ഓർമകളുടെ മഷി പുരണ്ട പുസ്തകങ്ങൾ നമ്മെ കാലത്തിനു പുറകോട്ടു കൊണ്ടുപോയിട്ടില്ലേ? അവ വായിച്ചു ചിലതു നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും , ചിലതു കണ്ണീരുപ്പിന്റെ രുചി നുണയിപ്പിക്കുകയും മറ്റു ചിലതു നിസ്സംഗതയോടെ ഇരുത്താനും ഇട വരുത്തിയിട്ടില്ലേ ? ഒരാൾ എഴുതിയ ഓർമ്മക്കുറിപ്പുകൾ ,അത് വായിക്കുന്നവർക്ക് എഴുതിയ ആളിന്റെ മനോവികാരവും , പരിസരവും കുറച്ചെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ ചിലപ്പോൾ നനഞ്ഞ പടക്കമായേക്കാവുന്ന ഒരു വിഭാഗമാണ് ഓർമ്മകുറിപ്പെഴുത്ത്. എനിക്ക് നൊസ്റ്റാൾജിയ ഉണ്ടാക്കിയ ഒരു സംഗതി ,മറ്റൊരാൾക്കും അതെ ഗതി ഉണ്ടാക്കുമെന്നു പ്രതീക്ഷിക്കാൻ കഴിയില്ലല്ലോ. നൊസ്റ്റാൾജിയ ഉണ്ടാക്കിയില്ലെങ്കിലും രസകരമായി വായിച്ചുപോകാനും , അവരുടെ ഓർമ്മത്താളുകളിലെ കാലത്തേക്ക് അവരോടൊപ്പം ഊളയിട്ടിറങ്ങാനും ഒരു പുസ്തകത്തിനു കഴിയുന്നുണ്ടെങ്കിൽ ആ പുസ്തകം വിജയിച്ചു എന്ന് പറയാം. വളരെ അപ്രീതിക്ഷിതമായാണ് സജ്‌ന ഷാജഹാന്റെ ഞാവൽപ്പഴമധുരങ്ങൾ എന്ന പുസ്തകത്തെക്കുറിച്ചു അറിയാനിടയായത്.
ഈ പുസ്തകം നമ്മെ ഗുരുവായൂരിലെ പെരുന്തട്ട ശിവക്ഷേത്രത്തിനടുത്തേക്കും ,അവിടെയുള്ള കിഴക്കേപ്പാട്ട് വാര്യത്തേക്കും, ആ വാര്യത്തെ കുടുംബത്തോടൊപ്പം തനറെ ബാല്യം കഴിച്ചുതീർത്ത കുരുവി എന്നു വിളിക്കുന്ന കുഞ്ഞു പെൺകുട്ടിയുടെ ഒരു പിടി ഓർമ്മകളിലേക്കും കൂട്ടികൊണ്ടു പോകും, പിറന്നു വീണ വീടിനേക്കാൾ കൂടുതലായി വാര്യത്തെ ആ കുടുംബത്തിലെ ഒരു അംഗത്തെപോലെ എങ്ങനെ നിറഞ്ഞാടി എന്ന് നമുക്ക് മനസ്സിലാകും, എങ്ങനെയാണ് എല്ലാവർക്കും വേണ്ടപ്പെട്ട ‘കുരുവി’ ആയതെന്നു മനസ്സിലാകും. മതത്തിന്റെ വേലികൊണ്ടു ആളുകളെയും പ്രവർത്തികളെയും വേർതിരിച്ചു നിർത്തുന്ന ഈ കെട്ട കാലത്തു നിന്നും വിഭിന്നമായി അത്തരം അസ്കിതകളൊന്നുമില്ലാതെ അവരുടെ കുട്ടിക്കാലം എത്ര സുന്ദരമായി ആഘോഷിച്ചു എന്ന് നമ്മുക്ക് മനസ്സിലാകും, അതും ലളിത സുന്ദരമായ ഭാഷയിൽ തന്നെ.
പുസ്തകം വായിച്ചു മടക്കുമ്പോൾ സന്തോഷവും ,ദുഃഖവും, നഷ്ടപ്പെടലുകളും,വേർപാടുകളുമൊക്കെയായി സംഭവ ബഹുലമായ ഒരു കുട്ടികാലം നമുക്ക് മുന്നിൽ തെളിയും.
അഹം ഒട്ടുമേ തീണ്ടാത്ത അതിമനോഹരമായ ജീവിതക്കുറിപ്പുകൾ എന്ന് അവതാരികയിൽ അഷ്ടമൂർത്തി എഴുതി കണ്ടു. അദ്ദേഹത്തിന്റെ വാക്കുകൾ കടമെടുത്തുകൊണ്ടു തന്നെ പറയട്ടെ ഭാഷയിൽ കവിതയുള്ള കഥ പോലെ വായിക്കാവുന്ന ഒന്ന് തന്നെയാണ് ഈ പുസ്തകം. ലോഗോസ് ബുക്ക്സ് ആണ് പുസ്തകം ഇറക്കിയിരിക്കുന്നത്.
