റെനെ ലോഡ്ജ് ബ്രാബസോൺ റെയ്മോണ്ട് എന്ന പേര് പലർക്കും അപരിചിതമായിരിക്കും. എക്കാലത്തേയും മികച്ച ത്രില്ലർ എഴുത്തുകാരിലൊരാൾ എന്നറിയപ്പെടുന്ന ജെയിംസ് ഹെഡ്‌ലി ചെയ്‌സിന്റെ യഥാർത്ഥ പേരാണിത്. ജെയിംസ് ഹെഡ്‌ലി ചെയ്‌സ് എന്നത് അദ്ദേഹത്തിന്റെ നിരവധി തൂലികാ നാമങ്ങളിൽ ഒന്ന് മാത്രമാണ്.
ന്യൂയോർക് ക്ലാരിയോണിന്റെ ഫോറിൻ കറസ്പോണ്ടന്റ് സ്റ്റീവ് ഹെർമാസ് കേന്ദ്ര കഥാപാത്രമായി വരുന്ന ഹാഡ്‌ലി ചെയ്‌സിന്റെ ഉദ്വേഗം ജനിപ്പിക്കുന്ന ഒരു നോവലാണ് ഡിറ്റക്റ്റീവ്. വളരെ മുൻപ് ലണ്ടണിൽ വച്ച് സ്റ്റീവ് പരിചയപ്പെട്ട സുഹൃത്താണ് നെറ്റാ സ്‌കോട്ട് . നാളുകൾക്കു ശേഷം അവളെ കാണാൻ ആഗ്രഹിച്ചു ലണ്ടനിൽ അവളുടെ അപ്പാർട്മെന്റിൽ എത്തുകയാണ് സ്റ്റീവ്. കഥ അവിടെ തുടങ്ങുന്നു, നമ്മുടെ ആകാംക്ഷകളെ ഇളക്കി വിട്ടുകൊണ്ട്. അവളുടെ അപ്പാർട്മെന്റിൽ എത്തുമ്പോഴാണ് അവൾ കഴിഞ്ഞ ദിവസം മരിച്ചെന്ന വിവരം അറിയുന്നത്.പോലീസ് ആ മരണം ആത്മഹത്യാ എന്ന നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നതായി അയാൾ മനസ്സിലാക്കുന്നു .പോലീസ് സീൽ ചെയ്ത അവളുടെ റൂമിന്റെ താക്കോൽ തരപ്പെടുത്തി സ്റ്റീവ് അതിനകം മുഴുവൻ അരിച്ചു പെറുക്കുന്നു.ഒരു തോക്ക് ,500 പൗണ്ടിന്റെ ബെയറർ ബോണ്ടുകൾ,ഒരു ഡയമണ്ട് മോതിരം എന്നിവ അയാൾക്ക് കിട്ടുന്നു.അതെല്ലാം കൈക്കലാക്കി പുറത്തിറങ്ങി കഴിയുമ്പോൾ അയാളെ ആരോ ആക്രമിക്കാൻ ശ്രമിക്കുന്നു. ശേഖരിച്ച തെളിവുകളൂം ,ഈ ആക്രമണവും ഒക്കെ കൂട്ടിച്ചേർത്തു വായിക്കുമ്പോൾ അവളുടെ മരണം ഒരു കൊലപാതകം എന്ന സംശയത്തിലേക്കു നീങ്ങുന്നു. കൂടാതെ അവളുടെ ജഡം മോർച്ചറിയിൽ നിന്നും ആരോ കടത്തി കൊണ്ട് പോയിരിക്കുന്നു എന്ന വിവരവും അയാൾക്ക് കിട്ടുന്നു.നെറ്റാ സ്‌കോട്ടിന്റെ സഹോദരിയെന്ന് കരുതുന്ന അന്നാ സ്കോട്ടിയെ കാണാൻ അയാൾ പുറപ്പെടുന്നു. അവിടെ എത്തുമ്പോഴാണ് അവളും ആത്മഹത്യ ചെയ്‌തെന്ന വിവരം അയാൾക്ക് കിട്ടുന്നത് .അവളുടെ ജഡം ഹൊർഷാം മോർച്ചറിയിലേക്കാണ് മാറ്റിയിരിക്കുന്നത് .പിറ്റേന്നു പത്രവാർത്ത കണ്ട സ്റ്റീവ് ഞെട്ടുന്നു .ഹൊർഷാം മോർച്ചറി ദുരൂഹമായ രീതിയിൽ തീപ്പിടിച്ചു നശിച്ചിരിക്കുന്നു. സുഹൃത്തായ ഇൻസ്‌പെക്ടർ കോറീദാൻ ഒരു തരത്തിലും ഈ കേസിനകത്തേക്ക് സ്റ്റീവിനെ ഇടപെടാൻ അനുവദിക്കാത്തതുകൊണ്ടു സ്റ്റീവ് ,മെരി വെതർ എന്ന ഡീറ്റക്റ്റീവിന്റെ സഹായം തേടുന്നു.അയാളുടെ സഹായി ലിറ്റിൽ ജോൺസിനെ സഹായി ആയി കിട്ടുന്നു. കേസ് സ്വന്തമായി അന്വേഷിക്കുവാൻ തുടങ്ങുമ്പോഴുള്ള തടസ്സങ്ങൾ കാരണം ,ഒന്നില്ലെങ്കിൽ അടുത്ത 7 ദിവസങ്ങൾ കേസ് തെളിയാൻ കാക്കുക അല്ലെങ്കിൽ ഇൻസ്‌പെക്ടറുടെ വഴിക്കു വിടുക എന്ന തീരുമാനത്തിലേക്ക് സ്റ്റീവ് എത്തിചേരുന്നു. പിന്നീട് സ്റ്റീവ് നടത്തുന്ന അന്വേഷണ യാത്രകളാണ് നമുക്ക് കാണാനാകുക. നെറ്റാ സ്‌കോട്ടിന്റെ മരണത്തിനു പിന്നിലുള്ള രഹസ്യം വായനകാർക്ക് ഊഹിച്ചെടുക്കാൻ കഴിയ്യുന്നതിനപ്പുറം കൊണ്ടുപോകുന്നതിൽ എഴുത്തുകാരന്റെ കഴിവ് ഇതിൽ കാണാം.
നോവൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തിരിക്കുന്നത് ഭാസ്കരൻ പയ്യന്നൂർ ആണ്. ജെയിംസ് ഹാഡ്‌ലി ചെയ്‌സിന്റെ എഴുപതിൽ പരം കൃതികൾ അദ്ദേഹം മലയാളത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം കൈക്കലാക്കാനുള്ള ഒരു ശ്രമത്തിലാണ് ഞാനും. പതിനൊന്നോളം പുസ്തകങ്ങൾ ഇതിനകം കിട്ടിക്കഴിഞ്ഞു.
ഡിറ്റക്റ്റീവ് എന്ന ഈ നോവൽ പുറത്തിറക്കിയിരിക്കുന്നത് മാതൃഭൂമി ബുക്സിന്റെ തന്നെ ഗ്രാസ് റൂട്സ് ആണ്
