ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം മലയാളത്തിൽ നിന്നുമാണ്.

ഭാരതീയ ഭാഷകളിലെ ആദ്യത്തെ യാത്രാവിവരണ പുസ്തകം എന്ന ബഹുമതി  പാറേമ്മാക്കൽ ഗോവർണദോർ  എന്നറിയപ്പെടുന്ന പാറേമ്മാക്കൽ തോമാ കത്തനാർ എഴുതിയ  വർത്തമാനപുസ്തകം എന്ന കൃതിയ്ക്കാണ്.ഇതിനെ ഒരു മുഴുവൻ സമയ യാത്രാവിവരണ പുസ്തകമായി കണക്കാൻ കഴിയില്ല എന്ന് ആദ്യമേ പറയട്ടെ.  നസ്രാണി സഭയുടെ വിദേശ മേല്‍ക്കോയ്മയും, ചൂഷണങ്ങളും സ്വയം ഭരണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളും സംഘര്‍ഷങ്ങളുമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. 

മലയാളത്തിൽ എഴുതിയ ആദ്യത്തെ യാത്രാവിവരണം വർത്തമാനപുസ്തകമാണെങ്കിലും ,മലയാളത്തിൽ  അച്ചടിച്ച ആദ്യത്തെ യാത്രാ പുസ്തകം ഇതല്ല . അതിന്റെ ബഹുമതി 1895 ൽ അച്ചടിച്ച പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗീ വർഗ്ഗീസ് മാർ ഗ്രിഗോറിയസിന്റെ  ഉർസ്ലോം യാത്ര വിവരണമാണ്. വർത്തമാനപുസ്തകം അച്ചടിച്ചതായി പറയപ്പെടുന്നത് 1936 ലാണ്. 

പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിലുകളിൽ  കൃത്യമായി പറഞ്ഞാൽ 1778 ൽ  കരിയാറ്റില്‍ മല്പാനുമൊത്ത് തോമാ കത്തനാർ  റോമിലേക്കു നടത്തിയ സാഹസികമായ ഒരു യാത്രയുടെ ഓര്‍മക്കുറിപ്പുകളാണ്  വർത്തമാനപുസ്തകം എന്ന ഈ  പുസ്തകത്തിലുള്ളത്. തോമാ കത്തനാർ കൊടുങ്ങല്ലൂർ രൂപതയിൽപ്പെട്ട കടനാട്‌ ഇടവകയുടെ വികാരിയായിരുന്നു. 

ഭാരതത്തിലെ സുറിയാനി ക്രൈസ്തവരുടെ കാര്യം റോമില്‍ മാർപാപ്പയെ അറിയിക്കാനായാണ് അവർ യാത്ര തുടങ്ങുന്നത്. അതിനു അവരെ നയിച്ച സംഭവങ്ങളുടെ വിശദമായ വിവരങ്ങൾ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ചുരുക്കത്തിൽ അത്തരം സംഭവ വിവരങ്ങളാണ് യാത്ര വിവരണത്തെക്കാൾ പുസ്തകത്തിൽ ഏറെയും ഉള്ളത്. ചരിത്രത്തിൽ നമ്മൾ കേട്ട് പരിചയപ്പെട്ടിട്ടുള്ള കൂനൻ കുരിശു സത്യം എന്തായിരുന്നു, കൂനൻ കുരിശു സത്യവും മട്ടാഞ്ചേരി പള്ളിയും തമ്മിൽ എന്ത് ബന്ധം എന്നിങ്ങനെയുള്ള വിശദാംശങ്ങൾ പുസ്തകത്തിന്റെ ആദ്യഭാഗങ്ങളിൽ ഉണ്ട്. അതുപോലെ തന്നെ ആരാണ് പുത്തൻ കൂറ്റുകാർ , അവരെ എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത് ,ആരാണ് ഇടത്തൂട്ടുകാർ എന്നൊക്കെ മനസ്സിലാക്കാൻ ഈ പുസ്തകം നമ്മെ സഹായിക്കും.സുറിയാനി ക്രൈസ്തവർ നേരിട്ട അവഗണനയ്ക്കും കഷ്ടതകൾക്കും പരിഹാരം കണ്ടെത്താനാണന് മല്പാനും തോമ കത്തനാരും  യാത്ര തിരിക്കുന്നത്. 

യാത്ര വിവരണമായാണ് ഈ പുസ്തകമെഴുതിയതെങ്കിലും കേരളത്തിലെ ക്രിസ്ത്യാനികളുടെ ആത്മാഭിമാനത്തെ ഉയർത്തുക എന്ന ലക്‌ഷ്യം അതിനു പിന്നിൽ ഉണ്ടായിരുന്നു.വളരെ പ്രാചീനമായ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിനു അക്കാലഘട്ടത്തിൽ സംഭവിച്ച അടിമത്തവും ദൈന്യവും പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. പുസ്തകത്തിന്റെ 14, 15,16 അധ്യായങ്ങളും, 17 ആം അധ്യായത്തിന്റെ ആദ്യഭാഗവും മൂലകൃതിയിൽ  നിന്നും നഷ്ട്ടപെട്ടിട്ടുണ്ട്. എങ്കിലും 47 ആം അധ്യായത്തിൽ 15,16 അദ്ധ്യായങ്ങളിലുള്ള 2 എഴുത്തുകളെ കുറിച്ച് പരാമർശമുണ്ട്. അധ്യായം 72 ലും കുറച്ചു ഭാഗങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. 

റോമിലേക്കുള്ള കപ്പൽ യാത്ര തുടങ്ങുന്നത് മദ്രാസിൽ  നിന്നാണ്. അവിടേക്കുള്ള യാത്രക്കിടയിൽ ഉദയഗിരിക്കോട്ടയിലെത്തി മാർത്താണ്ഡ വർമ്മയുടെ ആർമി കേപ്റ്റൻ ആയിരുന്ന ഡിലനോയുടെ ഭാര്യയെയും,മകളെയും,മകളുടെ പ്രതിശ്രുത വരനെയും കണ്ടു സ്‌നേഹം പങ്കിട്ടതിനെക്കുറിച്ചും പറയുന്നുണ്ട്. അപ്പോൾ  ഡിലനോയ് മരിച്ചിട്ടു ഒരു വർഷം കഴിഞ്ഞിരുന്നു.വളരെ പ്രതിബന്ധങ്ങൾ സഹിച്ചാണ് കപ്പൽ യാത്ര തുടങ്ങുന്നതും.1778 നവംബർ മാസം 14 ന് കപ്പലിൽ കയറിയെങ്കിലും പിന്നെയും 5 ദിവസം കഴിഞ്ഞാണ് യാത്ര തുടങ്ങുന്നത്. യാത്ര വിവരണങ്ങളുടെ ശെരിക്കുമുള്ള തുടക്കം ഇവിടെ നിന്നാണെന്ന് വേണമെങ്കിൽ പറയാം. 1779 ഫെബ്രുവരി 7  നു ആഫ്രിക്കയിലെ വെൻഗെല തുറമുഖത്തു നങ്കൂരമിടേണ്ടി  വന്നു. അന്നത്തെ കാലത്തേ മോനെത്ത ,സകൂതി, കർസാദ  തുടങ്ങിയ നാണയങ്ങളുടെ പേരുകൾ ഇപ്പോൾ കേൾക്കുമ്പോൾ കൗതുകം തോന്നുക സ്വാഭാവികം മാത്രം. റോമിലെയും ഇറ്റലിയിലെയും വിവരങ്ങൾ നല്ല രീതിയിൽ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1780 ൽ ജൂൺ 20 നു റോമിൽ നിന്നും മടക്കയാത്രക്കുള്ള ശ്രമങ്ങൾ ആരംഭിക്കുന്നുണ്ടെങ്കിലും 1786 മേയ്‌ ഒന്നിനാണു ആ യാത്ര അവസാനിക്കുന്നത്. നീണ്ട പതിനൊന്നു വർഷങ്ങൾ എടുത്തു ആ യാത്രക്കെന്നു ചുരുക്കം. 

ക്വാറന്റൈൻ എന്ന വാക്കു നമ്മൾക്കിപ്പോൾ സുപരിചിതമാണല്ലോ. എന്നാൽ ക്വാറന്റൈൻ എന്ന വാക്ക്   മലയാളത്തിൽ ആദ്യമായി  ഉപയാഗിച്ചത് ഈ വർത്തമാനപ്പുസ്തകത്തിലാണ്. ജനോവ യിലെത്തിക്കഴിയുമ്പോൾ ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നതിനെ കുറിച്ചും എന്താണ്  ക്വാറന്റൈൻ എന്നും തോമാ കത്തനാർ ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. യൂറോപ്പിയൻ രാജ്യങ്ങളിൽ തുറമുഖത്തോട് ചേർന്ന് ലാസറേത്ത എന്നു പറയുന്ന ഒരു മന്ദിരം പണികഴിപ്പിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ നിന്നും വരുന്നവർ വസൂരി പോലുള്ള പകർച്ച വ്യാധികൾ പകർത്താതിരിക്കാൻ നാല്പതു ദിവസങ്ങൾ  ഈ മന്ദിരങ്ങളിൽ താമസിക്കണമെന്ന നിയമമുണ്ടായിരുന്നു അക്കാലത്ത്. ഇതാണ് ക്വാറന്റൈൻ എന്നറിയപ്പെടുന്നത് എന്നാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. 

മടക്കയാത്രയിൽ മൗറീഷ്യസ് കഴിഞ്ഞു കാണുന്ന ചെല്ലമെന്ന ദ്വീപിലെത്തുമ്പോഴേക്കും ഭക്ഷ്യസാധനങ്ങൾ തീർന്ന് കുറെ പേർ മരിച്ചെന്നു പറയുന്നുണ്ട്. പഴയ സിലോണിനെ ആണ് ചെല്ലം എന്നു വിളിച്ചതെന്ന് തോന്നുന്നു.  

പോർച്ചുഗലിൽ വച്ച് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട കരിയാറ്റിൽ‍ മല്പ്പാൻ മടക്കയാത്രയുടെ അവസാനം ഗോവയിൽ വച്ച് സംശയാസ്പദമായ സാഹചര്യത്തിൽ മരണപ്പെട്ടു.യാത്ര  കഴിഞ്ഞ് മടങ്ങിയെത്തിയ തോമ്മാക്കത്തനാർ മരണപ്പെട്ട  കരിയാറ്റില്‍ മല്പാനെഴുതിയ കത്തിൽ പറഞ്ഞ പ്രകാരം , ഗോവർണ്ണദോർ എന്ന സ്ഥാനപ്പേരോടെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയനേതാവായി മാറി. കാരിയാറ്റിലിന്റെ മരണം ദുരൂഹമായി അവശേഷിക്കുന്നു. ഈ പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി  എഴുതിയ ഒരാളുടെ കുറിപ്പു പ്രകാരം കാരിയാറ്റിലിന്റെ മരണത്തെ കുറിച്ച്  ചോദിച്ചാൽ തോമാ കത്തനാർ കരയുകയല്ലാതെ ഒന്നും പറയുന്നില്ല എന്ന് ചോദിച്ചവരൊക്കെ പറയുന്നു എന്നെഴുതി വച്ചിട്ടുണ്ട്. 

ടിപ്പു സുൽത്താന്റെ പടയോട്ടത്തിന്റെ ഘട്ടത്തിൽ  തോമാ കത്തനാരായിരുന്നു  സുറിയാനി കത്തോലിക്കരുടെ അത്മീയാധികാരി ആയി ഇരുന്നിരുന്നത്. ഹിന്ദുമതത്തിൽ നിന്ന് ക്രിസ്തുമതത്തിലേയ്ക്ക് മതം  മാറുകയും ഒടുവിൽ രാജാവിന്റെ കല്പന പ്രകാരം വെടിവെച്ചുകൊല്ലപ്പെട്ട  ദേവസഹായം പിള്ളയുടെ കാര്യവും  ഇതിൽ പ്രതിപാദിക്കുന്നുണ്ട്. 

1799 മാർച്ച് 20-ന് തോമാ കത്തനാർ  അന്തരിച്ചു. രാമപുരം പള്ളിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. 1936-ൽ തോമ്മാക്കത്തനാരുടെ ഭൗതികാവശിഷ്ടം വീണ്ടെടുത്ത് രാമപുരത്തെ പുരാതനമായ വിശുദ്ധ ആഗസ്തീനോസിന്റെ  പള്ളിയിൽ വീണ്ടും അടക്കി . 1773 മുതല്‍ 1786 വരെയുള്ള കാലഘട്ടത്തിലെ  കേരളത്തെയും അവർ സഞ്ചരിച്ച നാടുകളുടെയും വിവരങ്ങൾ ഈ പുസ്തകത്തിലൂടെ നമുക്ക് മുന്നിൽ തെളിയുന്നു.  കപ്പലിലെ ഒരു അനുഭവം വച്ച് ഇംഗ്ളീഷുകാർ പിടിച്ചുപറിക്കാർ ആണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. 

“യൂറോപ്പിൽ ആരെങ്കിലും മറ്റുള്ളവരെക്കാൾ ഏതെങ്കിലും കാര്യത്തിൽ മിടുക്കു കാണിച്ചാൽ അയാൾ ജീവിച്ചിരിക്കുന്ന കാലത്തു തന്നെ അംഗീകരിച്ചു ബഹുമാനിക്കും. അയാൾ മരിച്ചു കഴിഞ്ഞാൽ ഓർമ്മ നിലനിർത്തുവാൻ ചിത്രങ്ങൾ എഴുതിയോ പ്രതിമകൾ നിർമിച്ചോ പ്രതിഷ്ഠിക്കും”. ലിസ്ബണിൽ വച്ച്   അദ്ദേഹം എഴുതിയതാണ് മേല്പറഞ്ഞത്. മരിച്ചു കഴിഞ്ഞാൽ മാത്രം  അംഗീകാര ബഹുമതികളുടെ  ഔദാര്യമൊഴുക്കാൻ മത്സരിക്കുന്ന മലയാളികൾ തന്നെയായിരുന്നു അക്കാലത്തും ഉണ്ടായിരുന്നത് എന്നായിരുന്നവോ അദ്ദേഹം സൂചിപ്പിക്കാൻ ശ്രമിച്ചത് ?

408  പേജുകളുള്ള ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഡിസി ബുക്ക്സ് ആണ്

Leave a comment