രാജാ ബിംബിസാരനും അദ്ദേഹത്തിന്റെ ശത്രുരാജ്യത്തിലെ സുന്ദരിയായ അമ്രപാലിയും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് ജർമ്മൻ സാഹിത്യകാരനായിരുന്ന തിയോഡർ കിംഗ് തന്റെ അമ്രപാലി എന്ന നോവലിലൂടെ പറയുന്നത്. 2500 വർഷങ്ങൾക്കുമുമ്പ് മഹാവീരനും ഗൗതമ ബുദ്ധനും ജീവിക്കുകയും അവർ നടന്നു പോയിരുന്ന ആ ഒരു കാലത്തെക്കുറിച്ചാണ് നോവൽ നമ്മോടു സംസാരിക്കുന്നത്. ഇരുവരും വൈശാലിയുടെ പരിസരത്താണല്ലോ താമസിച്ചിരുന്നത്. ശ്രീബുദ്ധൻ പലതവണ വൈശാലി സന്ദർശിച്ചതായും പറയപ്പെടുന്നുണ്ട്. ഗൗതമ ബുദ്ധനും ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഒരു മാമ്പഴത്തോട്ടത്തിൽ നിന്ന് കണ്ടെത്തിയതും ഒരു കർഷക ദമ്പതികൾ വളർത്തിയതുമായ ഒരു കുഞ്ഞിന്റെ കഥയാണിത്. മഹാനവും പ്രമോദയും അവളെ എടുത്തു വളർത്തുകയായിരുന്നു. മാവിൻചുവട്ടിൽ നിന്നും കിട്ടിയതുകൊണ്ടാണ് അവൾക്കു അമ്രപാലി എന്നപേരിട്ടത്.വളർന്നു വലുതായപ്പോൾ അതിസുന്ദരിയും സകല കലകളിലും, നൃത്തനൃത്യങ്ങളിലും കഴിവ് തെളിയിച്ചവളുമായതുകൊണ്ടു അവിടുത്തെ വൃദ്ധജനങ്ങളുൾപ്പെടെ സകല പുരുഷന്മാരുടെയും ഉറക്കം കെടുത്തുന്നവളായി അവൾ. അവളുടെ വിവാഹവും അതുകൊണ്ടു തന്നെ ഒരു പ്രഹേളികയായി മാറി. അവളെ വിവാഹം ആലോചിച്ചു വന്നവർ അവൾക്കു വേണ്ടി പോരാടി സ്വയം മരണത്തെ വിളിച്ചു വരുത്തി. ഒടുവിൽ അവളുടെ ഭാവി ലിഛാവി എന്നറിയപ്പെടുന്ന നാട്ടുകൂട്ടത്തിന്റെ അഭിപ്രായത്തിനു വിടേണ്ടി വന്നു . എന്നാൽ അവരുടെ വിധി അതിക്രൂരമായിരുന്നു. അവൾ ഗണഭോഗ്യ ആകട്ടെ എന്നായിരുന്നു നാട്ടുകൂട്ടത്തിന്റെ അന്തിമ തീരുമാനം . ഒരാൾക്ക് മാത്രമാകാതെ അവൾ എല്ലാവരെയും സേവിക്കട്ടെ എന്നവർ ആക്രോശിച്ചു. എന്നാൽ ചില നിബന്ധനകൾ അവൾ മുന്നോട്ടു വച്ചു. അതിൻ പ്രകാരം ഗണിക എന്ന പദവി അവളിൽ അടിച്ചേല്പിക്കപ്പെട്ടു. അങ്ങനെ ആ രാജ്യത്തു അവൾ ഒരു ഉയർന്ന സമ്പത്തിലും, നിലയിലും ജീവിക്കുന്നതിനിടയിൽ ശത്രു രാജ്യത്തിലെ രാജാവായ രാജാ ബിംബിസാരനുമായി അവൾ പ്രണയത്തിലായി . അവൾക്കു ഒരു കുഞ്ഞു ജനിക്കുകയും അവൾ ഗണിക ജീവിതത്തിൽ നിന്നും വിരമിക്കുകയും ചെയ്തു. ഇതിനിടെ ഗൗതമ ബുദ്ധൻ അവിടം സന്ദർശിക്കുന്നു . അവൾ അദ്ദേഹത്തിന്റെ വരവിനായി വർഷങ്ങാളായി കാത്തിരിക്കുകയായിരുന്നു. മുൻപ് അദ്ദേഹം വന്നപ്പോൾ അവൾ അദ്ദേഹത്തെ കാണുകയും അവളുടെ വീട്ടിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം വീണ്ടും വരുമെന്ന് പറഞ്ഞിരുന്നു. രണ്ടാം വരവിലെ കൂടിക്കാഴ്ചയിലൂടെ അവളുട ജീവിതം വേറൊരു തലത്തിലേക്ക് ഉയരുകയാണ്.
നോവൽ ഒരു വേശ്യയുടെ കഥയാണ് പറയുന്നതെങ്കിലും ഇതിവൃത്തം ലൈംഗിക അഭിനിവേശത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വിവരണത്തിനോ ,ബന്ധപ്പെട്ട വിസ്താരങ്ങൾക്കോ കീഴടങ്ങുന്നില്ല എന്നതാണ് പുസ്തകത്തിന്റെ ഏറ്റവും രസകരമായ സ്വഭാവം. മറ്റൊരു ജർമൻ എഴുത്തുകാരൻ എഴുതി അനശ്വരമാക്കിയ അദ്ദേഹത്തിന്റെ ഒരു കൃതി കൂടി മുൻപ് വായിച്ചിട്ടുണ്ടായിരുന്നു . ഹെർമൻ ഹെസ്സേ യുടെ സിദ്ധാർത്ഥ ആയിരുന്നു ആ നോവൽ. അതും ബുദ്ധനുമായി ബന്ധപെട്ടതായിയുന്നു. ഈ ജർമൻകാർക്കെന്താണ് ബുദ്ധനെ ഇത്ര പിടുത്തം എന്നാണ് ഞാനിപ്പോ ആലോചിച്ചു പോകുന്നത്? അവരെ ആകർഷിക്കുന്നത് ബുദ്ധന്റെ ലാളിത്യമാണോ , അതോ അദ്ദേഹത്തിന്റെ ആശയങ്ങളോ?
രണ്ടായാലും സാഹിത്യത്തിന് അത് മുതൽക്കൂട്ട് തന്നെയാണ്.
പുസ്തകം മലയാളത്തിലേക്കു തർജ്ജമ ചെയ്തിരിക്കുന്നത് അടയാളം പബ്ലിക്കേഷന് വേണ്ടി കെ എസ് വേണുഗോപാലാണ്.
