കുറ്റാന്വേഷണങ്ങളും അതിനോടനുബന്ധിച്ചുള്ള കഥകളെല്ലാം എല്ലാവർക്കും താല്പര്യമുള്ള സംഗതിയാണെങ്കിലും അതിന്റെ പിറകിലുള്ള അത്യദ്ധ്വാനത്തെ കുറിച്ചോ, അതിനു പിന്നിൽ വിയർപ്പൊഴുക്കിയവരെ കുറിച്ചോ അധികം ആരും ഓർത്തിരിക്കാറില്ല. നായക പരിവേഷം കുറ്റം ചെയ്ത ആൾക്ക് തന്ന് ആയിരിക്കും പലപ്പോഴും. സുകുമാരകുറുപ്പിന്റെ കഥ തന്നെ ഉദാഹരണം. സുകുമാരകുറുപ്പിനെയും അതിന്റെ പിറകിലുള്ള സകല കഥകളും വള്ളി പുള്ളി വിടാതെ നമുക്കറിയാം. എന്നാൽ കേസ് അന്വേഷിച്ചു കണ്ടെത്തിയതാരാണ് എന്ന് ഭൂരിഭാഗം പേർക്കും അറിയില്ല.
സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെയാണ് ജോർജ് ജോസഫ് എന്ന റിട്ടയർഡ് എസ്. പി. ഉദോഗസ്ഥനെ അറിയുന്നത്. അറുപതോളം എപ്പിസോഡുകളിലൂടെ നിരവധി കേസ്സന്വേഷണങ്ങളുടെ കഥകൾ അദ്ദേഹം നമുക്ക് പറഞ്ഞു തന്നു,അതും ഒരിടത്തും ബോറടിപ്പിക്കാതെ മനോഹരമായി തന്നെ. എപ്പിസോഡുകളുടെ മദ്ധ്യത്തിൽ അദ്ദേഹം പറഞ്ഞു തന്നെയാണ് താനെഴുതിയ പുസ്തകങ്ങളുടെ കാര്യം ഞാനറിഞ്ഞത് , ചെറിയ പുസ്തകങ്ങളാണ് , നൂറു പേജ് ഒക്കെ യെ ഉള്ളൂ , എല്ലാം പൂർണ്ണ പബ്ലിക്കേഷൻസ്സ് ആണ് ഇറക്കിയിരിക്കുന്നത് എന്നൊക്കെ . പിറ്റേന്ന് തന്നെ ആ മൂന്ന് പുസ്തകങ്ങളും കൈയ്യിലെത്തി.
മൂന്നു ഭാഗങ്ങളിയാണ് പുസ്തകം ഇറക്കിയിരിക്കുന്നത്.
പുസ്തകം 1 : കുറ്റവും കുറ്റാന്വേഷണവും സുകുമാരകുറുപ്പു മുതൽ…
പുസ്തകം 2 : കുറ്റവും കുറ്റാന്വേഷണവും ആലുവ കൂട്ടക്കൊല മുതൽ…
പുസ്തകം 3 : കുറ്റവും കുറ്റാന്വേഷണവും ഹംസ കൊലക്കേസ് മുതൽ ….
ആദ്യ ഭാഗത്തിൽ സുകുമാരകുറുപ്പിന്റെ കേസ് കൂടാതെ കണ്മണി കൊലക്കേസും ,ഉമ്മക്കൊലുസു വധ കേസും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.സുകുമാരകുറിപ്പിനെ കുറിച്ച് വളരെ രസകരമായ സംഗതികളും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്. മുൻപ് സുകുമാരകുറുപ്പിന്റെ കേസിനെ കുറിച്ച് കൂടുതലായി അറിയാൻ കഴിഞ്ഞതു ബി ഉമാദത്തന്റെ ഒരു പോലീസ് സർജന്റെ ഓർമക്കുറിപ്പുകൾ എന്ന പുസ്തകത്തിലൂടെയാണ്. ഈ പുസ്തകം അതിൽ പറയാത്ത ചില വിവരങ്ങളും പങ്കുവെയ്ക്കുന്നുണ്ട്.
രണ്ടാം ഭാഗത്തിൽ ആലുവ കൂട്ടക്കൊല ,കോട്ടയത്തെ നടുക്കിയ ഡോക്ടർ മോഹന ചന്ദ്ര ദാസ് വധം,പനയ്ക്കൽ ചന്ദ്രൻ എന്ന കള്ളന്മാർക്കിടയിലെ സൂപ്പർസ്റ്റാർ എന്നീ ആദ്ധ്യായങ്ങളാണുള്ളത്
മൂന്നാം ഭാഗത്തിൽ ഹംസ കൊലക്കേസ് , കാശിനാഥന്റെ തിരോധാനം ,ഛോട്ടാ ബാബുവിന്റെ കൂരകൃത്യങ്ങൾ എന്ന ആദ്ധ്യായങ്ങളുമാണുള്ളത്.
ഒരു കഥ പറയുന്ന പോലെ അദ്ദേഹം പറഞ്ഞു പോകുകയാണ് എല്ലാം. കേസുകൾ തെളിയിക്കുന്നതിന് പോലീസുകാർ എന്തെല്ലാം ബുദ്ധികൾ പ്രയോഗിക്കുന്നുവെന്നും അതിനിടയിലെ ബുദ്ധിമുട്ടുകളും അദ്ദേഹം പങ്കുവെയ്ക്കുന്നു . കുറ്റാന്വേഷണ സിനിമകൾ കണ്ട് ഈ കേസ് ഞാൻ ആയിരുന്നേൽ പുഷ്പം പോലെ കണ്ടുപിടിക്കുമായിരുന്നേനെ എന്നൊക്കെ വീരവാദം പറയുന്ന നിരവധി സുഹൃത്തുക്കളെ ഞാൻ കണ്ടിട്ടുണ്ട്.
സംഭവിച്ചത് കഥയായി പറയാനെളുപ്പമാണ്.കാലങ്ങളെ വെറും രണ്ടു വരിയിൽ കഥകളിൽ അടയാളപ്പെടുത്താം. നേർ ജീവിതത്തിൽ അങ്ങനെ പറ്റാത്തിടത്തോളം കാലം ഗാലറിയിൽ ഇരുന്നു ഇങ്ങനെ വിസിലടിക്കാനല്ലേ അത്തരകാർക്ക് കഴിയൂ..
അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങൾ ഇനിയും പുറത്തിറങ്ങുമായിരിക്കാം. അത്രയും അനുഭവ സമ്പത്തുള്ള അദ്ദഹത്തിൽ നിന്ന് അത്തരം പുസ്തകങ്ങൾ നമുക്കൊരു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
