പ്രശസ്ത പോലീസ് ഉദ്യോഗസ്ഥനായ ജോർജ്ജ് ജോസഫ് മണ്ണൂശ്ശേരി(റിട്ടയർഡ് എസ്. പി) യുടെ ഏറ്റവും പുതിയ പുസ്തകമാണ് പൂച്ചെടിവിള സുകുമാരൻ. പുസ്തകത്തെ കുറിച്ച് പറയുമ്പോൾ സഫാരി ചാനലിലെ ഇദ്ദേഹത്തിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയെ പരാമർശിക്കാതെ തരമില്ല. അറുപതോളം എപ്പിസോഡുകളിൽ കൂടി നിരവധി കുറ്റാന്വേഷണ സംഭവങ്ങൾ അദ്ദേഹം അതിലൂടെ പങ്കുവെയ്ക്കുകയുണ്ടായി . പൂർണ്ണ പബ്ലിക്കേഷൻ മൂന്നു ഭാഗങ്ങളിലായി ഏതാനും ചില കേസുകളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടു പുസ്തകങ്ങളും ഇറക്കിയിരുന്നു. എങ്കിലും വായനക്കാർ അദ്ദേഹത്തിന്റെ പുതിയ പുസ്തകങ്ങൾക്കായി ആകാംക്ഷാപൂർവം കാത്തിരിക്കുന്നുണ്ടെന്നു തോന്നിയതിനാലാകാം ക്രൈം ഡയറി സീരീസ് പോലെ മാതൃഭൂമി അദ്ദേഹത്തിന്റെ പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ക്രൈം ഡയറി പരമ്പരയിലെ ആദ്യ പുസ്തകം എന്നാണ് മാതൃഭൂമി പറഞ്ഞിരിക്കുന്നത്. എങ്കിൽ ഇതിന്റെ തുടർഭാഗങ്ങൾ പിന്നാലെ വരുന്നുണ്ടാകാം.
സഫാരി ചാനലിൽ വിവരിച്ചുള്ള സംഭവങ്ങൾ തന്നെയാണ് ഈ പുസ്തകത്തിലുമെങ്കിലും കഥ പറയുന്ന രീതി എല്ലാവർക്കും ഇഷ്ടപ്പെടും. പുസ്തകത്തിന്റെ ആദ്യഭാഗങ്ങൾ അദ്ദേഹത്തിന്റെ തന്നെ ജീവ ചരിത്രമാണ്, പുസ്തകത്തിന്റെ സിംഹഭാഗവും അത് കയ്യടക്കിയിരിക്കുന്നു. ഈ പുസ്തകത്തിൽ പൂച്ചെടിവിള സുകുമാരനും, കാളവാസുവും ,സീരിയൽ കില്ലറും ,തമിഴ്‌പുലിയുമൊക്കെ കടന്നു വരുന്നു. മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
