മാസങ്ങൾക്ക് മുന്പ് തിരുവനന്തപുരത്തെ മാൾ ഓഫ് ട്രാവൻകൂറിലെ മാതൃഭൂമി ബുക്ക് സ്റ്റാളിൽ പുസ്തകങ്ങൾ തപ്പി നടക്കുന്നതിനിടയിൽ ഒരു പ്രായമായ സ്ത്രീയും കൂടെ ഒരു പെൺകുട്ടിയും ഉണ്ടെന്നാണ് ഓർമ, പെട്ടെന്ന് അവിടേക്കു കടന്നു വന്നു. അവർ തിരക്കിട്ട് ചില പുസ്തകങ്ങൾ എടുത്തു മറിച്ചു നോക്കി അവിടെ തന്നെ വച്ചു.എന്നിട്ട് അവിടെ സ്റ്റാളിലെ ആളോടു അവിടെ ചാരി വെച്ചിരുന്ന ഒരു പുസ്തകം ചൂണ്ടികൊണ്ട് പറഞ്ഞു , ഈ പുസ്തകം എങ്ങനെ? വിറ്റുപോകുന്നുണ്ടോ? കടക്കാരൻ ഉടനെ തന്നെ പറഞ്ഞു ഉവ്വല്ലോ , ഇതിപ്പോ ഔട്ട് ഓഫ് സ്റ്റോക്ക് ആയിരുന്നു, പിന്നെയും കൊണ്ട് വെച്ചതാണ് അടുത്ത പതിപ്പ് ഉടനെ ഇറങ്ങുമെന്ന് കേൾക്കുന്നു . ശെരി എന്നു പറഞ്ഞ് വന്ന വേഗത്തിൽ അവർ ഇറങ്ങി പോയി.
അവരുടെ അടുത്തുണ്ടായിരുന്ന ഞാൻ എന്താണ് സംഭവം എന്നറിയാൻ ഒരു കൌതുകം തോന്നിയതുകൊണ്ടുഅവർ ചൂണ്ടി കാണിച്ച പുസ്തകം എടുത്തു മറിച്ചു നോക്കി. കടക്കാരൻ അപ്പോളെന്നോട് പറഞ്ഞു ചിലപ്പോ ഈ ബുക്ക് എഴുതിയ ആളായിരിക്കും .പുസ്തകം സെയിൽ ഉണ്ടോ എന്നറിയാൻ വന്നതായിരിക്കും. ശെരിയായിരിക്കും എന്നു പറഞ്ഞു പുസ്തകത്തിന്റെ പുറംചട്ട നോക്കിയപ്പോൾ എല്ലാ കാര്യവും മനസിലായി. വന്നതു അതെഴുതിയ ആളു തന്നെ. പുസ്തകത്തിന്റെ പേര് ബാലറാം എന്ന മനുഷ്യൻ. എഴുതിയിരിക്കുന്നത് ഏതോ ഒരു ഗീത നസീർ. ഉൾപേജുകളിൽ ഗ്രന്ഥകർത്താവിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ മറ്റൊരു കാര്യം കൂടി മനസ്സിലായി. ഏതോ ഒരു ഗീത നസീർ അല്ല അതെഴുതിയിരിക്കുന്നത്. ബാലറാമിന്റെ മകൾ ആണ് അപ്പോൾ അവിടെ വന്നിട്ട് പോയ സ്ത്രീ . ആ പുസ്തകം വാങ്ങിക്കാൻ യാതൊരുവിധ മുൻവിധിയോടും കൂടെയല്ല അങ്ങോട്ടു ചെന്നതെങ്കിലും തിരിച്ചിറങ്ങുമ്പോൾ ഒരു കോപ്പി ഞാനും കരുതിയിരുന്നു. പിന്നീട് അത് വായിച്ചു തീർത്തത് ലോക്ഡൌൺ കാലത്തും.
ആദ്യമേ പറയട്ടെ ഈ പുസ്തകം ഒരുമകൾ തന്റെ അച്ഛനെ കുറിച്ചെഴുതിയ വാഴ്ത്ത്പാട്ടുകളല്ല.എൻ ഇ ബാലറാം എന്ന രാഷ്ട്രീയക്കാരനെ,സൈദ്ധാന്തികനെ,ദാർശികനെ,താത്ത്വികആചാര്യനെ ,സാഹിത്യ ആസ്വാദകനെ,എല്ലാറ്റിനും മീതെ ഒരു കമ്മ്യൂണിസ്റ്റ് മഹർഷിയെ ഓർക്കുകയും രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പിണറായിലെ പാറപ്രത്തെ ഞാലിൽ ഇടവലത്ത് തറവാട്ടിൽ 1919 നവംബർ 20 നു ആണ് ബാലറാമിന്റെ ജനനം. ചെറുപ്രായത്തിൽ തന്നെ പൊതുമണ്ഡലത്തിൽ സജീവ പ്രവർത്തനം. 1939 ലെ പാറപ്രം സമ്മേളനമാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് ജന്മം നല്കിയത്. അന്ന് അവിടെ പങ്കെടുത്ത നാൽപ്പതുപ്പേരിൽ ഒരാൾ ബാലറാമായിരുന്നു. ഭാരതീയ ദർശനങ്ങളിൽ കെ ദാമോദരനെ പോലെ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. മാർക്സിസമെന്നത് ആത്യന്തികമായി തികഞ്ഞ മാനവികതാണെന്ന് അതീവ ലളിതമായി ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുമ്പോൾ ,ചൂഷണം മനുഷ്യത്വ വിരുദ്ധമാണെന്ന് ഉൾക്കൊണ്ട് അവകശാബോധമുള്ളവരായി ഒരു ജനതയെ ഉയർത്തികൊണ്ടുവരാൻ പ്രായസമായില്ല എന്നദ്ദേഹം വിശ്വസിച്ചു. ദേശീയ ബൂർഷ്വാസിയെന്ന് വിളിപ്പേരുള്ള കോൺഗ്രസസിന്റെ സാമ്രാജ്യത്വ വിരുദ്ധസ്വഭാവം കാണാനോ ,വളർന്നു വരുന്ന സാമ്രാജ്യത്വ പ്രസ്ഥാനത്തിന്റെ ആഴവും ,വ്യാപ്തിയും മനസ്സിലാക്കാനോ കഴിയാതെ പോയതിന്റെ ഫലമാണ് ആദ്യത്തെ വലിയ തെറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്കു സംഭവിക്കുന്നത് എന്നു പുസ്തകത്തിൽ പറയുന്നു. 1942 ലെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് പാർട്ടി പുറം പുറംതിരിഞ്ഞു നിന്നതോടെ രണ്ടാമത്തെ അബദ്ധവും സംഭവിച്ചു. ഇതിനെ കുറിച്ച് ജി അധികാരി തന്റെ കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസത്തിലേക്കുള്ള ഇന്ത്യൻ പാതയും എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട് .
1948 ഫെബ്രുവരിയിൽ കൽക്കത്ത തിസീസ് എന്നറിയപ്പെട്ട രണ്ടാം പാർട്ടി കോൺഗ്രസ്സ് ചേർന്ന് നായപരിപാടികൾക്ക് രൂപം നല്കി. പക്ഷേ അതോടെ ഭരണകൂടം കമ്മ്യൂണിസ്റ്റ് പാർട്ടിയയ്ക്കെതിരെ മർദ്ദനമുറകൾ കൂടുതൽ ശക്തിപ്പെടുത്തി. ബംഗാളിലും,ഹൈദരാബാദിലും,മദിരാശിയിലും,തിരുകൊച്ചിയിലും പാർട്ടി നിരോധിക്കപ്പെട്ടു രാജ്യത്തെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളെ മനസ്സിലാക്കുന്നതിലും പാർട്ടി പരാജയപ്പെട്ടത്തോടെ പാർട്ടിയ്ക്ക് വലിയ ആഘാതം നേരിടേണ്ടിവന്നു. അതിനു വലിയ വിലയും നൽകേണ്ടി വന്നു. ഒളിവുകാലത്തെ കണ്ണു നനയിക്കുന്ന നിരവധി ഓർമകൾ പുസ്തകത്തിൽ ഉണ്ട്. കമ്മ്യൂണിസമെന്നത് ഒരു സാർവദേശീയ ചിന്തയാണെങ്കിലും ആ താത്ത്വികബോധത്തിന് നമ്മുടെ ഗ്രാമീണ ജനതയ്ക്കിടയിൽ സ്വീകാര്യത ലഭിച്ചത് അതിനു നിയുക്തമായ കമ്മ്യൂണിസ്റ്റ്കാരന്മാരുടെ പ്രവർത്തനശൈലികൊണ്ട് കൂടിയാണ് . ഉൾപാർട്ടി ജനാധിപത്യക്കുറവ്കൊണ്ടാണ് പാർട്ടി പിളർന്നതെന്ന കഥ നിശേഷം അടിസ്ഥാനമില്ലാതാണെന്ന് പുസ്തകം സമർഥിക്കുന്നു. തന്റെ ലാളിത്യ ജീവിതം കൊണ്ടും ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ബാലറാം. അത്തരം നിരവധി സംഭവങ്ങൾ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 1992 ൽ ഡെൽഹി ബാംഗ്ലൂർ രാജധാനി എക്സ്പ്രെസ് തിരുവനന്തപുരം വരെ നീട്ടുന്നതിൽ അദ്ദേഹത്തിന്റെ ഇടപടൽ ഉണ്ട് . അങ്ങനെ നമ്മളേവരും വിസ്മൃതിയിലാണ്ടുപോയ പല നേട്ടങ്ങളും ഭരണ മികവിന്റെ നിരവധി ഉദാഹരണങ്ങളായി പുസ്തകത്തിൽ ഉണ്ട്. കെ ആർ നാരായണൻ രാഷ്ട്രപതി ആകുന്നതിലും പുറകിൽ മറ്റാരുമല്ല പ്രവർത്തിച്ചിട്ടുള്ളത് . ബാലറാമിന്റെ സമ്പൂര്‍ണ്ണകൃതികള്‍ 3880 പുറങ്ങളില്‍ 10 വോള്യങ്ങളായാണ് പ്രസിദ്ധീകൃതമായിട്ടുള്ളത്. അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ഗരിമ വിളിച്ചോതുന്നവയാണ് ഓരോ കൃതികളും. മാതൃഭൂമി ബുക്സ് ആണ് ബാലറാം എന്ന മനുഷ്യൻ പുറത്തിറക്കിയിരിക്കുന്നത് . 268 പേജുകൾ ഉള്ള പുസ്തകത്തിന്റെ വില 450 രൂപയാണ് .
