വിശുദ്ധ സഖിമാരിലൂടെ വീണ്ടുമൊരു തുറന്നെഴുത്ത്

2020 ന്റെ തുടക്കത്തിൽ കോഴിക്കോട്ടെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ വച്ചാണ് സഹീറ തങ്ങൾ എന്ന എഴുത്തുകാരിയെ നേരിൽ കാണുന്നതും കൂടുതൽ അറിയാനിടവന്നതും. അവരുടെ അപ്പോൾ പുറത്തിറങ്ങിയ പുസ്തകവും അവിടെ ഗൗരവകരമായ രീതിയിൽ ചർച്ചകൾ നടക്കുന്നതും കണ്ടിരുന്നു. 
ആ ചർച്ചയിലെ ഇടയ്ക്കു വെച്ചാണ് ഞാൻ  അവിടെ എത്തിപ്പെടുന്നത് . വൈകി എത്തപ്പെട്ടത്‌കൊണ്ട്  ചർച്ചയിലെ കാതലായ ഭാഗങ്ങൾ നഷ്ട്ടപെട്ടുപോയെന്നു  കരുതുന്നു. തുറന്നെഴുത്തിനെ കുറിച്ചും , അങ്ങനെ എഴുതാനുള്ള ധൈര്യവും എങ്ങനെ കിട്ടി എന്നൊക്കെ അവതാരിക അവരോടു ചോദിക്കുന്നത് കേട്ടിരുന്നു. അവർ അപ്പോൾ ചർച്ച ചെയ്തിരുന്നത് വിശുദ്ധ സഖിമാർ എന്ന പുസ്തകത്തെ കുറിച്ചായിരുന്നു. അപ്പോൾ തന്നെ ആ  പുസ്തകം എന്തായാലും വായിക്കണമെന്ന് മനസ്സിൽ കുറിച്ചിടുകയും ചെയ്തിരുന്നു. 
വര്‍ഷങ്ങള്‍ക്ക് മുമ്പ് സഹീറയുടെ തന്നെ മറ്റൊരു നോവലായ  റാബിയയിൽ  യാഥാസ്ഥിതികസമൂഹത്തിലെ  അനാചാരങ്ങള്‍ക്കെതിരെ അവർ ആഞ്ഞടിച്ചിരുന്നു. അവരുടെ ഈ പുസ്തകത്തിലും സ്ഥിതി തുലോം വ്യത്യസ്തമല്ല. ഒരു പടികൂടി അവർ മുന്നോട്ടു കടന്നിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം . എഴുത്തിൽ അവർ കാണിക്കുന്ന ആ അസാമാന്യ ധൈര്യം പറയാതെ വയ്യ. സ്ത്രീകൾ അനുഭവിക്കുന്ന ദുരിതങ്ങളും ,പ്രതിസന്ധികളും മാത്രമല്ല, അവയെ എങ്ങനെ നേരിടാം എന്നുകൂടി പുസ്തകം പറഞ്ഞു തരുന്നുണ്ട്.
ഒരുപക്ഷെ സര്‍ക്കാരിന്റെ നിര്‍ഭയ പ്രോജെക്റ്റില്‍ ഒരു സൈക്കോളജിസ്‌റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ അനുഭവ പരിചയം അവർ വേണ്ടവിധം ഇതിൽ ഉപയോഗിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. 
 
തിയതികളൊന്നും കൃത്യമല്ലാത്ത ഒരു ഡയറി എഴുത്തുപോലെ ഓർമ്മയിൽ വരുന്നതു  അതേപടി  നമ്മോട്  പറയുന്ന പോലെയാണ് പുസ്തകം നമ്മളോട് സംസാരിക്കുന്നത്.വായിക്കേണ്ടത് മുപ്പതു വയസ്സിനു മേലെയുള്ള വിവാഹിതകളായതുകൊണ്ട് അടുക്കും ചിട്ടയുമില്ലാതെ എഴുതിയാലും മനസ്സിലാകും എന്നവർ തന്നെ പറയുന്നുണ്ട് .അവരുടെ ഉന്മാദപരവും വൈകാരികവുമായ ചിന്തകളാണ് എഴുത്തുകാരി നമ്മോടു സംവദിക്കുന്നത്. മനോരോഗാശുപത്രിയിൽ  എത്തപ്പെട്ട  ഒരു പെണ്ണിന്റെ ചിന്തകളിലൂടെ നോവൽ മുന്നോട്ടു പോകുന്നു.
ഒട്ടേറെ സവിശേഷതകളുണ്ട് ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും . ഡോ. റോയ്,ഏകാര്‍ഗ്, മസീഹ് മാലിബ് തുടങ്ങിയവർ നമ്മുടെ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന പുരുഷ കഥാപാത്രങ്ങൾ തന്നെയാണ്. അവരുടെ സ്വഭാവ സവിശേഷതകൾ കഥാനായികയെ പലതരത്തിൽ സ്വാധീനിക്കുന്നുമുണ്ട്. 
ഭർത്താവിനെ കുറിച്ചുള്ള അവളുടെ കാഴ്ചപാടുകൾ ആദ്യത്തേതിൽ നിന്നും പിന്നീട് എത്രത്തോളം മാറുന്നു എന്ന് നമുക്ക് കാണാൻ സാധിക്കും. ഏതൊരു പെണ്ണും കരുതും പോലെ ഒരു യഥാർത്ഥ പുരുഷനാണ് അവളുടെയും ഭർത്താവ്. അവൾക്കങ്ങനെ വിശ്വസിക്കാൻ നിരവധി കാരണങ്ങളുണ്ട്.കാരണം അയാൾ സ്ത്രീയെ ബഹുമാനിക്കുന്നു. അവൾ അയാളെ ദൈവത്തെ പോലെ ബഹുമാനിക്കുന്നു. പിന്നീട് വീട്ടിലെ ജോലിക്കാരി കമല തന്റെ ഭർത്താവിന്റെ ചെയ്തികളെയും തന്നോടുള്ള പെരുമാറ്റങ്ങളെയുംകുറിച്ചു പറയുമ്പോൾ അവൾ അതൊന്നും ആദ്യം വിശ്വസിക്കുന്നില്ല.പിന്നീട് ഓരോരോ സംഭവങ്ങളിലൂടെ അയാൾ അവൾക്കു തീർത്തും വെളിപ്പെടുകയാണ്.അദ്ദേഹം എന്ന വിളിയിൽ നിന്നും അയാൾ എന്ന സംബോധനയിലേക്കു അവളുടെ തിരിച്ചറിവുകൾ കൊണ്ടെത്തിക്കുന്നു.മനോരോഗാശുപത്രിയിൽ കണ്ടുമുട്ടുന്ന  മസീഹ് മാലിബ് അവളെ നല്ല രീതിയിൽ തന്നെ സ്വാധീനിക്കുന്നുണ്ട്. ഒരു പുരുഷൻ ഒരു സ്ത്രീയെ തൊടുന്നത് ലൈംഗിക ചോദനയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്ന് കരുതിയിരുന്ന അവളുടെ ചിന്തകൾക്ക് അയാൾ ഒരു അപവാദമാകുന്നുണ്ട്. 
ഈ പുസ്തകം തുറന്നു കാട്ടുന്ന സാമൂഹിക ഉത്തരവാദിത്തങ്ങൾ അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്.
പെൺകുട്ടിയുടെ വിവാഹം പ്രായത്തിലധിഷ്ഠിതമല്ലെന്നും വിദ്യാഭാസവും,ജോലിസമ്പാദനവും ,സ്വയം പര്യാപ്തത കൈവരിക്കലും സ്ത്രീകൾക്ക് അവകാശപ്പെട്ടതാണെന്നും അത് കൈവരിക്കാൻ എങ്ങനെ അവളെ പ്രാപ്തയാക്കേണ്ടതെന്നുമൊക്കെ പുസ്തകത്തിൽ ചർച്ച ചെയ്യുന്നുണ്ട് . ചുരുക്കി പറഞ്ഞാൽ സ്ത്രീകൾക്ക് കൈയ്യിൽ സൂക്ഷിക്കാൻ ഒരു കൈപ്പുസ്തകം തന്നെയാണ് ഡി.സി ബുക്ക്സ്  പുറത്തിറക്കിയ സഹീറ തങ്ങളുടെ ഈ വിശുദ്ധ സഖിമാർ. 

Leave a comment