ഒൻപത് ജീവിതങ്ങളും പിന്നെ ഡാൽ‌റിംപിളും

ചരിത്രത്തിന്റെയും യാത്രയുടെയും എഴുത്തുകാരനായാണ് വില്യം ഡാൽ‌റിംപിൾ അറിയപ്പെടുന്നത് .വൈറ്റ് മുഗൾസ് , സിറ്റി ഓഫ് ജിൻ‌സ് ,ദ ലാസ്റ്റ് മുഗൾ തുടങ്ങിയ എണ്ണം പറഞ്ഞ പുസ്തകങ്ങൾ കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിക്കുകയും ,അത്തരത്തിൽ ഇന്ത്യ ചരിത്രത്തിന്റെ നിരവധി അടരുകളെ നമ്മെ പരിചയപ്പെടുത്തുകയും ചെയ്തയാളാണ് ഡാൽ‌റിംപിൾ.അതുകൊണ്ടു തന്നെ വില്യം ഡാൽ‌റിംപിളിനെ വായനക്കാർക്കിടയിൽ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമേയില്ല . 

നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മലയാളത്തിൽ വന്നിട്ടുള്ളവ അധികം കണ്ണിൽപെട്ടിട്ടില്ല. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു പുസ്തകം അതും ഇതുവരെയ്ക്കും മലയാളത്തിലേക്ക്  വന്നിട്ടുള്ള ഒന്ന് (ഒരേയൊരുന്ന്) എന്ന് ഞാൻ വിശ്വസിക്കുന്ന ഒരു പുസ്തകമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.ഒൻപതു ജീവിതങ്ങൾ എന്നാണ് ആ പുസ്തകത്തിന്റെ പേര്.

 ഈ പുസ്തകത്തിനുള്ള ആശയം ഇതെഴുതുന്നതിനും പതിനാറു വർഷങ്ങൾക്കു മുൻപ് കൃത്യമായി പറഞ്ഞാൽ 1993 ലെ ഒരു ഉയർന്നു തെളിഞ്ഞ ഹിമാലയൻ വേനൽ പുലർച്ചയിലാണുണ്ടായത് എന്ന് എഴുത്തുകാരൻ നമ്മളോട് പറയുന്നുണ്ട്.ആധുനികതയ്ക്കും പാരമ്പര്യത്തിനുമിടയിലുള്ള ഇടങ്ങളിലെ കഥകളാണ് ഒൻപതു അധ്യായങ്ങളിലായ് പുസ്തകത്തിൽ നിറഞ്ഞു  കിടക്കുന്നത്.പരസ്പരം ബന്ധിക്കാത്ത ഒൻപതു കഥേതര ചെറു കഥകളായാണ് ഒൻപതു ജീവിതങ്ങൾ നമ്മളോട് പറയുന്നത്.

1972 ൽ റായ്പൂരിലെ വ്യാപാരികളുടെ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച പ്രസന്നമതി മാതാജിയുടെ കഥയോടെയാണ് പുസ്തകം ആരംഭിക്കുന്നത്. അവർ എങ്ങനെ ഒരു ജൈന കന്യാസ്ത്രീയായതെന്നും അതിലേക്കു എത്തപ്പെട്ടതെന്നും അവരുമായുള്ള നേരിട്ടുള്ള സംഭാഷണത്തിലൂടെയാണ് എഴുത്തുകാരൻ മനസ്സിലാക്കുന്നത്. 

ദൈവങ്ങൾ ആണ്ടിലൊരിക്കൽ മണ്ണിലിറങ്ങി വന്ന് നൃത്തം ചെയ്യുന്നത് കാണാൻ കാത്തിരിക്കുന്ന ഒരു ജനതയുടെയും, തെയ്യം കോലം കെട്ടുന്ന ,കൊല്ലത്തിൽ ഒൻപതു മാസം കൂലിപ്പണിയെടുക്കുന്ന,ആഴ്ചയിൽ അഞ്ചു ദിവസം കിണർ കുഴിക്കുന്ന,ആഴ്ചയവസാനം തലശ്ശേരി സെൻട്രൽ ജയിലിൽ വാർഡനായി ജോലി നോക്കുന്ന ഹരിദാസ് എന്ന ചെറുപ്പകാരനറെയും കഥ കണ്ണൂരിലെ നർത്തകൻ എന്ന അധ്യായത്തിലൂടെ നമ്മുടെ മുന്നിലെത്തുന്നു.

 കേരളത്തിലെ നാട്ടുപ്രദേശങ്ങളിലൂടെ  പലപ്രാവശ്യം സഞ്ചരിച്ചതിനുശേഷം  രസകരമായൊരു നിരീക്ഷണം കേരളത്തെക്കുറിച്ചു എഴുത്തുകാരൻ പങ്കുവെക്കുന്നുണ്ട് . അതിപ്രകാരമാണ് .”കേരളത്തെ സങ്കല്പിക്കാവുന്നതിൽ വെച്ച് ഏറ്റവും സൗമ്യവും ദയാപരവും ഉദാരമനസ്‌കവുമായ നാടാണെന്ന് തോന്നിക്കുമെങ്കിലും യഥാർത്ഥത്തിൽ കേരളം ഇന്ത്യയിൽ ഏറ്റവുമധികം യാഥാസ്ഥിതകത്വവും സാമൂഹിക അടിച്ചമർത്തലുകളൂം, ഉറച്ച അധികാര ശ്രേണികളും നിലനിൽക്കുന്ന നാടാണ്”.ഈ അധ്യായത്തിൽ അവിടുത്തെ പ്രാദേശിക രാഷ്ട്രീയ സംഘട്ടനങ്ങളെ കുറിച്ചും കൊലപാതകങ്ങളെ കുറിച്ചുമൊക്കെ പരാമർശിക്കുന്നുണ്ട്. എഴുത്തുകാരന് അതൊക്കെ പുതുമയാണെന്നു തോന്നുമെങ്കിലും ഒരു ഫുട്ബോൾ മാച്ചിന്റെ ലാഘവത്തോടെ സ്കോർ നില എണ്ണുന്ന മലയാളികൾക്ക് അതൊക്കെ ഒരു നിത്യസംഭവങ്ങളോ ശീലങ്ങളോ ഒക്കെയാണല്ലോ.

മറ്റൊരു അധ്യായത്തിൽ ചൈനീസ് ടിബറ്റ് ആക്രമണത്തെ ചെറുക്കാൻ ഒരു ബുദ്ധ സന്യാസി  ആയുധമെടുത്ത കഥ പറയുന്നുണ്ട് . 1950 കളിൽ ചൈന ടിബറ്റ് ആക്രമിച്ചപ്പോൾ പസാംഗ് ഒരു യുവ സന്യാസിയായിരുന്നു. തുടർന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാർത്ഥനാ പതാകകൾ കൈകൊണ്ട് അച്ചടിച്ച് അക്രമത്തിന് പ്രായശ്ചിത്തം ചെയ്യാൻ അയാൾ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു അധ്യായത്തിൽ പാബുജി എന്ന ദൈവത്തിന്റെ സഞ്ചരിക്കുന്ന അമ്പലത്തിന്റെ കഥകൾ  പറയുന്നു. അത്തരം ഒൻപതു ജീവിതങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. 

ഡാൽ‌റിംപിളിന്റെ മനോഹരമായി എഴുതിയതും കാവ്യാത്മകവുമായ പുസ്തകം അതിന്റെ ഒമ്പത് വിഷയങ്ങളിലൂടെ ഇന്ത്യയുടെ സമ്പന്നമായ ആത്മീയ പൈതൃകത്തിന്റെ ഛായാചിത്രവും, ആധുനികവൽക്കരണത്തിൽ നിന്നും ആഗോളവൽക്കരണത്തിൽ നിന്നും ഭീഷണി നേരിടുന്ന ആ ആത്മീയതയുടെ വശങ്ങളും വിവരിക്കുന്നു.

 വഴിയിലൂടെ നടന്നു പോകുമ്പോൾ അപ്പുറത്തു കാണുന്ന സംഭവങ്ങളെ വെറും വിവരണങ്ങൾ ആക്കുന്ന പതിവ് യാത്രാ പുസ്തകങ്ങളിൽ നിന്നും ഇത് വളരെയധികം വ്യത്യസ്തത പുലർത്തുന്നുണ്ട്. കാരണം ഈ ഒൻപതു ജീവിതങ്ങളെ അത്രമേൽ ആഴത്തിൽ ഇറങ്ങി അത്രമേൽ  വിശാലമായ ഉൾക്കാഴ്ചയോടും സാഹചര്യങ്ങളുടെ സ്പന്ദനത്തോടും കൂടിയാണ് ഡാൽ‌റിമ്പിൾ ഈ ജീവിതങ്ങളെ വിവരിക്കുന്നത്. അതിന്റെ ഭാഷ തീർച്ചയായും നമ്മളെ ആനന്ദിപ്പിക്കും. 

മലയാളത്തിലേക്കു ഇത് തർജ്ജമ ചെയ്തിരിക്കുന്നത് പ്രഭ സക്കറിയാസ് ആണ്.  അവരുടെ തർജ്ജമ അതിന്റെ ഉന്നത നിലവാരം കൊണ്ട് ശ്രദ്ധേയമാണെന്ന കാര്യം ഇവിടെ സൂചിപ്പിക്കാതെ പോയാൽ ഒരു മഹാ അപരാധമായിപ്പോകും  . ഇതൊരു വിവർത്തന പുസ്തകമാണോ എന്ന് ഒരിക്കലും, ഒരിടത്തു പോലും വായനക്കാരെ തോന്നിപ്പിക്കാത്ത വിധത്തിലാണ് ,അത്രയും കുറ്റമറ്റ രീതിയിലാണ് അവർ ചെയ്തു വച്ചിരിക്കുന്നത്.  മാതൃഭൂമി ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 

Leave a comment