ഉള്ളുരുക്കുന്ന ഓർമകുറിപ്പുകൾ

മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത, കഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങൾ ആദ്യമായി മാതൃഭൂമിയിൽ ആഴ്ചപ്പതിപ്പിൽ വന്നു കൊണ്ടിരുന്നപ്പോൾ ,അത് പലപ്പോഴും കണ്ടുവരുന്ന തരം വെറുമൊരു ആത്മഭാഷണമായിരിക്കുമെന്നോ ,അല്ലെങ്കിൽ വെറുമൊരു  നേരമ്പോക്ക് വർത്തമാനങ്ങൾ ആയിരിക്കുമെന്നേ  തുടക്കത്തിൽ വിചാരിച്ചിരുന്നുള്ളൂ. പക്ഷേ ആദ്യ രണ്ടു അദ്ധ്യായങ്ങൾ വായിച്ചു കഴിഞ്ഞപ്പോഴേക്കും വായനക്കാരന്റെ ഉള്ളൂ നീറ്റുന്ന ഒന്നാണെന്ന് ഒരു അമ്പരപ്പോടെ മനസ്സിലക്കേണ്ടി വന്നു.
പെൺകുട്ടികളോടുള്ള സമൂഹത്തിന്റെയും,കൂടുബത്തിന്റെയും മനോഭാവങ്ങളും,അവഗണനയും മുന്പും പല തവണ വായിച്ചും കണ്ടും മനസ്സിലാക്കേണ്ടി വന്നിട്ടുണ്ടെങ്കിലും അഷിത പറഞ്ഞ കാര്യങ്ങൾ അതിനേക്കാൾ നമ്മുടെ ഹൃദയത്തെ കൊളുത്തിവലിക്കുന്ന സംഭവങ്ങളായിരുന്നു. 
എപ്പോൾ വേണമെങ്കിലും തന്റെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെടാം എന്ന അവസ്ഥയിലൂടെ  കടന്നു പോയ  കുട്ടിക്കാലത്തെ കുറിച്ചൊക്കെ അവർ നമ്മോടു പറയുന്നുണ്ട്. അത്തരം തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നു പോയ ഒരാൾ തന്റെ എഴുത്തിലൂടെയും , നിത്യ ചൈതന്യ എന്ന ഗുരുവിലൂടെയും ജീവിതം തരികെ പിടിച്ച ഓർമകളാണ് ഈ പുസ്തകത്തിലുള്ളത്. 
ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ് പറഞ്ഞപോലെ   ആ കഥകളിൽ സ്ഫോടനാത്മകമായ അലങ്കാരങ്ങളൊന്നുമില്ലായിരുന്നു. ഇടിമുഴക്കങ്ങളില്ലായിരുന്നു. ജനാലയ്ക്കരികിലെ നിന്ന് ഒറ്റയ്ക്ക് വിദൂരതയിലേക്ക് ഉറ്റുനോക്കുന്നത് പോലെ ഒരു അനുഭവം. അഷിതയുടെ കഥകൾ അത്രയും ആർദ്രമായാണ്നമ്മിലൊക്കെ പെയ്തു നിറയുന്നത്. 
ഒരുപക്ഷേ അഷിത അഷിത ഗൗരവമായി വായിക്കപ്പെട്ടത് ആ അഭിമുഖങ്ങൾ പുറത്തു വന്നതിനു ശേഷമായിരിക്കണം എന്നു തോന്നുന്നു. അപ്പോളായിരിക്കണം അവരുടെ പുസ്തകങ്ങൾ ആളുകൾ വീണ്ടും ശ്രദ്ധിക്കാനും , മുൻപത്തേക്കാൾ കൂടുതലായി വായിക്കാനും തുടങ്ങിയത്. 
അല്ലെങ്കിലും ജീവിച്ചിരിക്കുമ്പോൾ അർഹമായ നിരൂപകശ്രദ്ധയോ സ്ഥാനമോ ഒന്നും കൊടുക്കാതെ മരിച്ച് കഴിയുമ്പോൾ അത്യുന്നതങ്ങളിൽ പ്രതിഷ്ഠിക്കാനും , ചർച്ച ചെയ്യാനുമാണല്ലോ നമുക്കൊക്കെ അറിയാവുന്നത്.
അഷിത ഇപ്പോൾ കൊണ്ടാടപ്പെടുകയാണ്, വീണ്ടും വീണ്ടും വായിക്കപ്പെടുകയാണ്,അവരുടെ ഹൈകു കവിതകളും, മയില്‍ പീലി സ്പര്‍ശമേറ്റ മറ്റു എണ്ണമറ്റ അമൃതാനുഭവങ്ങളും എല്ലാം ..
അങ്ങനെയെങ്കിലും നമ്മൾ ചെയ്ത അവഗണനയ്ക്ക് ഒരു പ്രായശ്ചിത്തമാകട്ടെ . 
ആഴ്ചപ്പതിപ്പിൽ ലേഖനം മുഴുവനായി പ്രസിദ്ധീകരിച്ച് കഴിഞ്ഞു കുറച്ചു നാളുകൾക്ക്  ശേഷം അവർ ഓർമയായി.  പിന്നീട് ആ ഓർമകുറിപ്പുകൾ  മാതൃഭൂമി ബുക്സ് പുസ്തകമാക്കുകയായിരുന്നു. 

Leave a comment