ചരിത്രമുറങ്ങുന്ന കാലപാനിയും അവിടുത്തെ കുറിപ്പുകളും

പ്രത്യേക പരിചയപ്പെടുത്തലുകൾ  ആവശ്യമില്ലാത്ത യാത്രയെഴുത്തുകളാണ് ഷെരീഫ് ചുങ്കത്തറയുടേത്.അതിഭാവുകത്വങ്ങളോ,അലങ്കാരങ്ങളോ ഒന്നുമില്ലാതെ ദേശങ്ങളെയും ജീവിതത്തെയും ഷെരീഫ് വിവരിക്കുന്നു.എഴുതാൻ വേണ്ടി മാത്രം ഒരു വരി പോലും എഴുതാത്തതിന്റെ സത്യസന്ധത എന്ന് ആമുഖ കുറിപ്പിൽ വിവരിച്ചിരിക്കുന്നത്തിനോട് എഴുത്തുകാരൻ നീതി പുലർത്തിയിട്ടുണെന്നു തോന്നുന്നു.
പണ്ട് ആഫ്രിക്കൻ അടിമകളുമായി പോയ ഒരു പോർച്ചുഗൽ കപ്പൽ മറിഞ്ഞപ്പോൾ അതിൽ നിന്നും രക്ഷപ്പെട്ടവരുടെ പിൻഗാമികളാണ് ആൻഡമാൻ ദ്വീപുലുള്ളവർ എന്ന് വിശ്വസിക്കപ്പെടുന്നു .അവിടങ്ങളിലക്കു      ഷെരീഫ് നടത്തിയ ഒരു യാത്രയെകുറിച്ചാണ് കാലാപാനി കുറിപ്പുകൾ എന്ന പേരിൽ പുസ്തകമാക്കിയിരിക്കുന്നത്.സന്ദർശിക്കുന്നയിടങ്ങളിലെ അല്പമെങ്കിലും ചരിത്രമറിയാതെയുള്ള അത്തരം യാത്രകൾകൊണ്ട്  പ്രതേകിച്ചൊരു ഗുണവും യാത്രക്കാർക്കുണ്ടാകാൻ പോകുന്നില്ല.പുതിയതായി കാണുന്ന ഒരിടം എന്നതിലുപരി പ്രത്യേകിച്ചൊന്നും അത് നേടി തരുന്നുമില്ല .കാണാൻ ഉദ്ദേശിക്കുന്നയിടങ്ങളിലെ മുഴുവൻ ചരിത്രമറിഞ്ഞുള്ള യാത്രകളും  പ്രയോഗികവുമല്ല തന്നെ. ബാറ്റിൽ ഓഫ് അബർദീൻ എന്ന പെയിന്റിങ്ങും അതിനു പിന്നിൽ ചരിത്രത്തിൽ ഇടം പിടിക്കാതെ പോയ കഥകളും എഴുത്തുകാരൻ തേടി പോകുന്നുണ്ട്. മലബാർ കലാപം മൂലം നാടുകടത്തപ്പെട്ടവരുടെ പുതിയ തലമുറയെ നമ്മൾ അവിടെ കാണുന്നുണ്ട്. പറിച്ചു നട്ടവർ അവരുടെ നാടിന്റെ പേരുകളും കൂടെ നട്ടു. നിലമ്പൂരും,മഞ്ചേരിയും,വണ്ടൂരുമെല്ലാം അങ്ങനെ ആൻഡമാനിൽ സൃഷ്ടിക്കപ്പെട്ടു.ലേഖഖന്റെ അഭിപ്രായത്തിൽ മലബാർ കലാപം ആത്യന്തികമായി കർഷകസമരമായിരുന്നെവെന്നു അവകാശപ്പെടുന്നു. അതുപോലെ ശിപായി ലഹള എന്നറിയപ്പെടുന്ന ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഒരു സ്വാതന്ത്ര്യ സമര പോരാട്ടമായി പരിഗണിക്കാൻ ലേഖകനു സാധിക്കുന്നില്ല എന്നും പറയപ്പെടുന്നുണ്ട്.ടിപ്പുവും, പഴശ്ശിയും ,ജാൻസീ റാണിയുടേതുമൊക്കെ ശ്രമങ്ങൾ അത്തരത്തിലുള്ളതല്ല എന്നും ഷെരീഫ് പറഞ്ഞുവെയ്ക്കുന്നു.അതുപോലെ സുഭാഷ് ചന്ദ്രബോസും, ജപ്പാനും തമ്മിലുള്ള ബന്ധവും അവരുടെ ദ്വീപുമായുള്ള ബന്ധവും പുസ്തകത്തിലുണ്ട്.ദ്വീപിലെ ജപ്പാനീസ് ക്രൂരതകൾക്ക് ബോസിനാണ് ഉത്തരവാദിത്വം എന്ന രീതിയിലുള്ള വിവരണങ്ങളും കാണാം .അവിടെ വച്ച് കണ്ടുമുട്ടിയ സാഹിബ് എന്ന ഒരു മനുഷ്യനാണ് പല വിവരങ്ങളും എഴുത്തുകാരാനുമായി പങ്കുവെയ്ക്കുന്നത് .ജപ്പാനിൽ നിന്നും ദ്വീപിനെ സ്വതന്ത്രമാക്കാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെ ഇന്ത്യയെ സ്വതന്തമാക്കാൻ സാധിക്കുമെന്നയാൾ പരിഹസിക്കുന്നുണ്ട്. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രമുഖ നേതാക്കളെന്ന് വിശേഷിപ്പിക്കപ്പെടുന്ന പലരും , ബോസിനെ ഭൂരിപക്ഷ പിന്തുണയുണ്ടായിട്ടും , തങ്ങളുടെ പാർട്ടിയിൽ  നിന്നും പുകച്ചു പുറത്തു ചാടിക്കുകയായിരുന്നുന്നുവെന്നും , മറ്റുള്ള തലമുതിർന്ന നേതാക്കന്മാർ സുഖ സൗകര്യങ്ങൾ തീർത്ത വീട് തടങ്കലിലോ ,അല്ലെങ്കിൽ അത്തരം ജയിലുകളിൽ പുസ്തകമെഴുതിയും, വായിച്ചും ഇരിക്കുമ്പോൾ തന്നെ,  പരിമിതികൾക്കു നടുവിൽ നിന്ന് കൊണ്ട് സ്വന്തം ജീവൻ പണയപ്പെടുത്തി കൊണ്ടായിരുന്നു  സ്വാതന്ത്ര്യസമര പോരാട്ടത്തിലേർപ്പെട്ടു കൊണ്ടിരുന്നതെന്നും എഴുത്തുകാരനെങ്കിലും ആ സാഹിബിനു പറഞ്ഞു കൊടുക്കാമായിരുന്നു എന്ന് തോന്നി പോയി. ആൻഡമാനിലെ മറ്റു ചരിത്രസ്ഥലികളുടെ വിവരങ്ങളും അവിടങ്ങളിലെ ചിത്രങ്ങളും പുസ്തകത്തിൽ കാണാം. പെൻഡുലം ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

Leave a comment