എന്താണ് വായനയുടെ സുഖം എന്ന് നിരവധി ആളുകൾ ചോദിക്കാറുണ്ട് . അവരെയെല്ലാവരെയും മുഴുവനായി തൃപ്തിപ്പെടുത്തുന്ന ഒരു മറുപടി കൊടുക്കാൻ കഴിയുമോ എന്നു സംശയമാണ്. കാരണമെന്തന്ന് കൃത്യമായി അറിഞ്ഞുകൂടായെങ്കിലും അതെല്ലാം വ്യകതിപരമായ താൽപര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന എന്തോ ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. ചിലപ്പോൾ നമ്മളന്വേഷിക്കുന്ന ചോദ്യങ്ങൾക്കുത്തരം പുസ്തകങ്ങളിൽ നിന്നു തന്നെ കണ്ടെത്താനും സാധ്യതയുണ്ട് . കാർലോസ് റൂയിസ് സാഫോണിന്റെ കാറ്റിന്റെ നിഴൽ എന്ന പുസ്തകത്തിൽ ആ ചോദ്യത്തിന്റെ ഉത്തരം ഭാഗികമായെങ്കിലും മറഞ്ഞു കിടപ്പുണ്ടെന്നു തോന്നുന്നു. വായനയുടെ സുഖമെന്നത് സ്വന്തം ആത്മാവിന്റെ പിന്നാമ്പുറങ്ങളിലുഉള്ള ഒരു തിരച്ചിലാണെന്ന് ഈ പുസ്തകത്തിൽ തന്നെ പറയുന്നുണ്ട് , . തന്റേതു മാത്രമായ ഒരു ഭാവനാ ലോകത്തിൽ വിഹരിക്കുമ്പോഴത്തെ സുഖമാണത്രെ ഓരോ വായനയും തരുന്നത് .ഓരോ പുസ്തകത്തിനും അതിന്റെതായ ആത്മാവുണ്ട്,ഗ്രന്ഥകർത്താവിന്റെ തന്നെ ആത്മാവ്. ആ ആത്മാവിനെ കണ്ടെത്തിക്കഴിഞ്ഞാൽ വായനക്കാർ വിജയിച്ചു. അങ്ങനെ വരുമ്പോൾ ആ പുസ്തകം അയാൾക്ക് സ്വീകരിക്കപ്പെടും ,അല്ലെങ്കിൽ തിരസ്കരിക്കപ്പെടും.
മറന്നുപോയ അല്ലെങ്കിൽ വിസ്മരിക്കപ്പെട്ട പുസ്തകങ്ങളുടെ സെമിത്തേരിയിലേക്ക് ഡാനിയേലിനെ അവന്റെ അച്ഛൻ ഒരിക്കൽ കൊണ്ടുപോകുകയാണ്. അവിടുത്തെ നിയമമനുസരിച്ച് ആദ്യമായി അവിടം സന്ദര്‍ശിക്കുന്ന ഒരാള്‍ തനിക്കിഷ്ടമുള്ള ഒരു പുസ്തകം തിരഞ്ഞെടുക്കാം . അപ്പോൾ മുതൽ ആ പുസ്തകം അയാളുടെ മാത്രം സ്വന്തമാണ്. മാത്രമല്ല ആ പുസ്തകം നഷ്ടപ്പെടുത്താതെ നശിപ്പിക്കപ്പെടാതെ ജീവിതകാലം മുഴുവൻ സംരക്ഷിച്ചു കൊള്ളണം.അവിചാരിതമായി ഡാനിയൽ തിരഞ്ഞെടുത്ത പുസ്തകം ജൂലിയൻ കാരക്സിന്റെ കാറ്റിന്റെ നിഴൽ എന്ന പുസ്തകമാണ്.അവന്റെ കൈയിലിരിക്കുന്ന ആ പുസ്തകമാകട്ടെ അതിന്റെ ഒരേയൊരു കോപ്പിയും .ബാക്കിയുള്ളവയെല്ലാം കത്തിച്ചു കളയപ്പെട്ടുവെന്ന് അച്ഛന്റെ സുഹൃത്തും ലൈബ്രേറിയനുമായ ഗുസ്താവോ ബാർസിലോ പറഞ്ഞാണ് അറിയുന്നത് .
ജൂലിയന്റെ മറ്റു പുസ്തകങ്ങളെ കുറിച്ചും അദ്ദഹത്തിനു എന്ത് പറ്റിയെന്നും അവൻ അന്വേഷിച്ചറിയാൻ പുറപ്പെടുന്നു. അങ്ങനെയിരിക്കെ ആരോ ഒരാൾ ജൂലിയൻ കാരക്സിന്റെ പുസ്തകങ്ങൾ തിരക്കി പുസ്തകശാലകൾ മുഴുവൻ കയറിയിറങ്ങിയിരിക്കുന്നു എന്നൊരു വാർത്ത കേൾക്കുന്നു.വില കൊടുത്തോ മോഷ്ടിച്ചോ അയാൾ പുസ്തകങ്ങൾ സ്വന്തമാക്കുന്നു.പുസ്തകങ്ങൾ കൈയ്യിൽ കിട്ടി കഴിഞ്ഞാൽ അവ അപ്പാടെ നശിപ്പിച്ചു കളയുന്നു. ഡാനിയലിന്റെ കൈയിലുള്ള പുസ്തകം തിരക്കി ആ വ്യക്തി അവന്റെ അടുത്തും എത്തുന്നുണ്ട്.പക്ഷേ ആരാണയ്യാൾ ? പിന്നീട് നടത്തുന്ന അന്വേഷണത്തിൽ , ജൂലിയൻ കാരക്സിന്റെ പുസ്തകങ്ങൾ ആർക്കും വേണ്ടാതെ കൂടിയിട്ടവയും ,ഒരു നിരൂപണ ശ്രദ്ധ പോലും പതിയാത്തവയുമാണെന്ന് ഡാനിയേൽ മനസ്സിലാക്കുന്നു . പിന്നെ എന്തിനാണയാൾ പുസ്തകങ്ങൾ നശിപ്പിക്കുന്നത് ?
തനിക്കു കിട്ടിയ ആ പുസ്തകത്തെ കുറിച്ചും, അറിയപ്പെടാത്ത ജൂലിയൻ കാരക്‌സിന്റെ അതിദുരൂഹമായ ജീവിതത്തെ കുറിച്ചും അന്വേഷിച്ചു പോകുന്ന ഡാനിയലിനു വെളിപ്പെടുന്നത് അമ്പരിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങളാണ്.
വെറുതെയല്ല കാർലോസ് റൂയിസ് സാഫോണിന്റെ കാറ്റിന്റെ നിഴൽ എന്ന നോവൽ 15 മില്യൺ കോപ്പികൾ വിറ്റുപോയത്. മൂലകൃതി എഴുതപ്പെട്ടത് സ്പാനിഷ് ഭാഷയിലാണ് . പുസ്തകം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് രമാ മേനോനാണ്,പുസ്തകം പുറത്തിറക്കിയിരിക്കുന്നത് കറൻറ് ബുക്സും.
