കൊറോണ കാലം ദുരിതം പിടിച്ച കാലം തന്നെയാണ്.അതിഭീകരമായ ഒരു അവസ്ഥ.തിരുവന്തപുരത്താണെങ്കിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിവസം തോറും കൂടി കൂടി വരികയും ചെയ്യുന്നു. പുറത്തിറങ്ങണമെകിൽ പണ്ടത്തെ പോലെ അങ്ങനെ ഓടിച്ചാടിയൊന്നും പറ്റില്ല. മാസ്ക് ധരിക്കണം, സാനിറ്റൈസർ പുരട്ടണം, അതിന്റെ ചെറിയ ഒരു കുപ്പി ഉണ്ടെങ്കിൽ കൈയ്യിൽ കരുതണം. കടകളിൽ അവർ സാനിറ്റൈസർ വെച്ചിട്ടുണ്ടാകുമെങ്കിലും എല്ലാവരും എടുത്തുപയോഗിക്കുന്നതുകൊണ്ട് അതും അത്ര സുരക്ഷിതമായ ഏർപ്പാടല്ല. ചുരുക്കം ചില മേഖലകളൊഴിച്ചു മിക്കവരുടെയും ജോലിയെ ഈ കൊറോണ നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട് . എന്നെപോലുള്ളവർക്കു ഓഫീസിൽ പോകേണ്ട, പക്ഷെ വീട്ടിൽ ഇരുന്നു ജോലി ചെയ്യാം. അത്രയെങ്കിലും ആശ്വാസം!. ദിവസവും കാണുന്ന എത്രയെത്ര മുഖങ്ങൾ! ആരെയും ഇപ്പോൾ കാണാൻ കഴിയുന്നില്ല. ഓഫീസിലേക്ക് പോകാൻ വണ്ടി കാത്തു നിൽക്കുന്ന ഇടവേളയിൽ കാണുന്ന നിരവധി മുഖങ്ങളുണ്ട് , വണ്ടി വരുന്നത് വരെ വെയിലു കൊള്ളാതിരിക്കാൻ വേണ്ടി ഞാൻ കേറി നിൽക്കുന്ന ആ കടയിൽ വരുന്ന പരിചയം ഉള്ളതും ഇല്ലാത്തതുമായ ആളുകളുണ്ട് . സാധങ്ങളൊന്നും വാങ്ങാനൊന്നുമല്ല അവിടെ വരുന്ന ആ സ്ഥിരം കുറ്റികൾ. ചുമ്മാ വന്നിരുന്ന് ലോകകാര്യങ്ങൾ പറയും . അതിൽ രാഷ്ട്രീയം ചർച്ച ചെയ്യുന്നവരുണ്ട് .അതൊക്കെ കേൾക്കാൻ നല്ല രസമാണ് . ഞാൻ ആ കടയിലെത്തിപ്പെടുന്നതിന്റെ ആദ്യ കാലങ്ങളിൽ അതിന്റെ മുന്നിൽ ഒരു സ്റ്റൈലൻ ബൈക്ക് ഇരിക്കുന്നത് കാണാമായിരുന്നു. പക്ഷേ അതിന്റെ ഉടമസ്ഥനെ അവിടെയൊന്നും കണ്ടിരുന്നില്ല. ഞാൻ ഓഫീസ് വണ്ടിയിൽ കേറി പോകുന്നവരെ അതവിടെ തന്നെ ഇരിക്കുന്നത് കണ്ടിട്ടുണ്ട് . മിക്ക ദിവസങ്ങളിലും ഇത് തന്നെ സ്ഥിതി. അതിപ്പോ അറിഞ്ഞിട്ടു എനിക്കൊന്നുമില്ല , എന്നാലും അതു ആരുടെയാണെന്നു അറിയാനുള്ള ഒരു വല്ലാത്ത ആകാംക്ഷ. എനിക്കാണെങ്കിൽ ഈ സ്വഭാവം പണ്ടേ ഉള്ളതാണ്. ആവശ്യമില്ലാത്ത എല്ലാ കാര്യത്തിനും ലേശം ഒരു കൌതുകം കൂടുതലാണ് . ഓർഡർ ചെയ്ത പുസ്തക കെട്ടുകൾ കോറിയർ ബോയിയോ ,അല്ലെങ്കിൽ പോസ്റ്റുമാൻ ചേട്ടനോ കൈയിലോട്ടു തരുമ്പോഴും എനിക്കിതേ ആകാംക്ഷയാണ്. അതൊന്നു പൊട്ടിച്ചു ആ പുസ്തകങ്ങൾ ഒന്ന് മറച്ചു നോക്കിയില്ലെങ്കിൽ ഇരിക്കപൊറുതി ഉണ്ടാകില്ല. വല്ലാത്തൊരു അസുഖം തന്നെ! അതുപോലൊരു ആകാംക്ഷ . പക്ഷെ ഒരു ദിവസം ഓഫീസ് വണ്ടി വരാൻ കുറച്ചു താമസിച്ചു. അങ്ങനെ നിൽക്കുമ്പോഴുണ്ട് മുടിയൊക്കെ രാംജി റാവു സ്പീകിംഗ് ലെ വിജയ രാഘവനെ പോലെ മേലോട്ട് ചീകി വെച്ച് ഒരു ആജാനബാഹു വന്നു ആ ബൈക്കിൽ കയറി ഇരിക്കുന്നു. ആളുടെ രൂപവും വേഷവിധാനവും അങ്ങോട്ട് ഒത്തു പോകുന്നില്ല. നല്ല ഉയരമുള്ള ആളാണ്. പത്താം ക്ലാസ്സുകാരൻ തനറെ നാലാം ക്ലാസ്സിൽ പഠിക്കുന്ന അനിയന്റെ ഷർട്ട് എടുത്തിട്ട പോലത്തെ ഒരു അവസ്ഥ . ഫുൾ സ്ലീവ് ആണ് എന്നു വേണമെങ്കിൽ പറയാം. ആളിന് കുടവയറൊന്നുമില്ലെങ്കിലും ഇറുകിയ ഷർട്ട് ആയതുകൊണ്ടുള്ള ഒരു വിമ്മിട്ടം. അങ്ങേർക്കല്ല , കാണുന്ന നമ്മൾക്കാണ് അത് തോന്നുക . പുള്ളിക്കാരൻ നല്ല കൂൾ ആയി അതും ഇട്ടോണ്ട് നടക്കുന്നു.കൊറോണ വന്നേപ്പിന്നെ ഞാൻ അങ്ങേരെ കണ്ടിട്ടില്ല. അവിചാരിതമായി ഇന്നാണ് പിന്നെ കണ്ടത്. ഞാൻ താമസിക്കുന്ന ഫ്‌ളാറ്റിന്റെ താഴത്തെ മുറിയ്ക്കു മുന്നിൽ ആരെയോ കാത്തു നില്കുന്നു. ആകെ ക്ഷീണിച്ച മട്ടാണ്. പഴയ തടിയും ഇല്ല. കൊറോണയാകണം അതിനും ഉത്തരവാദി എന്ന് ഞാൻ മനസ്സിൽ കരുതി .. ജോലി, ഭക്ഷണം ഇതെല്ലം ഈ കെട്ടകാലത്തു വെല്ലുവിളി തന്നെയാണ്. പുറത്തിറങ്ങി പണിയെടുത്തുകൊണ്ടിരുന്നവരുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാം പരിതാപകരമാണ്.ആളെ കണ്ടു സംസാരിച്ചപ്പോൾ നേരത്തെ ഊഹിച്ചപോലെ തന്നെ. ഉണ്ടായിരുന്ന ജോലി പോയി. ഇപ്പോൾ എന്തോ ചെറിയ ബ്രോക്കർ പണി കിട്ടിയിരിക്കുന്നു. അതിന്റെ ആവശ്യത്തിനായി വന്നതാണ്. വീണ്ടും കാണാം എന്ന് പറഞ്ഞു മങ്ങിയ ചിരി ചിരിച്ചു അയാൾ തിരിഞ്ഞു നടന്നു. അയാളുടെ ആ ദൈന്യത മുറ്റിയ നിൽപ്പ് മനസ്സിൽ നിന്നും പിടിവിട്ടു പോകാതെ ഇങ്ങനെ തത്തികളിച്ചോണ്ടിരിന്നപ്പോൾ വെറുതെ ഒന്നു അയാളെ കോറിയിട്ടതാണ്. ഒരുകാര്യവുമുണ്ടായിട്ടല്ല , എന്തോ, എനിക്കപ്പോ അങ്ങനെ തോന്നി
