ഈ പുസ്തകമെഴുതിയതു അമ്മു എന്ന ഒമ്പതാം ക്ലാസ് വിദ്ധ്യാർത്ഥിനിയാണ്.അതാണ് ഈ പുസ്തകത്തെ ആകർഷമാക്കുന്ന ഒന്നാമത്തെ ഘടകം. ഒരു സ്കൂൾ കുട്ടിയുടെ ചിന്തകളിലൂടെ അവൾ ലോകത്തെ കാണുകയും അറിയുകയും ചെയ്യുകയുമാണ് ഡയറിക്കുറിപ്പുകളിലെന്നപോലെ പറഞ്ഞിരിക്കുന്ന ഈ പുസ്തകത്തിൽ . ഓണാവധി കഴിഞ്ഞു വീണ്ടും സ്‌കൂളിലെത്തുന്ന ഒരു കുട്ടിയുടെ മാനസിക ചിന്തകളിലൂടെയാണ് പുസ്തകം മുന്നോട്ടു കൊണ്ട് പോകുന്നത്. പുതിയ പാഠം തുടങ്ങുന്ന ദിവസം അപ്പുക്കുട്ടൻമാഷ് വളരെ സ്നേഹത്തോടെയും ,ക്ഷമയോടെയും പെരുമാറുമെന്നു കുട്ടികൾക്കറിയാം.അങ്ങനത്തെ ഒരു ദിവസം മാഷ് പുതിയ ഒരു പാഠം തുടങ്ങുന്നത് മതനിരപേക്ഷത എന്ന വിഷയത്തെകുറിച്ചാണ്. കുട്ടികളുടെ സ്വാഭാവികമായ സംശയത്തെ വേണ്ട രീതിയിൽ തന്നെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. മതത്തിൽ വിശ്വസിക്കുന്നവരും,അതിനെ വെറുക്കുന്നവരുമുണ്ട് എന്ന് മാഷ് പറയുമ്പോൾ ,മതത്തെ വെറുക്കുന്നവരെയാണോ മാഷേ വിപ്ലവകാരികൾ എന്ന് വിളിക്കുന്നത് എന്ന് ക്ലാസ്സിലെ ദീപു എന്ന കുട്ടി ചോദിക്കുന്നുണ്ട്. സ്വാഭാവികമായും ഭയം എന്ന വസ്തുത ഭക്തിയുടെ ബന്ധപ്പെട്ടു കിടക്കുന്നതുകൊണ്ടു മാഷ് പറയുന്ന കാര്യങ്ങളിൽ കുട്ടികൾക്കു സ്വാഭാവികമായും സന്ദേഹമുണ്ടാകുന്നുണ്ട് സ്കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ അമ്പലത്തിൽ നിന്നും വന്ന പിരിവുകാരോട് ദൈവത്തിനു എന്തിനാണ് പണം എന്ന് ചോദിക്കുന്ന ഒരു തലത്തിലേക്ക് അവൾ മാറുന്നുമുണ്ട്. ഈശ്വരന്റെ ആവശ്യങ്ങൾക്കുള്ള പണം ഈശ്വരനല്ലേ ഉണ്ടാക്കേണ്ടത്?അല്ലാതെ മറ്റുള്ളവരല്ലല്ലോ എന്നവൾ അവരോടു പറയുകയും ചെയ്യുന്നു. അങ്ങനെ മതത്തെ കുറിച്ചും അതിനെ ബന്ധപ്പെട്ടു കിടക്കുന്ന ഈശ്വര വിശ്വാസത്തെകുറിച്ചും ഒരു കുട്ടിയുടെ മനസ്സിൽ തിളച്ചു പൊന്തുന്ന ന്യായമായ സംശയങ്ങളെക്കുറിച്ചുമാണ് പുസ്തകം പറയുന്നത്.
പുസ്തകത്തിന്റെ പേരും ഇക്കാര്യത്തിൽ കൂടുതൽ ചിന്തിക്കാനുള്ള വക നൽകുന്നുണ്ട്. ദൈവത്തെ കുറിച്ചുള്ള അവളുടെ കാഴ്ചപ്പാട് തന്നെ മാറിപോകുന്നതിന്റെ ഏറ്റവും വലിയ തെളിവാണ് പുസ്തകത്തിന്റെ പേരും . മരുന്നുപുരട്ടാൻ വേണ്ടിയാണോ ദൈവം മുറിവുണ്ടാക്കുന്നത് ? രസകരമായ ചോദ്യമാണത് ,കൂടുതൽ ചിന്തിക്കേണ്ട ഒരു സംഗതിയും.
ഒരുപക്ഷെ നമ്മുടെയൊക്കെ കുട്ടികാലത്തും ഇതേ മാതിരിയുള്ള ചോദ്യങ്ങൾ ഒരുപാടു തവണ മനസ്സിലെങ്കിലും ചോദിച്ചിട്ടുണ്ടാകുമെന്നു തീർച്ചയാണ്.ഈ പുസ്തകത്തിന് വേണ്ടി ചിത്രങ്ങൾ വരച്ചിരിക്കുന്നത് മാളവികയെന്ന മറ്റൊരു എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണെന്നുള്ളതാണ് ഈ പുസ്തകത്തെ ആകർഷമാക്കുന്ന രണ്ടാമത്തെ ഘടകം.പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ചിന്ത പബ്ലിഷേഴ്സ് ആണ്.
