സത്യസന്ധനായി ജീവിക്കണമെങ്കിൽ അപാരമായ ധൈര്യം വേണമെന്ന് പറഞ്ഞത് മറ്റാരുമല്ല ബുദ്ധ ഭഗവാനാണ്.അതുപോലെ സത്യം വിളിച്ചു പറയാനും അത്രത്തോളം തന്നെ തന്റേടം വേണ്ടതായുണ്ട്. തന്റെ നിലനിൽപ്പിനു ദോഷകരമായേക്കുന്ന സത്യങ്ങളെ മൂടിവെക്കാനാണ് എല്ലാവരും ശ്രമിക്കുക. തന്നെ ഒരിക്കലും ബാധിക്കാനിടയില്ലാത്ത മറ്റുള്ളവരുടെ സത്യങ്ങളെ വിളിച്ചു പറയാനായിരിക്കും അക്കൂട്ടർക്കു താല്പര്യം.
ശെരിയായി കൈകാര്യം ചെയ്തില്ല എങ്കിൽ ഇരുതല വാളിനോളം അപകടം സംഭവിക്കാവുന്ന ഒരു വിഷയമാണ് ഗാന്ധിവധവും അതിന്റെ തുടർച്ചകളും. ഒരുപക്ഷെ നമുക്കറിയാവുന്നതിനേക്കാളും വിവരങ്ങൾ മറച്ചു വെക്കപ്പെട്ടിരികയാണ്. അത് അർക്കു വേണ്ടിയാണു അല്ലങ്കിൽ എന്തിനു വേണ്ടിയാണു എന്ന് ചികഞ്ഞു നോക്കാനൊന്നും ആരും മെനക്കെടാറില്ല. അത്തരമൊരു ധൈര്യം കാണിച്ചിരിക്കുകയാണ് ഗാന്ധി vs ഗോഡ്‌സെ -വധം,വിചാരണ വിധി എന്ന പുസ്തകത്തിലൂടെ വെളിയം രാജീവ്. ചരിത്രപരമായ പുനർവായനകൾ ആവശ്യപ്പെടുന്ന കാലഘട്ടത്തിലാണ് നമ്മളിപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പാഠപുസ്തകങ്ങളിൽ പഠിച്ച ചരിത്രവുമായി അതിനു പലതിനും പുലബന്ധം പോലും കാണാൻ സാധിക്കില്ല. സുഭാഷ് ചന്ദ്ര ബോസ്ന്റെ തിരോധാനവും ,മരണവുമൊക്കെ അതിന്റെ ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. അതിനെക്കുറിച്ചൊക്കെ മറ്റൊരു ലേഖനത്തിൽ വിശദമായി പ്രതിപാദിക്കാമെന്നു തോന്നുന്നു. ഗാന്ധി വധം വെറുമൊരു മതഭ്രാന്തിന്റെ സൃഷ്ടിയല്ല എന്ന് വെളിയം രാജീവ് സമർത്ഥിക്കുന്നു. വിഭജനസമയത്തു നവഖാലിയിലെ ഹിന്ദുകൂട്ടക്കൊലയും പഞ്ചാബിലെ നിർബന്ധ മതപരിവർത്തനവും രാഷ്ട്രീയമായ തീരുമാനത്തിന്റെ തിക്ത ഫലങ്ങളായിരിക്കെ അതിനെ എതിർക്കുന്നത് മാത്രം എങ്ങനെ മതഭ്രാന്താകും എന്ന് ഈ പുസ്തകം ചോദിക്കുന്നു. കോൺസ്റിറ്റുവന്റ് അസംബ്ലി ഇന്ത്യൻ ഭരണഘടന രൂപപ്പെടുത്തുന്ന സമയത്തു ഗാന്ധിജി ഉണ്ടാകാൻ പാടില്ലെന്ന് ആരെങ്കിലും ആഗ്രഹിച്ചിരുന്നുവോ?ഭരണ ഘടനാ നിർമ്മാണ ചർച്ചകളിൽ തന്റെ ദർശനവും വീക്ഷണവും നിലപാടും അവതരിപ്പിക്കുവാൻ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നുവെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നേനെ എന്ന് നിരവധി അക്കാദമിക് ബുദ്ധിജീവികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.ഗാന്ധിസത്തിന്റെ ശകതിയും ,പ്രകാശവും നമ്മുടെ ഭരണഘടനക്കില്ലാതെപോയതു ഒരു ദൗർബല്യമല്ലേ എന്നും ഗാന്ധിജിയുടെ അസാന്നിധ്യം കൊണ്ട് സംഭവിച്ച ഏറ്റവും വലിയ ദുരന്തം അതല്ലേയെന്നും ഈ പുസ്തകം ചോദിക്കുന്നു.നിരവധി വർഷങ്ങൾക്കിപ്പുറവും ഇതിനൊക്കെ ഒരു കൃത്യമായ ഉത്തരം ഇന്നും ലഭ്യമല്ല. അതിനുള്ള ഉത്തരം തേടിയുള്ള അന്വേഷണങ്ങളാണ് അഡ്വ: വെളിയം രാജീവ് ഇ പുസ്തകത്തിലൂടെ നടത്തുന്നത്.
തെളിവുകളുടെ പിൻബലത്തോടെ സ്ഥാപിക്കപെടാത്തതൊന്നും ചരിത്രമല്ല എന്ന് പറഞ്ഞത് ആധുനിക ചരിത്ര നിർമിതിയുടെ പിതാവായ ഹെൻട്രി മോർഗനാണ്. വെളിയം രാജീവ് ഈ പുസ്തകത്തിൽ നിരത്തുന്നതും അത്തരം തെളിവുകളുടെ ,രേഖകളുടെ പിൻബലത്തോടെയുള്ള വിവരണമാണ്. ഗാന്ധിവധത്തെക്കുറിച്ചും അതിന്റെ വിചാരണയെക്കുറിച്ചുമൊക്കെ നിരവധി പ്രസിദ്ധീകരണങ്ങൾ പലഭാഷകളിലും കാലാ കാലങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. അത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വാർത്താമൂല്യമുള്ള കൊലപാതകത്തെയും,തത്സബന്ധമായ വർത്തകളെയും അച്ചടിച്ച് കാശാക്കാനുള്ള വാണീജ്യ താല്പര്യങ്ങളായിരുന്നു എന്ന് ഈ പുസ്തകത്തിന്റെ മുഖവുരയിൽ പറയുന്നുണ്ട്.സങ്കുചിതമായ രാഷ്ട്രീയ താല്പര്യങ്ങളുടെ പ്രേരണയിലോ,വോട്ടുബാങ്കുകളെ കണ്ണ് വെച്ചോ നടത്തുന്ന അത്തരം ശ്രമങ്ങളെ ചരിത്രവായന നടത്തുന്ന ഒരാളും വിശ്വസിക്കുമെന്നു തോന്നുന്നില്ല.143 സാക്ഷികൾ , 700 ഓളം രേഖകൾ,നാലുമാസത്തിലേറെ കാലം എടുത്ത സാക്ഷിവിസ്താരം ,ജഡ്ജി ആത്മാചരൺ ഗോഡ്‌സെയോട് ചോദിച്ച 28 ചോദ്യങ്ങൾ അങ്ങനെ നിരവധി വിവരങ്ങൾ കൊണ്ട് സമ്പുഷ്ടവുമാണ് ഈ പുസ്തകം.
ഗ്രന്ഥ കർത്താവ് പ്രശസ്ത അഭിഭാഷകനും നിരവധി നിയമ പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ്. 1949 ൽ പ്രസിദ്ധികരിച്ച ഗാന്ധി -മർഡർ ട്രയൽ എന്ന പുസ്തകത്തിന്റെ ഒരു കോപ്പി പ്രസാധകർ അദ്ദേഹത്തിന് വിവർത്തനം ചെയ്യാനായി കൊടുത്തു .എന്നാൽ ആ പുസ്തകം വായിച്ചു ,വിവർത്തന ഉദ്യമങ്ങൾ മാറ്റിവെച്ചു അദ്ദേഹം ഗാന്ധിവധവുമായി ബന്ധപ്പെട്ടു കൂടുതൽ അന്വേഷണങ്ങൾ നടത്തുകയും നീണ്ട ആറു വർഷത്തെ പഠന ഗവേഷണങ്ങൾക്കു ശേഷം ഈ പുസ്തകം പ്രസിദ്ധീകരിക്കുകയാണുണ്ടായത്.സൈന്ധവ ബുക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്
