നാഗലോകത്തെ കഥകളുമായി നാഗഫണം

 

പുരാണങ്ങളിൽ നിന്നും ഇതിഹാസങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ട്   ഒരു പിടി നല്ല കൃതികൾ മലയാളമുൾപ്പെടെയുള്ള പലഭാഷകളിലും  പിറന്നു വീണിട്ടുണ്ട്. അതിന്റെയെല്ലാം കണക്കെടുക്കുക അല്പം  ശ്രമകരമായ സംഗതിയാണ്. അത്രയ്ക്കുണ്ട് അതിന്റെ ബാഹുല്യം.
എങ്കിൽകൂടിയും ഇത്തരം കൃതികളെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മുടെ നാവിൻ തുമ്പിൽ വന്നു നിൽക്കുന്ന പുസ്തകങ്ങളിൽ ഒന്ന് തീർച്ചയായും എം ടി യുടെ രണ്ടാമൂഴം ആയിരിക്കും. പി കെ ബാലകൃഷ്ണന്റെ ഇനി ഞാനുറങ്ങട്ടെ, വി.എസ്. ഖാണ്ഡേക്കറുടെ യയാതി, ശിവാജി സാവന്തിന്റെ കർണ്ണൻ,ഇരാവതി കാർവെയുടെ യുഗാന്ത അങ്ങനെയങ്ങനെ നീണ്ടു പരന്നു കിടക്കുകയാണ് ഇത്തരം പുസ്തകങ്ങൾ.
ഇവയുടെയെല്ലാം ഒരു പൊതുസ്വഭാവം നിരീക്ഷിച്ചാൽ ,മൂലകൃതിയിൽ നിന്നും ഒരു കഥാപാത്രത്തെ പറിച്ചെടുത്തുകൊണ്ടു അവരുടെ കാഴ്ചപ്പാടിൽ കഥയെ മുന്നോട്ടുകൊണ്ട് പോകുന്ന രീതിയാണ് മിക്കതിലും അവലംബിച്ചിട്ടുള്ളതെന്ന് കാണാം . രസകരമായ ഒരു സംഗതി കൂടി പറയട്ടെ , മൂലകൃതി വായിക്കാത്ത ഒരു വിഭാഗം വായനക്കാർ ഇത്തരം കൃതികൾ മാത്രം വായിച്ച്  മഹാഭാരതതത്തിലെയും , രാമായണത്തിലെയും കഥാപാത്രങ്ങളുടെ മേന്മയെക്കുറിച്ചും, സ്വഭാവ വിശേഷണങ്ങളെ കുറിച്ചും വിലയിരുത്തുന്നത് കണ്ടിട്ടുണ്ട്.
അത്തരത്തിൽ മഹാഭാരതത്തിൽ  നിന്നും കടമെടുത്ത ഒരു സംഭവത്തെ ആസ്പദമാക്കി രാജീവ് ശിവശങ്കർ എഴുതിയ ഒരു നോവലാണ് നാഗഫണം. പാപങ്ങളും ശാപങ്ങളും നിറഞ്ഞ മഹാഭാരതകഥയിലെ കുരുക്ഷേത്ര യുദ്ധമെല്ലാം കഴിഞ്ഞു ജനമേജയൻ രാജ്യം ഭരിക്കുമ്പോൾ നടന്ന സംഭവങ്ങളാണ്  നോവലിന്റെ ഇതിവൃത്തം.
അർജുനന്റെ പൗത്രനും ,അഭിമന്യുവിന്റെ മകനുമായ പരീക്ഷിത് വാഴുന്ന മണ്ണിൽ ഹസ്തിനപുരിയിൽ തന്നെയാണ് ഈ കഥയും  നടക്കുന്നത്.
നായാട്ടിൽ താല്പരനായ പരീക്ഷിത്ത് അത്തരമൊരു നായാട്ടിനിടെ  തന്റെ ചോദ്യത്തിനുത്തരം തരാതെ തപസ്സനുഷ്ഠിച്ചു കൊണ്ടിരുന്ന ശമീക മുനിയുടെ ദേഹത്തു ഒരു ചത്ത പാമ്പിനെ  കോരിയിട്ടതോടെ ശാപങ്ങളുടെ കഥ ആരംഭിക്കുകയായി. തന്റെ പിതാവിന്റെ ദേഹത്തു ഈ അതിക്രമം കാണിച്ചവനെ മകൻ ഗവിജാതൻ ശപിച്ചുകളഞ്ഞു, അച്ഛനെ നിന്ദിച്ചവർ അതാരായാലും ഏഴുനാളിനകം പാമ്പു കടിയേറ്റു മരിക്കും.  ശാപത്തെ കുറിച്ചറിഞ്ഞ രാജാവ് സാധ്യമായ തരത്തിലുള്ളതും ,എന്നാൽ അസാധാരണമായ രീതിയിലുള്ള  പ്രതിരോധ കോട്ടകളും,മാർഗ്ഗങ്ങളും പരീക്ഷിച്ചെങ്കിലും ശാപം ഫലിക്കുകയാണുണ്ടായത്.
ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്.പ്രതികൂല സാഹചര്യങ്ങളിൽ ബുദ്ധിപൂർവമായ തീരുമാനങ്ങൾ കൈക്കൊള്ളാനും സ്വബോധം നഷ്ടപെട്ട രാജാവിന് വേണ്ട നടപടികൾ സ്വീകരിക്കാനുമുള്ള ബുദ്ധി ഉപദേശിക്കുന്നതും, പദ്ധതികൾ നടപ്പിലാക്കാൻ മുന്നിട്ടിറങ്ങുന്നതും രാജാവിന്റെ ഭാര്യ മാദ്രവതിയാണ്. മാദ്രവതിയുടെ മുന്നൊരുക്കങ്ങളാണ് യഥാർത്ഥത്തിൽ നമ്മൾ  കാണുന്ന സമുദ്രത്തിനു നടുവിലെ ഒറ്റക്കാലിൽ തീർത്ത ആ പ്രതിരോധക്കോട്ട.
ആ അകാലമരണത്തിന്റെ ഉള്ളറരഹസ്യങ്ങൾക്കു  അധിക കാലം ആയുസ്സുണ്ടായിരുന്നില്ല.  പരീക്ഷിത്തിന്റെ മകൻ ജനമേജയൻ അതറിഞ്ഞപ്പോൾ തന്റെ അച്ഛനെ കൊന്നവരുടെ വംശം മുടിപ്പിക്കാൻ ഇറങ്ങി തിരയുന്നതോടെ ചരിത്രം വീണ്ടും അവർത്തിക്കുകയാണെന്നുള്ള ഒരു ധ്വനി നാടെങ്ങും പരന്നു. ഈ പ്രതികാരനടപടികൾ തുടങ്ങുന്നതോടെ വ്യാസനുൾപ്പെടയുള്ള മഹാരഥൻമാർ രംഗത്തു പ്രവേശിക്കുന്നുണ്ട്.നാഗലോകത്തെ അനന്തനും,കാർക്കോടകനും,വാസുകിയും,തക്ഷകനും ഓരോരോ സഹചര്യങ്ങളിലായി നമ്മുടെ മുന്നിലേക്കെത്തുന്നുണ്ട്.
ചതിയും,പ്രതികാരവും,തിരിച്ചറിവുകളും, പാഠങ്ങളുമായി നോവൽ  മുന്നോട്ടു പോകുന്നു. എല്ലാമറിയുന്ന മഹാകാവ്യത്തിന്റെ രചയിതാവിനും ജനമേജയനു വെളിപാടോതി കൊടുക്കുന്നതിൽ കാര്യമായ പങ്കുണ്ട്. രാജാവിന് മഹാഭാരത കഥ മുഴുവനായി പറഞ്ഞുകൊടുക്കുന്നതും യാഗം നടക്കുന്നതിനിടയിലാണല്ലോ. പരീക്ഷിതം എന്നും ജനമേജയം എന്നും രണ്ടു ഭാഗങ്ങളിലായി പതിനെട്ടു അധ്യായങ്ങളിലൂടെ നമുക്ക് മുൻപിൽ വിസ്മയച്ചെപ്പു തുറന്നിടുകയാണ് രാജീവ് ശിവശങ്കർ. രാജ്യഭരണത്തിലും തീരുമാനങ്ങൾ കൈകൊള്ളുന്നതിലും സ്ത്രീകൾ ഒട്ടും പിന്നിലല്ല എന്ന് കാണിച്ചു തരുന്നുമുണ്ട് മാദ്രവതി എന്ന കഥാപാത്രം.
സാഹിത്യചർച്ചകളിലെ വെള്ളി വെളിച്ചത്തിൽ അധികം കാണാത്ത മുഖമാണ് രാജീവ് ശിവശങ്കറിന്റേത്. വളരെ  കുറഞ്ഞ വർഷങ്ങൾക്കിടയിൽ എണ്ണം പറഞ്ഞ നോവലുകൾ നമുക്ക് സമ്മാനിച്ച എഴുത്തുകാരനാണ് രാജീവ്.തിരക്കിട്ട പത്രപ്രവർത്തനത്തിനിടയിലും കഴമ്പുള്ള നോവലുകൾ ഓരോന്നായി അദ്ദേഹത്തിന്റേതായി പുറത്തുവന്നുകൊണ്ടിരിക്കുന്നു എന്നുള്ളത് വായനകാർക്ക് ആവേശം പകരുന്ന ഒന്നാണ്.അദ്ദേഹത്തിന്റെ നോവലുകളിലെ പേരുകൾക്കും ഒരു വ്യത്യസ്തത കാണാം. തമോവേദം,കുഞ്ഞാലിത്തിര,പുത്രസൂക്തം,കലിപാകം,പെണ്ണരശ്,പ്രാണസഞ്ചാരം, കൽപ്രമാണം, മറപൊരുൾ,ദൈവമരത്തിലെ ഇല ,ഗൂഡം ഇങ്ങനെ പോകുന്നു പേരുകൾ.
നാഗഫണം പുറത്തിറക്കിയിരിക്കുന്നത് ഡിസി ബുക്സ് ആണ് , വില 199 രൂപ.

Leave a comment