ജയിൽചാട്ടക്കാരനായ ചിത്രശലഭം

അധോലോകവും ജയിൽചാട്ടവുമോക്കെ കടന്നു വരുന്ന നിരവധി പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ഇങ്ങനെയൊക്കെ നടക്കുമോ എന്ന്  അമ്പരന്നത്  പോയത് ശാന്താറാം എന്ന പുസ്തകം വായിച്ചു കഴിഞ്ഞപ്പോഴാണ്. 

ശാന്താറാം book review

 ജയിൽച്ചാട്ടവും അധോലോകവും ഒക്കെ കൊണ്ട് വായനക്കാരെ അമ്പരപ്പിക്കുന്ന മറ്റൊരു പുസ്തകമാണ് ഹെൻറി ഷാരിയറുടെ പാപ്പിയോൺ . ചെയ്യാത്ത കുറ്റത്തിന് തെറ്റായി ശിക്ഷിക്കപ്പെട്ടുവെന്ന് വിശ്വാസിക്കുന്നയാൾ, നെഞ്ചിൽ ചിത്രശലഭത്തിന്റെ ചിത്രം  പച്ചകുത്തിയതിനാൽ “പാപ്പിയോൺ ” എന്ന് വിളിപ്പേരുള്ളയാൾ . ജയിൽ ചാടിയത് ഒന്നും രണ്ടും തവണയല്ല ,എട്ടു  തവണയാണ്.

1906-ൽ തെക്കൻ ഫ്രാൻസിൽ  അധ്യാപക ദമ്പതികളുടെ  മകനായി ജനിച്ച ഹെൻറി ഷാരിയർ തുടക്കം മുതൽ തന്നെ സ്വന്തം നിലയിൽ സാഹസികതകൾ തേടി നടന്നിരുന്നു . സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം നാവികസേനയിൽ ജോലിക്കു ചേർന്നു. പിന്നീടാണ് പാരീസ് അധോലോകത്തിലേക്ക് കാലെടുത്തു വയ്ക്കുന്നത്. ഫ്രഞ്ച് ഭാഷയിൽ പാപ്പിയോൺ എന്നാൽ ചിത്രശലഭം എന്നാണർത്ഥം.വളരെ ചുരുങ്ങിയ സമയം കൊണ്ട് ഫ്രഞ്ച് തലസ്ഥാനത്ത് ഒരു പ്രാദേശിക ഗുണ്ടയായി ജീവിതം ആരംഭിച്ചു,സേഫുകൾ മോഷ്ടിക്കുക, തകർക്കുക എന്നിവയിലൊതുങ്ങിയിരുന്നു ആദ്യകാലത്തെ പ്രവർത്തികൾ. പാരീസ് ഗുണ്ടാ സംഘത്തിൽ പൂണ്ടു വിളയാടിയിട്ടും റോളണ്ട് ലെഗ്രാൻഡിനെ കൊലപ്പെടുത്തുന്നതുവരെ ഷാരിയറെ അറസ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല. പക്ഷേ ലെഗ്രാൻഡിന്റെ കൊലപാതകത്തിൽ തനിക്ക് പങ്കില്ലെന്നാണ് ഷാരിയർ അവകാശപ്പെടുന്നത്. വാസ്തവമെന്താണെന്ന് നമുക്കറിഞ്ഞുകൂടാ. കേസന്വേഷണം സത്യസന്ധമല്ലായിരുന്നു എന്നും ഫ്രഞ്ച് നീതിന്യായവ്യവസ്ഥിതിയിൽ വിശ്വാസമില്ലെന്നും ഷാരിയർ ആ സമയം ആരോപിക്കുകയുണ്ടായി.  എന്ത്  തന്നെയായായാലും ഫ്രഞ്ച് ഗയാനയിലെ കുപ്രസിദ്ധമായ ശിക്ഷാ കോളനിയായ കെയെനിൽ ആണ് ജീവപര്യന്തം തടവിന് വിധിക്കപ്പെടത്. 

അവിടെ മൂന്നുവർഷത്തെ നരക ജീവിതത്തിന് ശേഷം  കെയെനിൽ നിന്നും  ജയിൽ ചാടി . പക്ഷേ അതിനു അധികം ആയുസ്സുണ്ടായില്ല . ഫ്രഞ്ച് അധികാരികൾ അദ്ദേഹത്തെ പിടികൂടി. ഇത്തവണ കൂടുതൽ റിസ്ക്  എടുക്കേണ്ടെന്ന് അവരും അങ്ങ് തീരുമാനിച്ചു. പിന്നെ കിട്ടിയത്  കുപ്രസിദ്ധമായ ഡെവിൾസ് ദ്വീപിൽ രണ്ടുവർഷം ഏകാന്തതടവായിരുന്നു.ദ്വീപിന് കൂടുതൽ സുരക്ഷ ആവശ്യമില്ലാത്തതായിരുന്നു മുഖ്യ കാരണം. ചുറ്റും കടൽ വെള്ളം. നീന്തി രക്ഷപ്പെടായമെന്ന് വെച്ചാൽ ആളെ തീനി സ്രാവുകളും.

പക്ഷേ തന്റെ എട്ടാമത്തെ ശ്രമത്തിന്  ഷാരിയർ വിജയകരമായി ജയിൽ ചാടുക തന്നെ ചെയ്തു. എങ്ങനെയൊക്കെ ജയിൽ ചാടാൻ പാടില്ല എന്നു തന്റെ മുൻ അനുഭവങ്ങളിൽ നിന്നും അയാൾ പഠിച്ചിരുന്നു. 

അവിടെ നിന്നും , തെങ്ങുകൾ കൊണ്ട് നിർമ്മിച്ച റാഫ്റ്റിൽ സ്രാവിന് തീറ്റയാകാത്തെ  അവിടെ നിന്നും രക്ഷപ്പെട്ടു. 1945-ൽ  വെനിസ്വേലയിൽ വന്നിറങ്ങി, അവിടെ താമസമാക്കി, അവിടെ നിന്നു തന്നെ വിവാഹവും  കഴിച്ചു. പിന്നീട് വെനിസ്വേലൻ പൗരത്വം  നേടി. അവിടെ പക്ഷേ  ഹെൻറി ഷാരിയർ സാധാരണ ജീവിതമാണ് നയിച്ചത്. 

ഫ്രഞ്ച് ഗയാനയിൽ ഷാരിയറുടെ ചെലവഴിച്ച വർഷങ്ങളെയും രക്ഷപ്പെടാനുള്ള ശ്രമങ്ങളെയും കുറിച്ചുള്ള വിവരണമാണ് പാപ്പിയോൺ എന്ന  പുസ്തകം.

62-ാം വയസ്സിൽ,  ഫ്രഞ്ച് വേശ്യ ആൽബെർട്ടിൻ സരസീന്റെ അനുഭവകഥ  ഷാരിയർ വായിക്കാനിടയായി.  വളരെയധികം വിറ്റുപോയ അവരെഴുതിയ ആ പുസ്തകം വായിച്ചു കിട്ടിയ  പ്രചോദനം കൊണ്ടാണ് ഷാരിയേർ‌ തന്റെ അനുഭവങ്ങൾ നോട്ട് ബുക്കുകളിൽ എഴുതി നിറയ്ക്കാൻ തുടങ്ങിയത്  . പത്തോളം പുസ്തകങ്ങളിൽ  പൂർത്തിയാക്കിയ ആ  കൈയെഴുത്തുപ്രതികൾ ഒരു ഫ്രഞ്ച് പ്രസാധകന് അയച്ചുകൊടുത്തു . പുസ്തകത്തിലെ 75 ശതമാനം ശരിയാണ് എന്നാണ് ഷാരിയർ തന്റെ  പാപ്പിയോൺ എന്ന പുസ്തകത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. 1969 ൽ പുസ്തകം പ്രസിദ്ധീകരിച്ച ആദ്യത്തെ 10 ആഴ്ചയ്ക്കുള്ളിൽ തന്നെ അതിന്റെ ഏഴു ലക്ഷത്തോളം കോപ്പികൾ വിറ്റുപോയി .മനുഷ്യന്റെ ഇച്ഛാശക്തിയുടെയും അതിജീവനത്വരയുടെയും അനുഭവ സാക്ഷ്യങ്ങളാണ് പുസ്തകം നമ്മളോട് പറയുന്നത്. ദുരിതം, പോരാട്ടം, പലായനം എന്നിവയുടെ തീക്ഷ്ണരൂപങ്ങൾ പല തരത്തിൽ നോവലിൽ കാണാം. 

1973 ജൂലൈ 29 ന് 66-ആം വയസ്സിൽ  ഷാരിയർ  മരിക്കുമ്പോഴേക്കും ലോകമെമ്പാടുമായി പാപ്പിയോണിന്റെ 5 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയിരുന്നു. എന്തായിരൂന്നു ആ പുസ്തകത്തിന്റെ വിജയത്തിന്റെ രഹസ്യം? “വളരെ ലളിതം, നിങ്ങൾ ചെയ്യേണ്ടത്  നിങ്ങൾ സംസാരിക്കുന്ന രീതിയിൽ എഴുതുക മാത്രമാണ് ” അദ്ദേഹം പറഞ്ഞു.മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഡോ. എസ്. വേലായുധൻ   തന്നെയാണ് ഈ പുസ്തകവും നമുക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. പാപ്പിയോൺ പബ്ലിഷെർസ്  ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.  

Leave a comment