വടക്കൻ ഇറാഖിലെ നിരവധി കർഷക കുടുംബങ്ങൾ പാർക്കുന്ന ഒരു ചെറിയ ഗ്രാമമാണ് കൊച്ചോ. അധികമാരും അറിയപ്പെടാതിരുന്ന ആ സ്ഥലം ഇന്ന് ലോകപ്രശസ്തമാണ്;നാദിയ മുറാദ് എന്ന യസീദി പെൺകുട്ടി പിറന്ന നാട് എന്ന പേരിൽ.സ്വന്തമായി ബ്യൂട്ടി പാർലർ നടത്തുക അല്ലെങ്കിൽ ചരിത്ര അധ്യാപിക ആകുക എന്ന സ്വപ്നവുമായി അവിടെ അവളും കൂടെ അവളുടെ സഹോദരന്മാരുമായി വളരെ സ്വസ്ഥമായി ജീവിച്ചു പോരുന്നതിനിടയിൽ 2014 ഓഗസ്റ്റ് 15 നു അവൾക്കു വെറും പതിനഞ്ചു വയസ്സുള്ളപ്പോൾ അവരുടെ ജീവിതം തകർക്കപ്പെട്ടു.
ഇസ്‌ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അവളുടെ ഗ്രാമത്തിൽ അഴിഞ്ഞാടി,ജനങ്ങളെ കൂട്ടക്കശാപ്പ് ചെയ്തു.പേഷ്‌മാർഗ എന്ന സൈനിക സേന യസീദികളെ സംരക്ഷിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആക്രമണത്തിന് മുൻപേ അവർ കടന്നു കളഞ്ഞിരുന്നു.ഇസ്ലാം മതം സ്വീകരിക്കാൻ കൂട്ടാക്കാത്ത പുരുഷന്മാരെയും ,ലൈംഗിക അടിമകളാക്കാൻ പറ്റാത്ത പ്രായമായ സ്ത്രീകളെയും ഉടനടി വധിച്ചു കളഞ്ഞു. നാദിയയുടെ ആറു സഹോദരന്മാർ കൊല്ലപ്പെട്ടു. അവളുടെ അമ്മ കൊല ചെയ്യപ്പെട്ട് ഏതോ കുഴിയിൽ അടക്കം ചെയ്യപ്പെട്ടു.നാദിയയെ മൊസൂളിലേക്കു കൊണ്ട് പോയി അടിമ കച്ചവടത്തിലേക്ക് വലിച്ചെറിയപ്പെട്ടു. അവിടെ വച്ച് അവളുടെ പീഡനപർവ്വം ആരംഭിക്കുന്നു.അവിടെ വെച്ച് നാദിയയെ ഒരു ജഡ്ജിക്കാണ് വിൽക്കുന്നത്. അതോടെ അവൾക്കു ഇസ്ലാം മതം സ്വീകരിക്കേണ്ടി വന്നു . ജഡ്‌ജിയുടെ വീട്ടിൽ വെച്ച് ക്രൂരമായ പീഡനങ്ങളും എണ്ണമറ്റ ബലാത്സംഗങ്ങളും അവൾക്കു ഏറ്റുവാങ്ങേണ്ടി വന്നു.ജഡ്ജിയുടെ അധികം പ്രായമാകാത്ത ഒരു മകനാലും അവൾ പീഡിപ്പിക്കപ്പെട്ടു. രക്ഷപെടാൻ ശ്രമിച്ച ആദ്യ ഉദ്യമം കണ്ടുപിടിക്കപ്പെട്ടു . അതിനെ തുടർന്ന് കൊടിയപീഡനം വീണ്ടും അനുഭവിക്കേണ്ടി വന്നു. അവിട നിന്ന് വേറോരാൾക്കു വിൽക്കപ്പെട്ടു.
നിരവധി തീവ്രവാദികളാൽ കൂട്ടബലാത്സംഗങ്ങളും പീഡന പരമ്പരയും നടക്കുന്നതിനിടയിൽ വീണുകിട്ടിയ ഒരു അവസരത്തിൽ അവൾ മൊസൂളിലെ തെരുവുകളിലൂടെ രക്ഷപ്പെടാൻ ശ്രമിച്ചു. അങ്ങനെ ഒരു സുന്നി മുസ്ലിം കുടുംബത്തിൽ ചെന്നെത്തിപ്പെടുകയും അവിടുത്തെ മൂത്തമകൻ ജീവൻ പണയംപെടുത്തി കള്ള പാസ്സ്പോർട്ടും ,വ്യാജ തിരിച്ചറിയൽ രേഖകളുമൊക്കെ സംഘടിപ്പിച്ചു അവളെ അവിടെ നിന്നും രക്ഷപ്പെടാൻ സഹായിക്കുന്നു.നസീർ എന്ന സുന്നി പുരുഷന്റെ ഭാര്യയായി വേഷമിട്ട് കുർദിസ്ഥാനിലേക്കു അവർ അവിടെ നിന്നും പാലായനം ചെയ്യുന്നു. തങ്ങളുടെ ശ്രമം ജയിക്കുമോ തോൽക്കുമോ എന്നൊന്നും അറിയാതെ സദാ സമയം വെടിയുണ്ടകളെയും,മരണത്തെയും പ്രതീക്ഷിച്ചു ഒടുവിൽ സുരക്ഷിത സ്ഥലത്ത് എത്തിപ്പെടുന്നു.എന്നാൽ ചെക്‌പോയിന്റിൽ വെച്ച് അവിടുത്തെ അന്വേഷണ ഉദ്യോഗസ്ഥനാൽ അവളുടെ സ്വകാര്യ കഥ രാഷ്ട്രീയലാഭത്തിനുള്ള ഒരുപകരണമായി മാറുന്നു.നസീറിനെയും, നാദിയയെയും കുർദിഷ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുന്നു.പുറത്തുവിടി ല്ല എന്ന ഉറപ്പിന്മേൽ അവരുടെ കഥകൾ റെക്കോർഡ് ചെയ്യുന്നു.അവർ അവിടം വിട്ട നിമിഷം തന്നെ വിവരങ്ങളെല്ലാം മാധ്യമങ്ങൾക്കു ചോരുന്നു.ഇസ്‌ലാമിക് സ്റ്റേറ്റിന്റെ കൊച്ചോ ഉപരോധത്തിന് മുൻപ് യസീദികളേ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട പെഷ്‌മാർഗ സൈനിക വ്യൂഹത്തെ പഴിചാരാൻ കിട്ടിയ സന്ദർഭം ആ ഉദോഗസ്ഥർ കൃത്യമായി ഉപയോഗിക്കുന്നു.പിന്നീട് പല പല ക്യാമ്പുകളിലായി ജീവിതം . ഒടുവിൽ ജർമൻ ഗവണ്മെന്റിന്റെ അഭയാർത്ഥിയായി സ്വൈര്യജീവിതം തുടങ്ങുന്നു. വായിച്ചുകഴിഞ്ഞാൽ ഒരു നെടുവീർപ്പോടെയല്ലാതെ അടച്ചുവെക്കാൻ കഴിയാത്ത ഒരു പുസ്തകമാണ് നാദിയ മുറാദിന്റെ അവസാന പെൺകുട്ടി എന്ന പുസ്തകം. നാദിയായും ജെന്ന ക്റാജെസ്‌കിയും ചേർന്നാണ് പുസ്തക രചന നടത്തിയിരിക്കുന്നത്.നാദിയാ യുടെ രക്ഷപ്പെടലും അനുബന്ധ സംഭവങ്ങളും ,അവിടങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന വംശഹത്യയിൽ ശ്രദ്ധിക്കാൻ ലോകരാജ്യങ്ങൾ നിർബന്ധിതരായി.
നാദിയ മുറാദ് ഇന്ന് അറിയപ്പെടുന്ന ഒരു മനുഷ്യാവകാശ പ്രവർത്തകയാണ്.2018 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയവളാണ് .വംശഹത്യ,മനുഷ്യരാശിക്കെതിരായുള്ള കുറ്റകൃത്യങ്ങൾ എന്നിവ ചുമത്തി ഇസ്ലാമിക് സ്റ്റേറ്റിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഹാജരാകാനുള്ള ശ്രമത്തിലാണ് നാദിയായും സംഘവും .ഒരു വംശഹത്യയും യാദൃച്ഛികമായി നടക്കുന്നതല്ല, നിങ്ങൾക്കത് ആസൂത്രണം ചെയ്തേ പറ്റൂ എന്ന് നാദിയ പറയുന്നു. നോബൽ സമ്മാനം നേടിയ ശേഷം അവർ പറഞ്ഞത് “എന്റേത് പോലുള്ള ഒരു കഥയുമായി ലോകത്തിലെ അവസാനത്തെ പെണ്കുട്ടിയാകാൻ ഞാൻ ആഗ്രഹിക്കുന്നു ” എന്നാണ്.
നാദിയയുടെ ജീവിതം മനുഷ്യന്റെ ഇച്ഛാശക്തിയുടെ ഒരു സാക്ഷ്യപത്രമാണ്. ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചിരിക്കുന്നത് മനോരമ ന്യൂസ് ചാനലിലെ പത്രപ്രവർത്തകയായ നിഷ പുരുഷോത്തമനാണ്.