സ്വപനം,ആസക്തി,വിഷാദം,ദൈവകല്പിതം എന്നിങ്ങനെ നിരവധി അടരുകളിൽ കഥയുടെ ഭാഗങ്ങളെ കോർത്തിണക്കി കൊണ്ട് കഥപറയുകയാണ് അബ്‌ദുള്ള ഖാൻ തന്റെ പാറ്റ്ന ബ്ലൂസ് എന്ന കന്നി നോവലിലൂടെ. കഥയിലെ കേന്ദ്ര കഥാപാത്രം ആരിഫ് എന്ന യുവാവാണെങ്കിലും പാറ്റ്ന എന്ന ഇടവും അതിന്റെ സാമൂഹ്യ,രാഷ്ട്രീയ ജീവിത പരിസരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഒപ്പം നീങ്ങുന്നുണ്ട്.
1980 കളുടെ അവസാനവും 1990 കളുടെ തുടക്കവും ബീഹാറിന്റെ തലസ്ഥാനമായ പാറ്റ്ന അതിന്റെ തനതു രൂപത്തിൽ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട് എഴുത്തുകാരൻ.
പട്‌നയിലെ ഒരു സബ് ഇന്‍സ്‌പെക്റ്ററുടെ മകനായ ആരിഫിനു ഒരു സഹോദരനും മൂന്ന് സഹോദരിമാരുമുണ്ട്.ഒരുകാലത്ത് നിരവധി ഭൂസ്വത്തിനുടമകളും, സമ്പത്തുമുണ്ടായിരുന്ന അവരുടെ കുടുംബം, പിന്നെപ്പോഴോ അതെല്ലാം നഷ്ടപ്പെട്ട് മധ്യ വർഗ്ഗ കുടുംബങ്ങളുടേതിനും താഴെയുള്ള ഒരു അവസ്ഥയിലേക്ക് വീണു.
ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകാൻ അതിതീവ്രമായി ആഗ്രഹിക്കുകയും അതിനു വേണ്ടി ആത്മാർത്ഥമായി പരിശ്രമിക്കുകയും സിവിൽ സർവീസ് പരീക്ഷയ്ക്ക് ഹാജരാക്കുകയും ചെയ്യുന്നുണ്ട് അയാൾ.സിവില്‍ സര്‍വീസ് പരീക്ഷ പാസായി ഒരു ഐ എ എസ് ഓഫീസര്‍ ആയാൽ തന്റെ കുടുംബത്തിന് നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കാമെന്നയ്യാൾ സ്വപനം കണ്ടു.
എന്നാൽ നാലു തവണയും അയാൾക്കു തന്റെ ലക്‌ഷ്യം കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെടുന്നു.
അതിനിടയ്ക്ക് യാദൃച്ഛികമായി നീണ്ട മുടിയും , ധൈര്യശാലിയും ,സുന്ദരിയും ,തന്നെക്കാള്‍ പ്രായമുളളവളും , മറ്റൊരാളുടെ ഭാര്യയുമായ സുമിത്ര എന്ന ഹിന്ദു സ്ത്രീയുമായി ആരിഫ് പ്രണയത്തിലാകുന്നു.
തന്റെ പ്രണയത്തിന്റെ ആത്യന്തിക ഫലത്തെ കുറിച്ച് അവൻ ബോധവാനാണെങ്കിലും അതിൽ നിന്ന് പുറത്തു കടക്കാൻ പലതവണ ശ്രമിച്ചിട്ടും പരാജയപെട്ടുപോകുന്നു. അത്ര മേൽ അവൻ അകന്നു പോകാൻ ശ്രമിക്കുമ്പോഴും സാഹചര്യങ്ങൾ അവനെ അവളുടെ അടുത്തേക്ക് തന്നെ കൊണ്ടെത്തിക്കുന്നു.
സ്വന്തം സഹോദരൻ സക്കീർ ആരിഫിന്റെ പ്രണയത്തിനെ കുറിച്ച് ചോദിക്കുമ്പോൾ അവൻ കള്ളം പറയുന്നില്ല. നിങ്ങൾക്ക് മാത്രമേ നിങ്ങളുടെ സദാചാരത്തിന്റെ അതിർ വരയ്ക്കാൻ കഴിയൂ എന്ന സക്കീറിന്റെ വാക്കുകൾ അവനെ ഞെട്ടിക്കുന്നുണ്ട്.
തന്റെ അനിയനാണെങ്കിലും അവന്റെ പക്വത ആരിഫിനെ പലപ്പോഴും ഇത്തരത്തിൽ അത്ഭുതപ്പെടുത്തുന്നുണ്ട്. നോവലിൽ അന്നത്തെ സാമൂഹ്യ,രാഷ്ട്രീയ സംഭവങ്ങളെ അതതു കാലഘട്ടത്തിൽ അടയാളപ്പെടുത്തുന്നുണ്ട് . മണ്ഡൽ കമ്മീഷനെതിരായുള്ള സമരങ്ങൾ,1984 ലെ ഇന്ദിരാ ഗാന്ധി വധം, 1992 ലെ ബാബ്‌റി മസ്ജിദ് തകർക്കൽ ,പിന്നീടുണ്ടായ സംഘർഷങ്ങൾ,ലാലു പ്രസാദ് യാദവിന്റെ അഴിമതിയും പിന്നീടുള്ള ജയിൽവാസം, തുടങ്ങിയ നിരവധി സംഭവങ്ങൾ നോവലിൽ കടന്നു വരുന്നുണ്ട്.
ആരിഫിന്റെ അബ്ബാ ദാർശനിക സ്വഭാവമുള്ളവനാണ്.ജീവിതത്തിൽ ഒരിക്കലും കുറുക്കു വഴികൾ തേടാത്ത ഒരാൾ. പോലീസ് സേനയിലെ പടല പിണക്കങ്ങളുടെ അനന്തര ഫലമായി മാവോയിസ്റ് ആക്രമണ ഭീഷണി നില നിൽക്കുന്ന ഒരു സ്ഥലത്തേക്ക് സ്ഥലം മാറ്റം കിട്ടുമ്പോൾ ,ആരിഫിന്റെ ഉമ്മ ഭയന്ന് അവരോടു ഒന്നില്ലെങ്കിൽ ആ നിയമനം നിരസിക്കാനും ,അതിനു കഴിയില്ലെകിൽ ജോലി രാജി വെയ്ക്കാനും ആവശ്യപ്പെടുന്നുണ്ട്.ഒരു ഭീരുവിനെ പോലെ ഒളിച്ചോടാൻ തന്നെ കിട്ടില്ലെന്നും, അവിടങ്ങളിലും ജോലി നോക്കുന്ന പോലീസുകാരുണ്ടെന്നയാൾ മറുപടി നല്കുന്നു.ജീവിതവും മരണവും അല്ലാഹുവിന്റെ കൈകളിലാണെന്നയാൾ കൂട്ടിച്ചേർക്കുന്നു.
ഹിന്ദു മുസ്ലിം ഭിന്നത രൂക്ഷമായ കാലഘട്ടത്തിൽ സംഘർഷ ഭരിതമായ ഒരു ജനതയുടെ ജീവിതവും പിന്നീട് നോവലിൽ കാണാം.ഒരു വേള ആരിഫ് അതിൽ നിന്നും കഷ്ടിച്ചു രക്ഷപെടുന്നുമുണ്ട്. എങ്കിൽ കൂടി ഇത്തരം സന്ദർഭങ്ങളിൽ അന്യമതസ്ഥരോടുള്ള പൊതുവെ കാണിക്കുന്ന വെറുപ്പൊന്നും ആരിഫിൽ നമുക്ക് കാണാൻ സാധിക്കില്ല.
ബാബറി മസ്ജിദ് സംഭവത്തിന് ശേഷം ഗ്രാമത്തിലെ ക്ഷേത്രം തകർത്ത് പ്രതിഷേധിക്കാൻ കോപ്പ് കൂട്ടുന്ന തന്റെ കൂട്ടരുടെ പദ്ധതികളെ അവൻ എതിർക്കുകയും ആ ശ്രമം തകർക്കാൻ പദ്ധതികൾ ആലോചിക്കയും ചെയ്യുന്നുണ്ട് അയാൾ.
ഡൽഹിയിൽ തന്റെ കാണാതായ സഹോദരൻ സക്കീറിനെ അന്വേഷിച്ചു പോകുന്നതിനിടയിൽ ,ജുമാ മസ്ജിദിനടുത്തുള്ള കടയിൽ നിന്നും കൊത്തിയെരിഞ്ഞ പോത്തിറച്ചി വറക്കുന്നതു കാണുന്ന ആരിഫ് മണമടിക്കാതിരിക്കാൻ തൂവാലയെടുത്തു മൂക്ക് പൊത്തുന്നുണ്ട്. ഡൽഹി ബോംബ് സ്ഫോടന കേസുകളിൽ പോലീസ് സക്കീറിനെ അകത്താക്കുന്നുണ്ടെങ്കിലും അയാളെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിക്കുന്നില്ല.
തന്റെ കുടുംബം ഇത്തരത്തിൽ വഴി മുട്ടി നിൽക്കുമ്പോൾ , എന്തുകൊണ്ട് തനിക്കു ഇങ്ങനെയൊക്കെ സംഭവിക്കുന്നു എന്ന് ആരിഫ് ചിന്തിക്കുന്നുണ്ട്. നിരവധി ഏറ്റുമുട്ടൽ കേസുകളിൽ മുസ്ലിം എന്ന പേരുള്ളതുകൊണ്ടു മാത്രം നിരവധി പേർ പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയുന്നു. അതുപോലെ ചിലപ്പോൾ സക്കീറും കൊലചെയ്യപ്പെട്ടിട്ടുണ്ടാകാം എന്നു അവൻ വിചാരിക്കുന്നു. ഐഎഎസ് സെലക്ഷൻ പരീക്ഷയിൽ നാല് തവണ എഴുതിയിട്ടും താൻ തെരെഞ്ഞെടുക്കപ്പെടുന്നില്ല.പക്ഷെ അവനെക്കാൾ കഴിവ് കുറഞ്ഞ, പലപ്പോഴും ആരിഫു തന്നെ പഠന സംബന്ധമായ സംശയങ്ങൾ തീർത്തുകൊടുത്തു സഹായിച്ചുകൊണ്ടിരുന്ന അവന്റെ സുഹൃത്ത് മൃത്യുഞ്ജയ് തെരെഞ്ഞെടുക്കപ്പെടുന്നു.ചിലപ്പോൾ തൻറെ പേരാകാം താൻ തെരെഞ്ഞെടുക്കപ്പെടാത്തതിന്റെ കാരണമെന്ന് കരുതുമ്പോഴും ആരെയും പഴിപറയാന് അവൻ തയാറാകുന്നില്ല.
2000 ലെ നവംബറിൽ ബീഹാർ വിഭജിക്കപ്പെട്ട് ജാർഖണ്ഡ് രൂപീകരിക്കപ്പെടുന്നു.വിഭജനാന്തരവും ബീഹാറിനെ നോവലിലുടനീളം നോവലിസ്റ്റ് രേഖപ്പെടുത്തുന്നുണ്ട്. സുമിത്രയെ കാണാനുള്ള യാത്രക്കിടയിൽ റെയിൽവേ സ്റ്റേഷന് പുറത്തുള്ള പൊതു ടോയ്‌ലറ്റിന് പുറത്തെ നീണ്ട നിരആരിഫിനെ ബീഹാറിലെ ഒരു സാമൂഹികാവസ്ഥയെ ഓർമിപ്പിക്കുന്നുണ്ട് .അതല്പം ചിന്തക്കാനുള്ള വകയും നൽക്കുന്നുണ്ട്. “ഇന്ത്യയുടെ മറ്റു ഭാഗങ്ങളിൽ നിന്നും വ്യത്യസ്തമായി ബീഹാറിൽ എല്ലാ നഗരത്തിലും പൊതുടോയ്‌ലറ്റുകൾ കാണാം.നമ്മുടെ സംസ്ഥാനത്തു ഭക്ഷിക്കാൻ അധികമൊന്നുമില്ലങ്കിലും വെറും ഒരു രൂപയ്ക്കു സൗകര്യപ്രദമായി വിസ്സർജ്ജിക്കാൻ സുലഭമായി ശൗചാലയങ്ങളെങ്കിലും ഉണ്ട്.”
താൻ ആഗ്രഹിച്ചതിൽ നിന്നും വിഭിന്നമായി ആരിഫിന് ഒരു സർക്കാർ ഓഫീസിൽ ഒരു ഉർദു പരിഭാഷകന്റെ ജോലി ലഭിക്കുന്നു. സക്കീർ ജീവിച്ചിരിപ്പുണ്ട് എന്നൊരു കത്ത് വർഷങ്ങൾക്കു മുന്നേ അവർക്കു ലഭിച്ചിരുന്നെങ്കിലും ആ സമയത്ത് അതിലൊന്നും അവർക്കു തരിമ്പും പ്രതീക്ഷയെ ഉണ്ടായിരുന്നില്ല . . സുമിത്രയുമായുള്ള ബന്ധം ഉപേക്ഷിച്ചു ഫർസാനയുമൊത്തു കല്യാണ ജീവിതത്തിലേക്ക് കടക്കാൻ ശ്രമിക്കുമ്പോൾ അവിടയും അയാൾക്കു തിരിച്ചടി സംഭവിക്കുന്നു.വിധിയുമായി പൊരുത്തപ്പെടാം എന്ന് വിചാരിക്കുമ്പോഴും അയാൾ അവിടെയൊക്കെ തോറ്റു പോകുന്നത് കാണാം. വീണ്ടും ആരിഫ് സുമിത്രയെ തേടി പോകുന്നു.പക്ഷെ അയാൾക്കു വിധി സമ്മാനിക്കുന്നത് മറ്റൊന്നാണ്.
പട്ന ബ്ലൂസ് ഒരു സാധാരണ ബീഹാർ മുസ്ലീം കുടുംബത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥയാണ് പറയുന്നത്. ഒരു കാലത്ത് ബീഹാറിലെ സമ്പന്നമായ ഒരു മുസ്ലീം കുടുംബത്തിന്റെ അഭിലാഷങ്ങളും നിരാശകളും ആഗ്രഹങ്ങളും ഒക്കെ നോവലിൽ പ്രതിഫലിക്കുന്നുണ്ട്. ഒരു താഴ്ന്ന മധ്യവർഗ കുടുംബത്തിന്റെ പോരാട്ടത്തെ സത്യസന്ധമായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മാത്രം വരുമാനം കൊണ്ട് എങ്ങനെ മുന്നോട്ടു കൊണ്ട് പോകുന്നു എന്ന് ഇതിൽ കാണാം . കൂടാതെ, ഇന്ത്യൻ സിവിൽ സർവീസുകളിൽ പ്രവേശനം നേടാനുള്ള മുസ്‌ലിം ചെറുപ്പക്കാരുടെ അഭിലാഷങ്ങളും അവരുടെ പാതയിലെ പ്രതിബന്ധങ്ങളും വെല്ലുവിളികളും നമ്മുക്ക് മുന്നിൽ വിവരിക്കുന്നു.
അബ്‌ദുള്ള ഖാൻ തനറെ സഹോദരൻ സിയാവുള്ള ഖാൻ സംവിധാനം ചെയ്ത വിരാം (2017) എന്ന സിനിമയ്ക്ക് വേണ്ടി കഥ എഴുതിയിട്ടുണ്ട്.പട്ന ബ്ലൂസ് ഒരു വെബ് സീരീസിൽ പ്രത്യക്ഷപ്പെടാൻ പോകുന്നു എന്ന് കേൾക്കുന്നു. അവസാനിപ്പിക്കുന്നതിന് മുൻപ് ഒന്നുകൂടി പറയാൻ ആഗ്രഹിക്കുന്നു.ഇന്ത്യൻ മുസ്‌ലിംകളുടെ പതിവ് സ്റ്റീരിയോടൈപ്പ് കഥകളിൽ നിന്നും വളരെ വ്യത്യസ്തമാണീ നോവൽ .എഴുത്തുകാരൻ അക്കാര്യത്തിൽ വളരെയധികം വിജയിച്ചിരിക്കുന്നു എന്ന് വേണം പറയാൻ.
പുസ്തകം മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് പോൾ വി മോഹൻ ആണ്. മഞ്ജുൾ പബ്ലിഷിങ് ഹൌസ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്
