ആഗ്രയിലെ ഫത്തേഹാബാദ് ബാങ്കിലെ ജനറൽ മാനേജറാണ് രാമനാഥൻ. ഒരു ദിവസം ആ ബാങ്കിലെ മുഖ്യ ഇടപാടുകാരനും വലിയ ധനികനുമായ ഷാസാബാദിലെ രാജാവ് അവിടേക്ക് നേരിട്ട് വന്ന് അയാളോട് ഒരു രഹസ്യം വെളിപ്പെടുത്തുന്നു. തനിക്കു വന്ന ഭീഷണി കത്ത് രാമനാഥനെ കാണിക്കുന്നു. രാജാവ് അമൂല്യമായ രത്നങ്ങൾ ബാങ്കിന്റെ അതീവ സുരക്ഷയുള്ള ലോക്കറിൽ നിക്ഷേപിച്ചു മടങ്ങുന്നു. എന്നാൽ മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ കേട്ട വാർത്ത കണ്ട് രാമനാഥൻ ബോധം കേട്ടു വീഴുന്നു. രാജാവു കൊല്ലപ്പെട്ടതുമാത്രമായിരുന്നില്ല ബോധം കെടാൻ കാരണം . അതീവ സുരക്ഷയുള്ള അ ലോക്കറിൽ നിന്നും ആ അമൂല്യ രത്നങ്ങളും മോഷ്ടിക്കപ്പെട്ടിരിക്കുന്നു. പോലീസ് സൂപ്രണ്ട് കേമിൽ കേസന്വേഷണം ആരംഭിക്കുന്നു. എന്നാൽ കേസന്വേഷണം തുടങ്ങുന്ന കേമിലിന് പിന്നീട് കിട്ടുന്ന വാർത്ത ലക്നൌ വിലെ പ്രഭു കുടുംബത്തിലെ ഭാനുബീഗത്തിന്റെ കൊലാപതകമാണ്. അവരുടെ വലിയ സംഖ്യ വരുന്ന സമ്പാദ്യവും മോഷ്ടിക്കപ്പെട്ടിരുന്നു.
കൂടത്തായി കൊലപാതക കേസിലെ പോലെ അടച്ചിട്ട ഒരു മുറിയിൽ വെച്ചാണ് പോലീസുകാർ മൃതദേഹം കണ്ടെത്തുന്നത്. പുറത്തു നിന്നു ആരും വന്നതായി ഒരു അടയാളവുമില്ല. അകത്തു നിന്നും വാതിൽ അടച്ചിട്ട നിലയിൽ ആരാണ് അത് ചെയ്തതെന്നല്ല ഇൻസ്പെക്ടർ ആദ്യം ആലോചിച്ചത്? എങ്ങനെ അത് ചെയ്തു എന്നാണ്!
നേപ്പാളിലെ പ്രഭു കുടുംബത്തിലെ കാമിനീദേവിയുമായി ബന്ധപ്പെട്ട കേസാണ് കേമിലിന് അടുത്തത് കിട്ടുന്നത്. ഏകദേശം ഒരു കോടി വിലപ്പിടിപ്പുള്ള ആഭരണങ്ങൾ നേപ്പാൾ അതിർത്തി വരെ സുരക്ഷിതമായി കൊണ്ട് പോകാൻ സഹായമഭയർഥിച്ചു കൊണ്ട് കാമിനീദേവി ഇൻസ്പെക്ടറേ നേരിട്ട് സമീപിച്ചു. ഇത്രയും ഭീഷണി നിലനിൽക്കുന്നതിനാൽ അവർക്കു പോകാൻ വേണ്ടി പ്രത്യേകം റിസേർവ് ചെയ്ത കംപാർട്മെന്റ് തന്നെ കേമിൽ ഒരുക്കി,കൂടെ അപസർപ്പക വിദഗ്ധരായ രണ്ടുപേരെയും. എന്നാൽ അത്രയും സുരക്ഷ ഒരുക്കിയിട്ടും അവരുടെതും അതി വിദദ്ധമായി കൊള്ളയടിക്കപ്പെട്ടു.
എല്ലാ കൃത്യങ്ങളും നടന്ന സ്ഥലത്തു നിന്നും കിട്ടുന്ന ചെമന്ന കൈപ്പത്തിയുടെ അടയാളവും ചിലപ്പോൾ കൂടെ ഒരു കുറിപ്പും മാത്രമാണ് ആകെയുള്ള കച്ചിത്തുരുമ്പ് . ചെമന്ന കൈപ്പത്തിയെ കുടുക്കാൻ അമൂല്യമായ മരതക പച്ച കൊണ്ടുണ്ടാക്കിയ ചതുരംഗ കരുക്കൾ അതി സുരക്ഷയുള്ള ഒരു മുറിയിൽ പ്രദർശിപ്പിക്കുന്നു . എല്ലാവരുടെയും മുന്നിൽ വെച്ച് ചെമന്ന കൈപ്പത്തി അവരെ വെല്ലുവിളിച്ചു കൊണ്ട് അതും കടത്തിക്കൊണ്ടു പോകുന്നു. പിന്നീട് മയൂര സിംഹാസനമാണ് മോഷ്ടിക്കപ്പെടുന്നത്. സുരക്ഷയുടെ ഭാഗമായി കേമിൽ തന്നെ നേരിട്ട് റിസേർവ് ചെയ്ത കംപാർട്മെന്റിൽ ഉണ്ടായിരുന്നു. പക്ഷെ അതിവിദഗ്‌ധമായി അതും ചെമന്ന കൈപ്പത്തി കടത്തിക്കൊണ്ടു പോകുന്നു. ആരാണ് ചെമന്ന കൈപ്പത്തിക്ക് പിന്നിൽ? എന്തിനു അയാൾ ഇങ്ങനെയൊക്കെ ചെയ്യണം ? ആർക്കു വേണ്ടിയാണത്? അയാളൊറ്റക്കോ, അതോ കൂടുതൽ പേരുണ്ടോ?
ആകാംക്ഷ തോന്നുണ്ടോ? ഉണ്ടെങ്കിൽ തീർച്ചയായും ചെമന്ന കൈപ്പത്തി എന്ന ദുർഗ്ഗാ പ്രസാദ് ഖത്രിയുടെ ഈ നോവൽ വായിക്കണം.
ഒടുവിൽ തെളിവുകളെല്ലാം കണ്ടുപിടിക്കാൻ സഹായിക്കുന്നത് മറ്റൊരു കഥാപാത്രമാണ് ഗോപാൽ ശങ്കർ.
നിഗൂഢതയും ,ആകാംക്ഷയും വേണ്ടുവോളം നിറഞ്ഞതാണ് ഖത്രിയുടെ പുസ്തകങ്ങള്‍. മലയാളികളുൾപ്പെടെ വായനക്കാരെ ആകാംക്ഷയുടെ കൊടുമുടിയേറ്റുന്ന അദ്ദേഹത്തിന്റെ നോവലുകളുടെ പേരുകളും അതുപോലെ തന്നെയുള്ളതാണ് , ‘മൃത്യുകിരണം’, ‘ചെമന്ന കൈപ്പത്തി’,വെളുത്ത ചെകുത്താൻ. അങ്ങനെ പോകുന്നു പേരുകൾ.
ഹിന്ദിയിലെ ആദ്യകാല ജനപ്രിയ നോവലിസ്റ്റുകളിൽ ഒരാളായ ദേവകീനന്ദൻ ഖത്രിയുടെ മൂത്തകനായിരുന്നു ദുർഗ്ഗാ പ്രസാദ് ഖത്രി. ദേവകീനന്ദൻ ഖത്രിയെ എല്ലാവർക്കും പരിചയയുമുണ്ടായിരിക്കും.
അദ്ദേഹത്തിന്റെ ചന്ദ്രകാന്ത എന്ന നോവലും ദൂരദർശൻ ചാനലിൽ തൊണ്ണൂറുകളുടെ ആദ്യങ്ങളിൽ അത് സീരിയലായി വന്നപ്പോഴും നമ്മളത് ഏറ്റെടുത്തതാണ്. ചന്ദ്രകാന്ത നോവലിന്റെ ആസ്വാദനകുറിപ്പു ഞാൻ ഇവിടെ മുൻപ് പോസ്റ്റ് ചെയ്തിരുന്നു. വായിക്കാത്തവർക്ക് ഇവിടെ വായിക്കാം.
അച്ഛന്റെ പ്രസിദ്ധ നോവലായ ‘ഭൂതനാഥ’ന്റെ അവസാനഭാഗങ്ങൾ എഴുതിപൂർത്തിയാക്കിയത് ദുർഗ്ഗാ പ്രസാദ് ഖത്രിയാണ്. വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല..
ഇതിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് മോഹൻ. ഡി. കങ്ങഴയാണ്.അദ്ദേഹം ഖത്രിയുടെ നിരവധി കൃതികൾ മലയാളത്തിലാക്കിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. അദ്ദഹത്തിന്റെ മറ്റു പുസ്തകങ്ങൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഖത്രിയുടെ വെളുത്ത ചെകുത്താനും ഇദ്ദേഹം തന്നെയാണ് വിവർത്തനം ചെയ്തിരിക്കുന്നത്.
ഗോപാൽ ശങ്കറും ചെമന്ന കൈപ്പത്തിയും തമ്മിലുള്ള പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. മൃതുകിരണം എന്ന നോവലിൽ അവരുടെ പോരാട്ടം തുടരുകയാണ്, വായനക്കാരെ ആകാംക്ഷയുടെ ഉത്തുംഗത്തിൽ പ്രതിഷ്ഠിച്ചുകൊണ്ട്…
