Big brother is Watching You!!

 

ഓരോ കാലഘട്ടത്തിലും , ആളുകളുടെ  മനസിൽ കുടിയേറുന്ന   പുസ്തകങ്ങൾ പ്രത്യക്ഷപ്പെടാറുണ്ട് . അതിലെ ചില പുസ്തകങ്ങൾ  അവരെ ചിന്തിപ്പിക്കുകയും ,ഒരു പരിധി വരെ സ്വാധീനിക്കുകയും ചെയ്യാറുണ്ട്.വർഷങ്ങൾക്കു മുൻപ് ആളുകളെ അതുപോലെ ചിന്തിപ്പിക്കുകയും ഒരു പക്ഷെ അതിലെ ആശയങ്ങൾ വായിച്ചു അവരെ തെല്ലൊന്നു ഭയപ്പെടുത്തുകയും ചെയ്ത പുസ്തകമാണ് 1949 ൽ പ്രസിദ്ധീകരിച്ച ജോർജ്ജ് ഓർവെലിന്റെ 1984 എന്ന ക്ലാസ്സിക് കൃതി.


‘അജ്ഞത ശക്തിയാണ്, യുദ്ധം സമാധാനമാണ്, സ്വാതന്ത്ര്യം അടിമത്തമാണ്. കഥാനായകൻ വിൻസ്റ്റൺ സ്മിത്തിന്റെ രാജ്യമായ ഓഷ്യാനിയയിലെ എല്ലായിടത്തും കാണാവുന്ന പാർട്ടിയുടെ ഔദ്യോഗിക മുദ്രാവാക്യമാണിത്. ഓഷ്യാനിയ രാജ്യത്ത് ലണ്ടനിലെ ഭരണകക്ഷിയുടെ തന്നെ താഴ്ന്ന റാങ്കിലുള്ള ഒരു അംഗമാണ് വിൻസ്റ്റൺ സ്മിത്ത്. സത്യമന്ത്രാലയത്തിന്റെ റെക്കോർഡ്സ് വകുപ്പിലാണ് അയാൾ  ജോലി ചെയ്യുന്നത്. വിൻസ്റ്റൺ പോകുന്നിടത്തെല്ലാം, എന്തിനു സ്വന്തം  സ്വന്തം വീട്ടിൽ വച്ചു പോലും, പാർട്ടി അദ്ദേഹത്തെ ടെലിസ്ക്രീനുകളിലൂടെ നിരീക്ഷിക്കുന്നുണ്ട്. ഇത് വിൻസ്റ്റൺന്റെ മാത്രം അവസ്ഥയല്ല. ആ രാജ്യത്തെ എല്ലാ ജനങ്ങളുടെയും അവസ്ഥയാണ് . 

പാർട്ടിയുടെ  ഭീകരനായ ഭരണാധികാരിയാണ് ബിഗ് ബ്രദർ എന്ന് വിളിക്കപ്പെടുന്നത് .ഓഷ്യാനിയ ‘ബിഗ് ബ്രദറിന്റെ’ നിയന്ത്രണത്തിലാണ്.  അയാൾ ആളുകളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും നിയന്ത്രിക്കുന്നു. പക്ഷെ ആരും അദ്ദേഹത്തെ കണ്ടിട്ടില്ല, കണ്ടിട്ടില്ലെങ്കിലും, അദ്ദേഹം  സർവ്വവ്യാപിയും സർവശക്തനുമാണെന്ന്  വിശ്വസിക്കുന്നു. അല്ലെങ്കിൽ വിശ്വസിക്കപ്പെടുന്നു.അദ്ദേഹത്തിനെതിരെ എന്തെങ്കിലും ചിന്തിക്കുന്നത് തന്നെ ശിക്ഷാർഹമായ കുറ്റമാണ്സാ. സാധാരണയായി ഇത്തരം കുറ്റകൃത്യങ്ങൾക്ക് വധശിക്ഷയാണ് കിട്ടുന്നത്.

രാഷ്ട്രീയ കലാപത്തെ പൂർണ്ണമായും ഇല്ലാതാക്കാനാണ് ഭരണകൂടം   ‘ന്യൂസ്‌പീക്ക്’ എന്ന ഭാഷ കണ്ടുപിടിച്ചത്. പാർട്ടിക്കു  എതിരെന്ന് കരുതുന്ന കാര്യങ്ങളെക്കുറിച്ച് ആളുകൾ ചിന്തിക്കുന്നത് തടയാൻ ‘ത്രോട്ട്‌ക്രൈംസ്’ എന്നൊരു  വിഭാഗം സൃഷ്ടിച്ചു. ആളുകൾ ഇതിൽ നിന്നെല്ലാം വ്യതിചലിക്കുന്നുണ്ടെങ്കിൽ  നൂറ്റൊന്നാം നമ്പറിലെ അതിഭീകര പീഡന മുറിയിലേക്ക്   അയയ്‌ക്കുമെന്ന ഭീഷണി ഉപയോഗിച്ച് അവർ വായിക്കുന്നതും സംസാരിക്കുന്നതും പറയുന്നതും ചെയ്യുന്നതുമെല്ലാം  പാർട്ടി നിയന്ത്രിച്ചുകൊണ്ടിരിക്കയാണ്.  ‘ചിന്താ  പോലീസിന്റെ’ സഹായത്തോടെയാണ് അയാൾ  ഭരണം നടത്തുന്നത് . രാജ്യദ്രോഹികളെ കണ്ടെത്തി അവരെ വധിക്കുക എന്നതാണ് അവരുടെ ഏക ലക്ഷ്യം. ബിഗ് ബ്രദറിനെക്കുറിച്ചോ ഓഷ്യാനിയ ഭരിക്കുന്ന പാർട്ടിയായ ‘ഇംഗ്‌സോക്ക്-ഇംഗ്ലീഷ് സോഷ്യലിസ്റ്റ് പാർട്ടിയെക്കുറിച്ചോ  മാതാപിതാക്കൾ എന്തെങ്കിലും തെറ്റായി സംസാരിക്കുന്നത് കേൾക്കുമ്പോൾ ചെറിയ കുട്ടികൾ തന്നെ പലപ്പോഴും ചിന്താ പോലീസിന് വിവരങ്ങൾ കൈമാറുന്നുണ്ട്. അത്രക്കും ശിക്ഷണം അവർക്കു അവിടെ കൊടുക്കുന്നുണ്ടർത്ഥം. 

പാർട്ടിയോടുള്ള വിശ്വസ്തതയെക്കുറിച്ച് സംശയമുള്ളയാളാണ് വിൻസ്റ്റൺ.പാർട്ടിയെക്കുറിച്ച് കൂടുതലറിയാനായി  അയാൾ വിപ്ലവം കണ്ട ആളുകളുമായി സംസാരിക്കാൻ ശ്രമിക്കുന്നു. ഇതിൽ പരാജയപ്പെട്ട വിൻസ്റ്റൺ പാർട്ടിക്കെതിരെ ഉപയോഗിക്കാവുന്ന തെളിവുകൾ ശേഖരിക്കാൻ ശ്രമിക്കുന്നു.തന്റെ രഹസ്യചിന്തകളുടെ ഒരു ഡയറി സൂക്ഷിച്ചുകൊണ്ട്  പാർട്ടിക്കെതിരെ നീങ്ങാൻ അയാൾ തുടങ്ങുന്നു .പാർട്ടിയുടെ നിയമപ്രകാരം ഇത്  മാരകമായ ചിന്താകുറ്റമാണ്. 
തന്റെ കാമുകി  ജൂലിയയ്‌ക്കൊപ്പം, സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം വിൻസ്റ്റൺ ആരംഭിക്കുന്നു. ജൂലിയ  അവിടുത്തെ ഫിക്ഷൻ ഡിപ്പാർട്ട്‌മെന്റിലാണ്  പ്രവർത്തിക്കുന്നത്.

പാർട്ടിക്കെതിരെ ചെറുത്തു നില്ക്കാൻ ശ്രമിക്കുന്ന  വിൻസ്റ്റൺ പക്ഷെ പിടിക്കപ്പെടുന്നു .അയാളെ പീഡിപ്പിക്കാനും മസ്തിഷ്കപ്രക്ഷാളനം നടത്താനും അവർ  മാസങ്ങൾ ചെലവഴിക്കുന്നു. ഒടുവിൽ  അവർ അയാളെ നൂറ്റൊന്നാം നമ്പർ മുറിയിലേക്കും അയക്കുന്നു. പാർട്ടിയെ എതിർക്കുന്ന ആരുടേയും  അന്തിമ ലക്ഷ്യസ്ഥാനം അവിടെയാണ് . അവിട വച്ച്  എലികൾ നിറഞ്ഞ ഒരു കൂട്ടിൽ വിൻസ്റ്റണിന്റെ തലയിൽ കെട്ടിയിട്ട് എലികളെ കൊണ്ടു  മുഖം തീറ്റിക്കാൻ തുടങ്ങുന്നു . പീഡനം സഹിക്കാൻ കഴിയാത്ത അയാൾ അത് തന്നോടല്ല ചെയ്യേണ്ടത്, ജൂലിയയോടാണ് എന്ന് പറയുന്നു .വിൻസ്റ്റണിൽ നിന്ന് അവർ ആഗ്രഹിച്ചത് ജൂലിയയെ ഉപേക്ഷിക്കുക എന്നതായിരുന്നു. ആത്മാവ് തകർന്നു  അയാൾ  പുറംലോകത്തേക്ക് വിട്ടയക്കപ്പെടുന്നു. പുറത്തു വെച്ച് അയാൾ ജൂലിയയെ കണ്ടുമുട്ടുന്നു, പക്ഷേ അയാൾക്ക്‌ അവളോട് ഒന്നും തന്നെ  തോന്നുന്നുണ്ടായില്ല . .അയാൾ ഭരണകൂടത്തിന് വേണ്ടി “ശുദ്ധീകരിക്കപ്പെട്ടിരുന്നു” .പാർട്ടിയെ പൂർണ്ണമായും അംഗീകരിച്ച വിൻസ്റ്റൺ പക്ഷെ  ബിഗ് ബ്രദറിനെ സ്നേഹിക്കാൻ പഠിച്ചു എന്നുള്ളതാണ്. 

എന്താണ് 1984 നമ്മോടു പറയാനാഗ്രഹിക്കുന്നത് ? അല്ലെങ്കിൽ എങ്ങനെയാണു 1984 ഏതു കാലഘട്ടത്തിലും പ്രസക്തമായ പുസ്തകമാകുന്നത്?ഒരു ഏകാധിപത്യ ഭരണത്തിൻ കീഴിൽ ഒരു രാജ്യത്തിന്റെ മുഴുവൻ നിയന്ത്രണവും തികച്ചും സാധ്യമാണ് എന്നതാണ്പുസ്തകം നമ്മോടു പറഞ്ഞു വെയ്ക്കുന്നത് .അവിടെ ഓരോ ചലനവും വാക്കും ഭരണകൂടത്താൽ  പരിശോധിക്കപ്പെടുകയും സെൻസർ ചെയ്യപ്പെടുകയും ചെയ്യുന്നു.  അതിനെതിരെയുള്ള ഓരോ പ്രവർത്തിയും  രാജ്യദ്രോഹകുറ്റമായി കണക്കാക്കപ്പെടും .ഓർവെലിന്റെ ഈ നോവൽ മനുഷ്യരാശിക്കുള്ള മുന്നറിയിപ്പാണ്. വിവിധ തരത്തിലുള്ള  നിയന്ത്രണങ്ങളും ,നിരീക്ഷണങ്ങളും ഏർപ്പെടുത്തുക വഴി  ആർക്കും അതിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത വിധത്തിൽ ഒരു സ്വേച്ഛാധിപതിക്ക് ഒരു രാജ്യത്തിൻറെ ചരിത്രം, ചിന്തകൾ, ജീവിതങ്ങൾ എന്നിവ എങ്ങനെ വിശദമായി കൈകാര്യം ചെയ്യാനും നിയന്ത്രിക്കാനും കഴിയും എന്ന് ഓർവെൽ ഈ നോവലിൽ കൂടി നമ്മളോട് പറഞ്ഞുവെയ്ക്കുന്നു . 
ഈ നോവൽ എഴുത്തിന്റെ സമയത്തു ഓർവെൽ അസുഖ ബാധിതനായിരുന്നു. നോവൽ പൂർത്തീകരിക്കപ്പെട്ട്  കുറച്ചു നാളുകൾക്ക് ശേഷം 1950 ൽ ഓർവെൽ അന്തരിച്ചു. ഡിസി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മലയാളം വിവർത്തനം ചെയ്തിരിക്കുന്നത് കെ ചന്ദ്രശേഖരനും


Leave a comment