ചരിത്രകഥകളെക്കുറിച്ചുള്ള എണ്ണം പറഞ്ഞ കൃതികൾ ധാരാളമായി വായിക്കുന്നതിൽ താല്പര്യമുള്ളതിനാൽ തന്നെ ഈ പുസ്തകം കൈയ്യിലെടുത്തപ്പോൾ അതിനുമപ്പുറം ഒരു കൗതുകം തോന്നാതിരുന്നില്ല. അതൊരുപക്ഷേ ഈ പുസ്തകം കൈകാര്യം ചെയ്യുന്ന അതിന്റെ വിഷയമാകാം കാരണം എന്ന് തോന്നുന്നു.
ലൈംഗികതയെക്കുറിച്ചുള്ള പ്രശസ്ത പുസ്തകമായ കാമസൂത്രയുടെ രചയിതാവായ മുനി വാത്സ്യായന്റെ കഥയാണ് കാമയോഗി എന്ന നോവളിലൂടെ സുധീർ കക്കർ പറയുന്നത് . വാത്സ്യായനന്റെ അത്ര അറിയപ്പെടാത്ത ജീവിതത്തെ അടിസ്ഥാനമാക്കിയാണ് ഈ പുസ്തകമെങ്കിലും അത് തികച്ചും സാങ്കൽപ്പിക കഥ തന്നെയാണ്.
ഇന്ത്യൻ ചരിത്രത്തിലെ ഗുപ്ത കാലഘട്ടത്തിലെ സാമൂഹിക-സാംസ്കാരിക, സാമ്പത്തിക, ചരിത്രപരമായ പശ്ചാത്തലത്തിനു ബദലായി വാത്സ്യായന്റെ സ്ത്രീലിംഗ ലൈംഗികതയെക്കുറിച്ചുള്ള കുറിപ്പുകൾ കാമയോഗിയുടെ വായനകളിൽ പ്രക്ഷോഭങ്ങൾ സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ഒരു യുവ ബ്രാഹ്മണ പണ്ഡിതനും വത്സായനയുടെ ജീവചരിത്രകാരനുമായ നായകന്റെ ശബ്ദമാണ് ഇതിൽ കക്കർ ഏറ്റെടുക്കുന്നത്. ഭാഗികമായ ചരിത്രവസ്തുതകളോടൊപ്പം അദ്ദേഹത്തിന്റെ ഭാവനയും ഒത്തുചേർന്ന് പുസ്തകം പൂർത്തിയാകുന്നു.
വത്സായനയുടെ ജീവിതവും ആശയങ്ങളും രൂപീകരിക്കുന്നത് അവരുടെ അമ്മായി ചന്ദ്രിക എന്ന പ്രശസ്ത സ്ത്രീയായാണ് , അവരാകട്ടെ അറിയപ്പെടയുന്ന വേശ്യയും.
അവരുടെ ഒരു സ്ഥിരം സന്ദർശകനായിരുന്ന ഒരു യുവ വാസ്തുശില്പി അവളെ നിരസിച്ചപ്പോൾ അത്തരം പ്രവർത്തികളിൽ നിന്നും മോചിതയാകാൻ അവൾ തീരുമാനിക്കുന്നു. ഈ അപമാനം അവളുടെ ലൈംഗിക ജീവിതം ഉപേക്ഷിച്ച് ഒരു ബുദ്ധ കന്യാസ്ത്രീയാകാൻ അവളെ പ്രേരിപ്പിക്കുന്നു. ലൈംഗികത സിദ്ധാന്തങ്ങളെയും കെട്ടുകഥകളെയും ഊഹക്കച്ചവടങ്ങളെയും ആത്യന്തികമായി വാൽസ്യായനന്റെ കാഴ്ചപ്പാടിലേക്ക് മാറ്റുന്നതിൽ മുഖ്യ പങ്കു ചന്ദ്രികയ്ക്കുണ്ട്.
ജീവചരിത്രകാരൻ ഇതിനു ഇറങ്ങിപുറപ്പെടുന്ന സമയത്തു വാൽസ്യായനന്റെ കാമസൂത്രം എല്ലാവർക്കും പ്രാപ്യമായിരുന്നില്ല.അവർക്കു സംശയങ്ങൾ തീർക്കാൻ ബദ്രൂ എന്നറിയപ്പെടുന്ന ബദ്രവ്യാസന്റെ കൃതികളുണ്ട്.അന്നത്തെ പണ്ഡിതർക്കു കാമസൂത്രം അരോചകമായിരുന്നെവെങ്കിലും വാൽസ്യായനന്റെ എഴുത്തിലും അറിവിലും ബഹുമാനിച്ചിരുന്നു.യാഥാസ്ഥിക സമൂഹത്തിന്റെ ഭാഗമായിരുന്നതുകൊണ്ടു മാത്രം അവർക്കു അദ്ദേഹത്തിന്റെ കൃതിയെ തള്ളിപറയേണ്ടി വന്നു എന്നുള്ളതാണ് സത്യം. സ്ത്രീകൾ വെറും വിറകും പുരുഷൻ അഗ്നിയുമാണെന്ന അത്തരക്കാരുടെ വാദങ്ങളെ അദ്ദേഹം പൊളിച്ചെഴുതി.സ്ത്രീ ലൈംഗികതയോടു കാമസൂത്രം പുലർത്തുന്ന തുറന്ന മനസ്ഥിതി മൂലമാണ് പണ്ഡിതർ അതിനെ അക്രമിക്കുന്നതെന്നു വാൽസ്യായനും മനസ്സിലാക്കിയിരുന്നു.മാത്രവുമല്ല അദ്ദേഹം ഒരു വൈശ്യനുമായിരുന്നുവല്ലോ.
കാമശാസ്ത്രത്തിൽ അതുവരെയ്ക്കും ഉണ്ടായിരുന്നതു 17 ഗ്രന്ഥങ്ങളും അവയുടെ 42 വ്യാഖാനങ്ങളുമായിരുന്നു.രാജാവ് ഉദയനാണ് കാമശാസ്ത്രത്തെ കുറിച്ച് ഇതുവരെയ്ക്കും എഴുതപ്പെട്ട എല്ലാ ഗ്രന്ഥങ്ങളും വായിച്ചു അവ ആറ്റികുറുക്കി ഒന്നാക്കണമെന്നു വാൽസ്യായനോട് ആവശ്യപ്പെട്ടത്.
കാമസൂത്രത്തിലെ ഏഴു ഭാഗങ്ങളെ കുറിച്ച് ചിലയിടങ്ങളിൽ പുസ്തകം പരാമർശിക്കുന്നുണ്ട്.
ഏറെ രസകരമായ ഒരു സംഗതി , തന്റെ ആയുസു മുഴുവനും കാമത്തെ കുറിച്ചു എഴുതിയെങ്കിലും അതിൽ നിന്നും സ്വയം ഒളിച്ചോടിയ വ്യക്തിയായിരുന്നു വാൽസ്യായനൻ എന്നുള്ളതാണ്.
ലൈംഗികതയെ സംബന്ധിച്ചിടത്തോളം പുരാതന ഇന്ത്യ കൂടുതൽ ലിബറൽ സമൂഹമായിരുന്നുവെന്ന് പുസ്തകം പറഞ്ഞു വെയ്ക്കുന്നു. മനു എസ് പിള്ളയുടെ ദന്ത സിംഹാസനം എന്ന പുസ്തകത്തിൽ പൂർവ കേരളം അത്തരമൊരു സാമൂഹികാവസ്ഥയിൽ ആണ് വ്യവഹരിച്ചിരുന്നതെന്നു കാണാം. പിന്നീട് നമ്മൾ വിക്ടോറിയൻ സദാചാരം ഇറക്കുമതി ചെയ്യുകയും അതിനെ സ്വീകരിച്ചു ഇവിടുള്ളതിനെ പുറംതള്ളുകയുമാണുണ്ടായത്.
പൊതുവേ സ്ത്രീകളുടെയും പ്രത്യേകിച്ച് വേശ്യകളുടെയും നിലപാട് പുസ്തകത്തിൽ വ്യക്തമാക്കുന്നു. ചന്ദ്രിക യുമായും മാത്രമല്ല വാത്സ്യായനയുടെ ഭാര്യ മാളവികയുമായും ഇതിലെ ജീവചരിത്രകാരൻ ബന്ധം പുലർത്തുന്നുണ്ട് . എഴുത്തുകാരൻ സ്ത്രീകളുടെയും പുരുഷന്മാരുടെയും ലൈംഗികതയുടെ വിവിധ വശങ്ങൾ പലപ്പോഴായി വിശദീകരിച്ചു കാണുന്നു .
ഒരുപക്ഷെ ഒരു മന:ശാസ്ത്രവിദഗ്ദ്ധനെന്ന നിലയിൽ കക്കറിന്റെ വൈദഗ്ദ്ധ്യം ഈ പുസ്തകത്തിൽ വേണ്ട രീതിയിൽ ഉപയോഗിച്ചിട്ടുണ്ടെന്നു തോന്നുന്നു.പുസ്തകം പുറത്തിറക്കിയിരിക്കുന്നത് ഗ്രീൻ ബുക്ക്സ് ആണ്. മലയാളത്തിലേക്ക് വിവർത്തനം ചെയ്തിരിക്കുന്നത് സുരേഷ് എം ജി യും.
