പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മലയാള ഭാഷയിൽ രചിക്കപ്പെട്ട നോവലുകളിനൊന്നാണ് ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ. ഒരുപക്ഷെ ഇന്ന് പ്രചുര പ്രചാരത്തിൽ ഇരിക്കുന്നതും ഏവർക്കും പരിചയമുള്ളതുമായ ഇന്നത്തെ നോവലിന്റെ ആഖ്യാന നിയമങ്ങളൊന്നും രൂപപ്പെടുന്നതിനും വളരെ നാളുകൾക്കു മുന്നേ പിറന്നതാണീ നോവൽ . ഇതിനെ ഒരു നോവൽ ആയി അന്ന് കണ്ടിരുന്നോ എന്നും സംശയമാണ്. കൊളോണിയൽ ആധിപത്യവും ,അതിന്റെ സാംസ്‌കാരിക അധിനിവേശവും കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സൃഷ്ടിച്ച ആഘാതങ്ങളുടെയും ,നിർമ്മിതികളുടെയും ഒരു ഛായ നോവലിലിൽ കാണാം എന്ന് നോവൽ പഠനത്തിന്റെ കുറിപ്പിൽ പി പി രവീന്ദ്രൻ കുറിച്ചിട്ടുണ്ട് .ഇത്തരം നോവലുകൾ ഇപ്പോൾ വായിക്കപ്പെടേ ണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യപ്പെടുന്ന കാലത്താണ് നാമിപ്പോൾ ഉള്ളത്. അന്നത്തെ സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ നേരം വണ്ണം അന്നത്തെ എഴുത്തുകളിൽ തീർച്ചയായും പ്രതിഫലിക്കപ്പെട്ടിട്ടുണ്ടാകും എന്നത് തീർച്ചയാണ്.
നോവൽ പിറന്നിട്ടു ഒരു നൂറ്റാണ്ടിനിപ്പുറം അവ വായിക്കുമ്പോൾ വിനോദോപാധി എന്നതിനുമപ്പുറം മേല്പറഞ്ഞ ഘടകങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. ആദ്യത്തെ ഭാരതീയ ഭാഷ നോവൽ ആയാണ് ഫുൽമോനി ഓ കരുണാർ ബിബരൺ എന്ന ബംഗാളി നോവൽ അറിയപ്പെടുന്നത് തന്നെ. 1852 ൽ ഫുൽമോനി പിറന്നു വീണത് ഒരു നോവലായല്ല എന്നതാണ് സത്യം!മറിച്ചു മത പ്രചാരണത്തിനായുള്ള വെറുമൊരു ഗദ്യമായിട്ടാണ് അത് അറിയപ്പെട്ടത്. അങ്ങനെ നോക്കുമ്പോൾ ഈ പുസ്തകം എവിടെ രേഖപ്പെടുത്തും എന്നുള്ളതിന് ഒരു സംശയമില്ല .അതെന്തായാലും സാഹിത്യ ചരിത്രത്തിന്റെയോ അതുമായി ബന്ധപ്പെട്ട ഒരിടത്തുമില്ല ,സാമൂഹിക ചരിത്രത്തിന്റെ ഏടുകളിൽ തന്നെയാണ് അടയാളപ്പെടുത്തേണ്ടത് , അതിൽ തർക്കമില്ല.
ബംഗാളിഭാഷയിൽ എഴുതപ്പെട്ട ഈ നോവൽ മിസ്സിസ് കാതറീൻ ഹന്നാ മുല്ലൻസ് എന്ന പാശ്ചാത്യവനിതയാണ് എഴുതിയയത് . 1852-ൽ കൽക്കട്ടയിൽ അത് ആദ്യം പ്രസിദ്ധപ്പെടുത്തി. പിന്നീട് 1853-ൽ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി. 1858-ൽ ആണ് മലയാളത്തിൽ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന പേരിൽ ഈ ക്യതി പരിഭാഷ ചെയ്തത്. തുടർ വർഷങ്ങളിൽ തെലുങ്കു , കന്നഡ, മറാഠി തുടങ്ങി ഭാഷകളിലും ഇതിന്റെ വിവർത്തനങ്ങൾ പുറത്തിറങ്ങി.ഇന്ദ്യായിലെ സ്ത്രീ ജനങ്ങൾക്ക് പ്രയോജനത്തിനായുള്ള ഒരു മദാമ്മ അവർകൾ എഴുതിയ ഇമ്പമായ ചരിത്രങ്ങൾ എന്ന ഉൾ പേജിലെ ശീർഷകത്തോടെയാണ് എന്നത് ഇറങ്ങിയത്. കോട്ടയത്തെ സിഎം പ്രെസ്സിലാണ് അതച്ചടിച്ചതെന്നും പറയ്യപ്പെടുന്നു .അന്ന് അത് മലയാളത്തിലേക്കു തർജ്ജമ ചെയ്‍തത് റവ:ജോസഫ് പീറ്റാണ്. ചിന്ത പബ്ലിഷേഴ്സ് പുറത്തിറക്കിയ പതിപ്പാണ് എന്റെ കൈയിലുള്ളത്.
പിൻ കുറിപ്പ് : ഈ നോവലിന് ആർ രാജശ്രീ യുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത എന്ന നോവലുമായി യാതൊരു ബന്ധവുമില്ല.
