന്നതും രണ്ടു ദിവസം കൊണ്ടെഴുതിയ ശ്യാമ എന്ന സൂപ്പർഹിറ്റ്  സിനിമയുടെ തിരക്കഥയുടെ പിറവിയും, ഇരുപത്തിരണ്ടു ദിവസം കൊണ്ട് പൂർത്തിയായ മമ്മൂട്ടിയുടെ തിരിച്ചുവരവിന് ഇടയാക്കിയ ന്യൂഡൽഹി സിനിമയുടെ പിന്നാമ്പുറ കഥകളും,മനോരമയിലെ ഫോട്ടോഗ്രാഫറായ വിക്ടർ ജോർജ്ജുമായുള്ള ബന്ധവും അങ്ങനെയങ്ങനെ സംഭവബഹുലമായ എത്രയെത്ര വിശേഷങ്ങൾ. ന്യൂഡൽഹി സിനിമയുടെ ഹിന്ദി റീമേക്കിനുള്ള അവകാശം ചോദിച്ചു വന്ന സാക്ഷാൽ രജനികാന്തിനെ മടക്കി അയക്കേണ്ടിവന്നതും,ഇളയരാജയുടെ യും ദേവരാജൻ മാഷിന്റെയും പാട്ടു ബുക്ക് ചെയ്യാൻ ആദ്യമായി പോയപ്പോഴുണ്ടായ സംഭവങ്ങളും,ഒരു ദിവസം രാത്രി സാലുക്കയുടെ കൂടെ കയറി വന്നു മനോഹരമായി പാടി അമ്പരിപ്പിച്ച മനുഷ്യൻ മെഹ്ബൂബ് ആയിരുന്നെന്നറിഞ്ഞപ്പോഴത്തെ ഞെട്ടലും സാഹിത്യഭാഷയുടെ മേമ്പൊടിയില്ലാതെ ഡെന്നിസ് ജോസഫ് നമുക്ക് മുൻപിൽ അവതരിപ്പിക്കുന്നു. തന്റെ സിനിമയിലൂടെ വന്നു പിന്നീട് പ്രശസ്തരായ എൻ എഫ് വർഗീസ്, രാജൻ പി ദേവ് തുടങ്ങിയവരുമായുള്ള സ്നേഹബന്ധവും, അവരുടെ വേർപാടും, പ്രേം നസീർ ആദ്യമായി സംവിധാനം ചെയ്യാൻ തീരുമാനിച്ച സിനിമയ്ക്ക് വേണ്ടി കഥ എഴുതികൊടുക്കാൻ തന്നെ സമീപിച്ചതും, തന്നെ ഞെട്ടിച്ച നസീറിന്റെ പെരുമാറ്റവും  പുസ്തകത്തിൽ പിന്നാലെ കടന്നുവരുന്നു. സിനിമയിൽ തിരക്കുള്ള എഴുത്തുകാരനായി വിലസുന്ന നേരത്ത്, മുൻപ് തന്റെ ആദ്യ സിനിമയായ ഈറൻസന്ധ്യയുടെ തിരക്കഥ കൊള്ളില്ലെന്നു പറഞ്ഞു തന്നെ ഒഴിവാക്കിയ ജെസിക്കു വേണ്ടി എഴുതില്ല എന്ന് പറഞ്ഞത് തെറ്റ് തന്നെയാണെന്ന്‌ ഒരു മടിയും ജാഡയുമില്ലാതെ തുറന്നു സമ്മതിക്കുന്ന ഒരു ഡെന്നിസ് ജോസഫിനെയും ഈ പുസ്തകത്തിൽ കാണാം.
ജീവിതവും സിനിമയും നിറഞ്ഞു  നിൽക്കുന്ന ഈ ഓർമ്മകുറിപ്പുകളിൽ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം തന്നെയാണ്  ഡെന്നിസ് ജോസഫ് ‌ നമുക്ക് മുൻപിൽ വിളമ്പുന്നത്. അതിൽ മമ്മൂട്ടിയും ,മോഹൻലാലും, പ്രേം നസീറും, രാജൻ പി ദേവും, ജോഷിയും, ജെസ്സിയും ,എൻ എഫ് വർഗീസും, പദ്മരാജനും, ഭരതനും,തമ്പി കണ്ണന്താനവും ,വിൻസെന്റും , ദേവരാജൻ മാസ്റ്ററുമൊക്കെ ഒരു സിനിമാ റീലുപോലെ കടന്ന് പോകുന്നു. പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് വി ആർ സുധീഷ് ആണ്.

Leave a comment