ആയുസ്സിന്റെ പുസ്തകമാണ് ഞാൻ ആദ്യം വായിച്ച സി വി ബാലകൃഷ്ണന്റെ നോവൽ .ഭാഷയെ ഇത്ര മനോഹരമായി ഉപയോഗിക്കുന്ന ചുരുക്കം ചില എഴുത്തുകാരിലൊരാളാണ് സി വി.അദ്ദേഹത്തിന്റെ ഞാൻ വൈകി വായിച്ച ഒരു നോവലാണ് അവനവന്റെ ആനന്ദം കണ്ടെത്താനുള്ള വഴികൾ. കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിലെവിടെയോ ആണ് കഥ നടക്കുന്നത്. ഒരു പ്രദേശത്തെയും,അവിടുത്തെ ആളുകളെയും എങ്ങനെ മനോഹരമായ ഭാഷയിൽ വിവരിക്കാം എന്ന കാര്യത്തിൽ എല്ലാവർക്ക്കും ഒരു പാഠപുസ്തകമാകേണ്ട ആളാണ് സി വി ബാലകൃഷ്ണൻ എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.അത്രയ്ക്കുണ്ട് വിവരണത്തിൽ സൂക്ഷ്മത. നോവൽ വായിച്ചു കഴിഞ്ഞാലും അതിലെ കഥാപാത്രങ്ങളും പ്രദേശങ്ങളും നമ്മളിൽ നിന്നും ഇറങ്ങിപ്പോകാൻ വല്യപാടാണ്. നോവൽ കാലഘട്ടം ഏകദേശം 1960 കളിലാകണം,സംസ്ഥാനം പിറവി കൊണ്ടതിൽ പിന്നീട് നടക്കുന്ന ആദ്യത്തെ പഞ്ചായത്തു തിരഞ്ഞെടുപ്പിനെക്കുറിച്ചും ,നടന്നു കഴിഞ്ഞ ഇന്ത്യ ചൈന യുദ്ധത്തെക്കുറിച്ചും,അമേരിക്കൻ പ്രസിഡന്റ് കെന്നഡിയുടെ മരണവും,കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പുമെല്ലാം ആ നാട്ടിൻ പുറത്തു ചർച്ച ചെയ്യപ്പെടുന്നുണ്ട്. ആ പ്രദേശത്തെ സിഗരറ്റ് വ്യാപാരത്തിന്റെ മൊത്തക്കച്ചവടക്കാരനാണ് കേന്ദ്രകഥാപാത്രം. സ്വന്തമായി,കാറും,ബംഗ്ളാവുമൊക്കെയുള്ള ഒരു ധനികൻ. കൂട്ടായി വിശ്വസ്തനും ,ഡ്രൈവറുമായ അമരേശ്വനും ഉണ്ട്.കണ്ടമാനം സ്വത്തുണ്ടെങ്കിലും അയാൾക്കു കുഞ്ഞുങ്ങളില്ലായിരുന്നു.അയാളുടെ അമിത ലൈംഗികാസക്തി ഭാര്യയെയും അവരുടെ വേലക്കാരിയെയുമൊക്കെ കടന്നു മറ്റു പെണ്ണുങ്ങളെ കൂടി തേടി പോകുന്ന തരത്തിലുള്ളതാണ്.അവിചാരിതമായി ഒരു സന്ദർഭത്തിൽ കാണുന്ന നാഗിനി എന്ന പെണ്ണുടലിൽ അയാൾ ആകർഷിക്കപ്പെടുന്നു. അയാളുടെ നിർദേശപ്രകാരം അമരേശ്വരൻ അവരെ വിലപേശികൊണ്ടു വരുന്നു. എന്നാൽ ആ സമയത്തു അയാൾക്ക് തന്റെ ജീവിതത്തിലെ ആദ്യത്തെ ദുരന്തം സംഭവിക്കുന്നു.തന്റെ ലൈംഗികശേഷി നഷ്ടപ്പെട്ടതറിഞ്ഞു അയാൾ ഒരു പ്രഭു ഡോക്ടറെയും, തുടർന്ന് ഒരു സിദ്ധനെയും കാണുന്നു.അതുകൊണ്ടൊന്നും ഒരു മാറ്റവും കാണാതെ വരുമ്പോൾ അയാൾ വേറൊരു ഉപായത്തിലേക്കു കടക്കുന്നു .അമരേശ്വനെ താനായി കാണാനും, തന്റെ ഇംഗിതം അയാളിലൂടെ സാധിക്കുവാനും അയാൾ തീരുമാനിക്കുന്നു.അമരേശ്വനെ ഒരുവിധത്തിൽ പറഞ്ഞു മനസിലാക്കി അയാൾ മുന്നോട്ടു പോകുന്നു. അമരേശ്വൻ അയാൾക്കുവേണ്ടി അയാൾ പറയുന്ന സ്ത്രീകളെ പാട്ടിലാക്കിയും പ്രലോഭിപ്പിച്ചും കൊണ്ടുവരുന്നു. തന്റെ മുതലാളിയുടെ ആഗ്രഹപൂർത്തീകരണത്തിനായി അമരേശ്വൻ അവരെ ഉപയോഗിക്കുന്നു.അതെല്ലാം മറ്റൊരു ഇരുട്ടുമുറിയിലോ അല്ലെങ്കിൽ കണ്ണിൽ പെടാത്ത ഇടങ്ങളിലോ ഇരുന്നു അയാൾ ആനന്ദിക്കുന്നു. ആ സമയങ്ങളിൽ അയാൾ അമരേശ്വനിലൂടെ കാര്യം സാധിച്ചതായി തൃപ്തിപ്പെടുന്നു. ആ പ്രദേശത്തു പാട്ടു പഠിപ്പിക്കാൻ വരുന്ന ശാരദാമണിയെന്ന ടീച്ചറെ തനിക്കുവേണ്ടി കൊണ്ടുവരാൻ അമരേശ്വനെ അയാൾ പറഞ്ഞയക്കുന്നു. എന്നാൽ തുല്യ നിലയിലുള്ളവരുമായേ തനിക്കു ഇടപാടുള്ളു എന്ന നിബന്ധന ടീച്ചർ മുന്നോട്ടു വെയ്ക്കുന്നു. അതിനുവേണ്ടി അയാൾ അമരേശ്വനു സ്വന്തമായി ഭൂമിയും,തുണിക്കടയും നൽകി തന്റെ പാർട്ണർ സ്ഥാനത്തേക്ക് ഉയർത്തുന്നു.പതിയെ അമരേശ്വന് ആ പ്രദേശത്തെ ശ്രദ്ധിക്കപ്പെടുന്ന വ്യക്തിയായി മാറുന്നു. എങ്കിലും അയാൾ മൊതലാളിയോടുള്ള തന്റെ കൂറും വിശ്വസ്തയും നിലനിർത്തുന്നു. ഒടുവിൽ ടീച്ചറുടെ നിബന്ധനകളനുസരിച്ചു അമരേശ്വൻ അവരെ കൊണ്ടുവന്ന രാത്രി അയാൾക്ക് തന്റെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തം സംഭവിക്കുന്നു.പിന്നീട് കഥ തുടരുന്നതും,അവസാനിപ്പിക്കുന്നതും കഥാകൃത്താണ്.
നോവൽ കഥാപാത്രങ്ങളും ,പരിസരങ്ങളും എം മുകുന്ദന്റെ പ്രശസ്ത നോവലുകളിലെ ചില കഥാപാത്രങ്ങളുമായും,ദേശസമൃദ്ധിയെയും ഓർമിപ്പിക്കുന്നുണ്ട് . ലൈംഗികത പ്രമേയമായുള്ള നോവലുകൾ മലയാളത്തിൽ പുതുമയൊന്നുമില്ല .ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ അശ്ലീലത്തിന്റെ കെട്ടിമറിച്ചിലുകളിലേക്കു വീഴാവുന്ന ഒരു സംഗതിയാണത്. ഒരു വിദഗ്ദ്ധനായ എഴുത്തുകാരന് മാത്രമേ കയ്യടക്കത്തോടെ അവയെ പറ്റി വിവരിക്കാൻ സാധിക്കുകയുള്ളു. സി വിയുടെ ആ കയ്യടക്കം നമുക്കീ നോവലിൽ നിരവധിയിടങ്ങളിൽ കാണാം.ഭാഷയുടെ തെളിച്ചവും, ഭംഗിയും വേണ്ടുവോളം എടുത്തുപയോഗിച്ചിട്ടുണ്ട് ഈ നോവലിൽ. അതുകൊണ്ടു തന്നെ സുഖമായി വായിച്ചുപോകാവുന്ന ഒരു പുസ്തകമാണിത്. ഡി സി ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്
