1928 സെപ്റ്റംബർ 30 ന് ട്രാൻസിൽവാനിയയിലെ സിഗെറ്റ് എന്ന ചെറുപട്ടണത്തിലാണ് എലി വീസൽ ജനിച്ചത്, അത് റൊമാനിയയുടെ ഭാഗമായിരുന്നുവെങ്കിലും 1940 ൽ ഹംഗറിയുടെ ഭാഗമായി. വീസലിന്റെത് ഒരു ഓർത്തഡോക്സ് ജൂത കുടുംബ പരമ്പര്യയമായിരൂന്നു.
1944 വരെ ഹംഗറിയിലെ ജൂതന്മാർ യൂറോപ്പിന്റെ മറ്റു ഭാഗങ്ങളിൽ അനുഭവിച്ചിരുന്നതു പോലെ ജൂത സമൂഹങ്ങളെ നശിപ്പിച്ചുകൊണ്ടിരുന്ന ആ വലിയ ദുരന്തത്തെ അഭിമുഖീകരിച്ചിരുന്നില്ല എന്നു വേണം പറയാൻ. ജൂത വിരുദ്ധ നിയമനിർമ്മാണം ഹംഗറിയിൽ ഒരു സാധാരണ പ്രതിഭാസമായിരുന്നെങ്കിലും, 1944 വരെ ഹോളോകോസ്റ്റ് തന്നെ ഹംഗറിയിൽ എത്തിയിരുന്നില്ല. എന്നിരുന്നാലും, 1944 മാർച്ചിൽ ജർമ്മൻ സൈന്യം ഹംഗറി പിടിച്ചടക്കി,അവർ ഒരു പാവ സർക്കാരിനെ സൃഷ്ടിച്ചു.
1944 മെയ് മാസത്തിൽ നാസികൾ തന്റെ ജന്മനാടായ ട്രാൻസിൽവാനിയയിലെ സിഗെറ്റിലെ 15,000 ജൂതന്മാർക്കായി വന്നപ്പോൾ വീസലിന് 15 വയസ്സായിരുന്നു.
നാസികൾ ഏകദേശം 560,000 ഹംഗേറിയൻ ജൂതന്മാരെ കൊലപ്പെടുത്തി എന്നാണ് കണക്കുകൾ പറയുന്നത്.
വീസലിന്റെ സ്വദേശമായ സിഗെറ്റിൽ,ഈ ദുരന്തം അതിലും മോശമായിരുന്നു: യുദ്ധത്തിനു മുമ്പുള്ള സിഗെറ്റിലെ 15,000 ജൂതന്മാരിൽ, അമ്പതോളം കുടുംബങ്ങൾ മാത്രമാണ് ഹോളോകോസ്റ്റിൽ നിന്ന് രക്ഷപ്പെട്ടത്. 1944 മെയ് മാസത്തിൽ, വീസലിന് പതിനഞ്ചു വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന്റെ കുടുംബത്തെയും സിഗെറ്റ് ഷറ്റെലിലെ നിരവധി നിവാസികളെയും പോളണ്ടിലെ ഓഷ്വിറ്റ്സ് തടങ്കൽപ്പാളയത്തിലേക്ക് നാടുകടത്തി. ക്യാമ്പുകളിലെ ഏറ്റവും വലുതും മാരകവുമായ ഓഷ്വിറ്റ്സ് 1,300,000-ത്തിലധികം ജൂത മരണങ്ങൾ നടന്ന സ്ഥലമായിരുന്നു.
ഓഷ്വിറ്റ്സ്, ബുച്ചൻവാൾഡ് ക്യാമ്പുകളിലെ തടവുകാരനായിരുന്നു വീസൽ. അവിടെ അവനും അച്ഛനും ഒരുമിച്ചായിരുന്നു. അവിടുത്തെ കടുത്ത ചുറ്റുപാടുകളിൽ അച്ഛന്റെ കൂടെ ഇരിക്കുന്നതിനുള്ള ശ്രമങ്ങളിൽ അവൻ പലപ്പോഴും ജയിക്കുകയാണുണ്ടായത് . അമ്മയിൽ നിന്നും അനുജത്തിയിൽ നിന്നും അവർ വേർപിരിക്കപ്പെട്ടു . അവർ ക്യാമ്പിൽ എത്തിയ ഉടനെ തന്നെ കൊലപ്പെടുകയുണ്ടായത് . ക്യാമ്പിലെ പീഡനങ്ങളിൽ നിന്നും കടുത്ത ജോലികളിൽ നിന്നും ,അച്ഛനെ സംരക്ഷിക്കേണ്ട ചുമതല അവൻ ചെയ്യുന്നുണ്ടായിരുന്നു. ചില സമയങ്ങളിൽ തന്റെ ഭക്ഷണവും അവശനായ തന്റെ പിതാവിന് കൊടുത്തിരുന്നു. ജോലിയെടുക്കാൻ വയ്യാത്തവരെയോ , രോഗം ബാധിച്ചവരെയോ സംരക്ഷിക്കേണ്ട കാര്യം അധികൃതർക്കുണ്ടായിരുന്നില്ല. അങ്ങനെയുള്ളവരെ കൊന്നു തളളുകയായിയിരുന്നു ചെയ്തിരുന്നത്. ക്യാമ്പ് മോചിപ്പിക്കാൻ അമേരിക്കൻ സൈന്യം വരുന്നതിന് വെറും 4 മാസം മുമ്പ് ബുച്ചൻവാൾഡിൽ വെച്ചു പിതാവ് മരിക്കുന്നതുവരെ വീസലിനും പിതാവിനും ഒരുമിച്ച് താമസിക്കാൻ കഴിഞ്ഞു. തന്റെ ശക്തി നിലനിർത്താനും ജീവിക്കാൻ പ്രചോദിപ്പിക്കുന്നതിനും സഹായിച്ച ഒരു കാരണം തന്റെ പിതാവായിരുന്നു എന്നു വീസൽ പറയുന്നുണ്ട് . പിതാവ് മരിച്ചപ്പോൾ അദ്ദേഹത്തിന് വളരെയധികം കുറ്റബോധവും ലജ്ജയും തോന്നി, അച്ഛനെ സഹായിക്കാൻ അവൻ ഒന്നും ചെയ്തില്ലല്ലോ എന്നവന് തോന്നി .ഒരു തരത്തിൽ അച്ഛൻ മരിച്ചത് നന്നായി എന്നവൻ ചിന്തിക്കുന്നുണ്ട് , ഇനി അച്ഛന്റെ കാര്യമോർത്ത് ആവലാതിപ്പെടേണ്ടല്ലോ. കുറ്റബോധവും ലജ്ജയും തോന്നാൻ കാരണം അദ്ദേഹത്തിന്റെ ആ ചിന്തായായിരുന്നു.
എട്ട് മാസത്തിന് ശേഷം ജർമ്മനി അവിടുത്തെ ക്യാമ്പ് ഒഴിപ്പിക്കുകയും അതിജീവിച്ചവരെ ബ്യൂച്ചൻവാൾഡിലേക്ക് മാറ്റാൻ നിർബന്ധിതരാകുകയും ചെയ്തു. 1945 ഏപ്രിൽ 11 നാണ് ക്യാമ്പ് മോചിപ്പിക്കപ്പെടുന്നത്. 1945 ഏപ്രിലിൽ അമേരിക്കൻ പട്ടാളക്കാർ എത്തുമ്പോൾ ജീവിച്ചിരിപ്പുണ്ടായിരുന്ന ചുരുക്കം ചിലരിൽ ഒരാളാണ് വീസൽ.
അവിടെ നിന്നും മോചിക്കപ്പെട്ട് ഹോളോകോസ്റ്റിനെക്കുറിച്ച് പത്തുവർഷത്തെ നിശബ്ദതക്കു ശേഷം, അദ്ദേഹം 1956-ൽ ഹോളോകോസ്റ്റിലെ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചുള്ള 800 പേജുള്ള Un di Velt Hot Geshvign (Yiddish for And the World Remained Silent ) എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. 1958-ൽ അദ്ദേഹം തന്റെ കൃതിയെ ഫ്രഞ്ച് ഭാഷയിലേക്ക് വിവർത്തനം ചെയ്യുകയും ലാ ന്യൂറ്റ് എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു . ഈ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയും പിന്നീട് 1960 ൽ രാത്രി എന്ന് പ്രസിദ്ധീകരിക്കുകയും ചെയ്തു . തികച്ചും ലളിതമായ ഭാഷയിൽ, തനിക്കും കുടുംബത്തിനും സംഭവിച്ചതെന്തെന്ന് അദ്ദേഹം അതിൽ വിവരിക്കുന്നു.ഹോളോകോസ്റ്റിന്റെ ഏറ്റവും വ്യാപകമായി വായിക്കുകയും പഠിപ്പിക്കുകയും ചെയ്ത വിവരണങ്ങളിലൊന്നാണ് ഈ ഓർമ്മക്കുറിപ്പ്. 1963 ൽ വീസൽ അമേരിക്കൻ പൗരത്വം നേടി. 1986 ൽ അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. 2016 ൽ വീസൽ അന്തരിച്ചു.
തടങ്കൽപ്പാളയങ്ങളുടെ നിരവധി വിവരണങ്ങൾ ലഭ്യമാണ് പക്ഷേ എത്ര വായിച്ചാലും ഓരോ കഥയും ഇപ്പോഴും നമ്മളെ ഭയപ്പെടുത്തി കൊണ്ടിരിക്കും .എങ്കിൽ പിന്നെ ഇത്തരം പുസ്തകങ്ങൾ പിന്നെയും,പിന്നെയും വായിക്കുന്നതെന്തിനാണ്?
മറ്റ് മനുഷ്യരോട് ഇത്രയും ക്രൂരമായി പെരുമാറാനും ,പ്രവർത്തിക്കാനും മനുഷ്യർക്ക് കഴിയുമെന്നുള്ളതു നിസ്തർക്കമായ ഒരു സംഗതിയാണെന്ന് ഇത്തരം പുസ്തകങ്ങൾ വായിക്കുമ്പോൾ നമ്മളെ ഓർമ്മിപ്പിക്കുന്നുണ്ട്. ഇന്നത്തെ തലമുറയ്ക് അത്തരം സംഭവങ്ങളിലേക്ക് നയിക്കാവുന്ന ഏതൊരു പ്രവർത്തിക്കും പ്രതിരോധമുൾപ്പെടയുള്ള എല്ലാ തരം മുൻകരുതലുകളുമെടുക്കേണ്ട ഉത്തരവാദിത്തമുണ്ടുതാനും. അങ്ങനെയുള്ള ആ ഓർമപ്പെടുത്തലുകൾ തന്നെയാണ് ഈ വായനകളുടെ ലക്ഷ്യവും എന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഇതിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് സൂസന്നയുടെ ഗ്രന്ഥപ്പുര യിലൂടെ നോവൽ സാഹിത്യത്തിലേക്ക് കടന്നു വന്ന അജയ് പി മങ്ങാട്ട് ആണ്. ചിന്താ പബ്ലിക്കേഷൻസ് ആണ് പുസ്തകമിറക്കിയിരിക്കുന്നത്.
