1963 ൽ ഫില്ലീസ് ഡൊറോത്തി ജെയിംസ് എന്ന പി ഡി ജെയിംസ് എഴുതി പുറത്തിറക്കിയ കുറ്റാന്വേഷണ വിഭാഗത്തിൽപ്പെടുന്ന നോവലാണ് A Mind to Murder. ഇതിന്റെ മലയാള വിവർത്തനമാണ് ഗ്രീൻ ബുക്ക്സ് പുറത്തിറക്കിയ മനോരോഗ ക്ലിനിക്കിലെ കൊലപാതകം.ഒരു സ്വകാര്യ സൈക്യാട്രിക് ക്‌ളീനിക്കിൽ എനിഡ് ബോലം എന്ന ഓഫീസ് അഡ്മിനിസ്ട്രറ്റർ കൊലപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് നോവലിന്റെ തുടക്കം. അവരുടെ നെഞ്ചിലൂടെ ഒരു കത്തി തുളഞ്ഞു കയറിയിട്ടുണ്ട്. ആ കത്തിക്കും ഒരു പ്രത്യേകത ഉണ്ട്. കൂടാതെ അവരുടെ നെഞ്ചിൽ തടിക്കഷ്ണം കൊണ്ടുണ്ടാക്കിയ ഒരു രൂപവും. കൊലപാതകം ആദ്യമായി കണ്ടതും മറ്റുള്ളവരെ അറിയിക്കുന്നതും അവിടുത്തെ ജൂനിയർ ടൈപ്പിസ്റ്റ് ആയ ജെന്നിഫർ ഫ്രെയ്‌ഡിയാണ്. ശവശരീരം കണ്ടു മരണം ഉറപ്പിച്ച അപ്പോൾ തന്നെ ഡോക്ടർ ബാഗ്ലി ക്ലിനിക്കിലേക്കു വേറെ ആരെയും കടത്തിവിടേണ്ടെന്നും ആരെയും പുറത്തേക്കു പോകാൻ അനുവദിക്കാത്ത വിധം വാതിലുകൾ അടച്ചുപൂട്ടാൻ പറയുന്നു. കൊലപാതകം കഴിഞ്ഞു അധിക നേരം ആകാത്തതുകൊണ്ടു കുറ്റവാളി അതിനകത്തു തന്നെയുള്ള ആരെങ്കിലും ആയിരിക്കും എന്ന നിഗമനത്തിൽ എത്തുന്നു. ആ നിഗൂഢതയുടെ ചുരുൾ അന്വേഷിക്കാൻ വരുന്ന ഉദ്യോഗസ്ഥനാണ് ആദം ദാൽഗ്ലീഷ്. ആരെയും സംശയിക്കാം.സംശയത്തിന്റെ മുൾമുനയിൽ എല്ലാവരും ഉണ്ട്. രോഗിയായിരുന്ന തിപ്പെറ്റ്,സിസ്റ്റർ ആംബ്രോസ്, കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുവായ ബോലം നഴ്‌സ് ,വീട്ടുജോലിക്കാരി,രഹസ്യ പ്രണയജീതം നയിക്കുന്ന മനോരോഗ വിദഗ്ധൻ, വ്യകതിപരമായി ബോലത്തിനോട് താല്പര്യമില്ലാതിരുന്ന ഡോക്ടർ സ്റ്റെയ്നെർ ,പീറ്റർ നെഗൽ ,കൊലപാതകം ആദ്യം കണ്ടു എന്ന് അവകാശപ്പെടുന്ന ഫ്രെയ്‌ഡി, അങ്ങനെയങ്ങനെ ആ ക്ലിനിക്കിലെ എല്ലാ കഥാപാത്രങ്ങളും ഈ കുറ്റകൃത്യത്തിൽ സംശയിക്കപ്പെടുന്നവരാണ്. ദാൽഗ്ലീഷും കൂട്ടാളി മാർട്ടിനും നിരവധി അന്വേഷണങ്ങൾക്കൊടുവിൽ കുറ്റവാളി ആരാണെന്നു കണ്ടെത്തുന്നു. നോവൽ അന്ത്യത്തിലും നമ്മെ ഒരു ട്വിസ്റ്റ് കാത്തിരിക്കുന്നുണ്ട്.
നോവൽ പര്യവസാനം അതിശയകരമാം വണ്ണം അത്ര ആകർഷണമൊന്നും അവകാശപ്പെടാനില്ല.മാത്രമല്ല നോവലിൽ ഉടനീളം വായനക്കാരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുക എന്ന സാഹസിക കൃത്യമൊന്നും നോവൽ സൃഷ്ടിക്കുന്നില്ല.മാത്രവുമല്ല കുറ്റകൃത്യം ചെയ്യാൻ സാധ്യതയുള്ള അല്ലെങ്കിൽ സംശയിക്കപ്പെടുന്നവരുടെ ജീവിതത്തിലേക്ക് നോവലിസ്റ്റ് വളരെയധികം കടന്നു ചെല്ലുന്നുണ്ട് .അത്തരം വിവരങ്ങൾ ഒരുപക്ഷെ വായനക്കാരെ മുഷിപ്പിക്കാൻ ഇടയുണ്ട് .
ഇതിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ സാഹിത്യ രചന വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ:അശോക് ഡിക്രൂസാണ്.
