സാഹിത്യത്തിൽ ശൈലിയിലും,ഘടനയിലും ഉള്ള പൂർണ്ണത കൊണ്ട് ശ്രദ്ധ നേടിയ വെസ്റ്റേൺ നോവലിസ്റ്റുകളിലെ പ്രഥമസ്ഥാനീയനായ എഴുത്തുകാരനാണ് ഗുസ്താവ് ഫ്ലോബേർ. എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു വേണ്ടി നിയമപഠനം പാതിവഴിയിലുപേക്ഷിച്ച ആളാണ് നമ്മുടെ ഈ കക്ഷി.സാഹിത്യത്തിൽ റിയലിസത്തിന്റെ ആദ്യ കാല പ്രയോക്താക്കളിൽ ഒരാളായാണ് ഫ്ലോബേർ അറിയപ്പെടുന്നത്.
1850 ൽ ആണ് ഫ്ലോബേർ മദാം ബോവറിയുടെ പണിപ്പുരയിൽ ഇരിക്കുന്നത്.ഏതാണ്ട് അഞ്ചു വർഷത്തോളമെടുത്താണ് നോവൽ പൂർത്തിയാക്കിയത്.1856 ൽ റെവേഡി പാരീസ് എന്ന മാഗസിനിൽ അത് സീരിയലൈസ് ചെയ്യപ്പെട്ടു.അദ്ദേഹത്തിന്റെ ഒരു പ്രത്യേകത എന്തെന്ന് വെച്ചാൽ തന്റെ എഴുത്തിൽ ക്ളീഷേകളെ പൂർണ്ണമായും ഒഴിവാക്കി എന്നുള്ളതാണ്. സാധാരണക്കാരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങളി ലേറെയും.കൃത്യതയില്ലാത്തതോ,അമൂർത്തമോ, അവ്യക്തമോ ആയ ഒരു പദപ്രയോഗവും തന്റെ നോവലിൽ കാണാൻ കഴിയില്ല. ചിലപ്പോൾ ഒരു പേജ് പൂർത്തിയാക്കുന്നതിനു ഒരാഴ്ചവരെയൊക്കെ അദ്ദേഹം ചിലവഴിച്ചിട്ടുണ്ടെന്നു പ്രശസ്ത എഴുത്തുകാരൻ മോപ്പസാങ്ങും രേഖപ്പെടുത്തിയിട്ടുണ്ട്. മോപ്പസാങ്ങും എമിലിസോളയുമുൾപ്പെടയുള്ളവരെ ഫ്ലോബേർ അസാധാരണമായി സ്വാധീനിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. മോപ്പസാങ്, ഫ്ലോബേറിന്റെ ചുരുക്കം ചില സുഹൃത്തുക്കളിലൊരാളായിരുന്നു.
1848 ലെ ഒരു വേനൽക്കാലത്തു ഫ്രാൻസിലെ നോർമാൻഡിയിലെങ്ങോളമിറങ്ങിയ മിക്ക പത്രങ്ങളിലും ഒരു ദാരുണ വാർത്ത പ്രത്യക്ഷപ്പെട്ടു ! റൂയിന് തൊട്ടടുത്ത് റൈയിൽ താമസിക്കുന്ന ഡെൽഫിൻ ഡെലമറെ എന്ന 27 വയസുള്ള സ്ത്രീ ആഡംബര വസ്ത്രങ്ങൾക്കും ,വീട്ടുപകരണങ്ങൾക്കും വേണ്ടി ധാരാളിത്തം കാണിച്ചു വൻ കടബാധ്യത വരുത്തി വച്ചു. ദാമ്പത്യ ജീവിതത്തിൽ നൈരാശ്യം പൂണ്ട് ഒടുവിൽ വൈകാരികവും. സാമ്പത്തികവുമായ സമ്മർദ്ദത്തിൽപ്പെട്ട് ആത്മഹത്യ ചെയ്തു. അവർ അവരുടെ ഒരു ഇളയ മകളെയും, അസ്വസ്ഥനായ ഭർത്താവിനെയും ഉപേക്ഷിക്കുകയായിരുന്നു.
1848 ലെ ഒരു വേനൽക്കാലത്തു ഫ്രാൻസിലെ നോർമാൻഡിയിലെങ്ങോളമിറങ്ങിയ മിക്ക പത്രങ്ങളിലും ഒരു ദാരുണ വാർത്ത പ്രത്യക്ഷപ്പെട്ടു ! റൂയിന് തൊട്ടടുത്ത് റൈയിൽ താമസിക്കുന്ന ഡെൽഫിൻ ഡെലമറെ എന്ന 27 വയസുള്ള സ്ത്രീ ആഡംബര വസ്ത്രങ്ങൾക്കും ,വീട്ടുപകരണങ്ങൾക്കും വേണ്ടി ധാരാളിത്തം കാണിച്ചു വൻ കടബാധ്യത വരുത്തി വച്ചു. ദാമ്പത്യ ജീവിതത്തിൽ നൈരാശ്യം പൂണ്ട് ഒടുവിൽ വൈകാരികവും. സാമ്പത്തികവുമായ സമ്മർദ്ദത്തിൽപ്പെട്ട് ആത്മഹത്യ ചെയ്തു. അവർ അവരുടെ ഒരു ഇളയ മകളെയും, അസ്വസ്ഥനായ ഭർത്താവിനെയും ഉപേക്ഷിക്കുകയായിരുന്നു.
പത്രത്തിൽ അവരുടെ കഥ വായിച്ചറിഞ്ഞവരിൽ ഒരാൾ നമ്മുടെ ഫ്ലോബേർ ആയിരുന്നു. ആ സംഭവ കഥയിൽ ആകൃഷ്ടനായ അദ്ദേഹം അക്കാര്യം തന്റെ പുതിയ നോവലിന് വേണ്ടി ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. അങ്ങനെ റൈയിൽ നിന്നുള്ള വ്യഭിചാരിണിയായ മാഡം ഡെലമെറ നോവലിലെ സാങ്കൽപ്പിക യോൺവില്ലിൽ നിന്നുള്ള വ്യഭിചാരിണിയായ മദാം ബോവറിയായി.പക്ഷെ നോവലിൽ ഒരുതരത്തിലും മോശക്കാരിയാകാതെ തികച്ചും ദയനീയമായ ദാമ്പത്യ ബന്ധം നടത്തുന്നത് എത്ര എളുപ്പമാണെന്ന് എമ്മ എന്ന മദാം ബോവറി കാണിച്ചു തന്നു. ശരിക്കു പറഞ്ഞാൽ വ്യഭിചാരത്തെക്കുറിച്ചുള്ള പൊതുവായ ഒരു കഥയെ ഫ്ലോബേർ അഗാധമായ മാനവികതയുടെ നിലനിൽക്കുന്ന ഒരു കൃതിയാക്കി മാറ്റി. അതുകൊണ്ടു തന്നെയാണ് മദാം ബോവറി ഫ്ലോബേറിന്റെ മാസ്റ്റർപീസായി ലോകസാഹിത്യത്തിൽ അറിയപ്പെടുന്നത്.
ഡോക്ടർ ചാൾസ് ബോവറി ഒരു കോൺവെന്റിൽ വളർന്ന സുന്ദരിയായ പെൺകുട്ടി എമ്മയെ വിവാഹം കഴിക്കുന്നു. അവൾ വായിച്ചുകൂട്ടിയ റൊമാന്റിക് നോവലുകളിലെ ഭവനാലോകത്തുനിന്നും തികച്ചും വ്യത്യസ്തവും വിരസവുമാണ് യഥാർഥ ജീവിതമെന്നവൾ മനസ്സിലാക്കുന്നു. അതിന്റെ അസ്വസ്ഥതകളും,അസന്തുഷ്ടിയും നാൾക്കുമേൽ വളർന്നു വന്നു. അവരുടെ മകളായ ബെർത്തയുടെ ജനനം പോലും അതിൽ നിന്നും അവളെ മോചിപ്പിക്കാൻ കഴിയുന്നില്ല. അങ്ങനെയാണ് പ്രാദേശിക ഭൂവുടമയായ റൊഡോൽഫെയുമായി ഒരു പ്രണയബന്ധം എമ്മ ആരംഭിക്കുന്നത്.
ഒരുവേള അവർ ഒരുമിച്ച് ഓടിപോകാൻ വരെ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. പക്ഷേ റോഡോൽഫെക്കു അവൾ വെറുമൊരു വെപ്പാട്ടി മാത്രമമായിരുന്നു,മാത്രവുമല്ല അവരുടെ അമ്മ പറയുന്നതിനപ്പുറം ആയാൾക്ക് മറ്റൊരു തീരുമാനം എടുക്കാനും കഴിയുമായിരുന്നില്ല. റോഡോൽഫിന് അവളെ മടുത്തു കഴിഞ്ഞിരുന്നു. എമ്മയ്ക്ക് ഒരു കത്ത് കൊടുത്തു വിട്ട് അയാൾ എവിടേക്കൊ ഒരു യാത്ര പോയി. ആ ബന്ധം തകർന്നതിന്റെ ആഘാതത്തിൽ എമ്മയ്ക്ക് മസ്തിഷ്കജ്ജ്വരം പിടിപ്പെടുകയും ഒരുമാസത്തിലേറെ കിടപ്പിലാകുകയും ചെയ്യുന്നു. ഭർത്താവ് ചാൾസിന്റെ പരിചരണത്തിലൂടെ അവൾ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വന്നു . പക്ഷേ അത് ചാൾസിന്റെ ജീവിതത്തിലേക്കായിരുന്നില്ല എന്നു മാത്രം. മുൻപരിചയക്കാരനായ ലിയോൺ എന്ന യുവാവായിരുന്നു ഇത്തവണ അവളുടെ പ്രണയനായകൻ. അതോടെ അവളുടെ ജീവിതം വീണ്ടും കുഴപ്പങ്ങളിലേക്ക് വീഴുന്നു. ആ ബന്ധം നിലനിറത്തുന്നതിനായി അവൾ കണ്ടമാനം പണം ചെലവഴിച്ച് വൻ കടബാധ്യത വരുത്തിവെക്കുന്നു.
ലിയോണിന്റെയും ,റോഡോൽഫിന്റെയും അടുത്തും പണത്തിനായി അവൾ യാചിച്ചെങ്കിലും അവർ അവളെ കൈയ്യൊഴിയുന്നു. അവളുടെ വഴിവിട്ട ജീവിതം പരസ്യമായി വെളിപ്പെടുന്നതിൽ ഒന്നും ചെയ്യാൻ കഴിയാതെ വരുമെന്ന് കണ്ട് ആർസെനിക് വിഴുങ്ങി വേദന തിന്നു മരിക്കുന്നു. ദു:ഖിതനായ ചാൾസ് എമ്മയുടെ പൂർവകാല ബന്ധങ്ങളെ കുറിച്ച് ഒന്നും അറിയാതെ അവൾ വരുത്തിവെച്ച കടങ്ങൾ വീട്ടുന്നതിനായി ആത്മാർഥതയോടെ ശ്രമിക്കുന്നു. പലരും അവസരം മുതലാക്കി ചാൾസിന്റെ പണം കൈക്കലാക്കുന്നു. അയാൾ പാപ്പരാകുന്നു. പിന്നീട് അവളുടെ അലമാരയിലെ രഹസ്യ അറകളിൽനിന്നും റോഡോൽഫിന്റെയും ,ലിയോണിന്റെയും നിരവധി പ്രണയലേഖനങ്ങൾ കണ്ടെത്തുന്നതോടെ അയാൾ കൂടുതൽ നിരാശയിലേക്ക് കൂപ്പുകുത്തുന്നു. ഒടുവിൽ അനിവാര്യമായ മരണം അയാളേയും കവരുന്നു. മകളായ ബെർത്ത് അമ്മൂമ്മയുടെ അടുത്തേക്ക് പോയെങ്കിലും അവരുടെ മരണത്തോടെ അവൾ വീണ്ടും അനാഥയാകുന്നു. ബെർത്ത് ഒരു കോട്ടൺ ഫാക്ടറിയിൽ ജോലിചെയ്യാൻ പോകുന്നതോടെ തികച്ചും ദുരന്തപര്യവസായി നോവൽ അവസാനിക്കുന്നു.
1856 ൽ സീരിയലയസ് ചെയ്തതിനു ശേഷം ഏറെ വിവാദം സൃഷ്ടിച്ചതാണീ നോവൽ. ഗാർഹിക ജീവിതത്തിലെ പോരായ്മകളെ നേരിടാൻ വിവാഹേതര ബന്ധങ്ങൾ നോവലിൽ ഇഷ്ടം പോലെയുണ്ടല്ലോ. അത്തരം വ്യഭിചാര രംഗങ്ങൾ ഉള്ളതുകൊണ്ട് തന്നെ അന്നത്തെ യാഥാസ്ഥിതിക മനോഭാവമുള്ള വായനക്കാരും പൊതുസമൂഹവും ശക്തമായ എതിർപ്പുകൾ അഴിച്ചു വിട്ടു. നോവലും എഴുത്തുകാരനും കോടതി കയറി. ഫ്ലോബെറിന്റെ ബുദ്ധിപൂർവമായ ന്യായീകരണങ്ങൾ കോടതി അംഗീകരിച്ചു. ഒടുക്കം കോടതി വിധി പ്രസ്താവിച്ചു.നോവലിൽ വ്യഭിചാരം ശിക്ഷിക്കപ്പെടുന്നതിനാൽ നോവൽ അടിസ്ഥാനപരമായി ധാർമികമാണ്!!.
ഫ്ലോബേറിനെ കുറ്റവിമുക്തനാക്കിയതിനു ശേഷം നോവൽ അതിന്റെ ഉത്തുംഗത്തിൽ പ്രതിഷ്ഠിക്കപ്പെടുകയാണുണ്ടായത്.ലോകമെമ്പാടുമുള്ള യൂണിവേഴ്സിറ്റികളിൽ പിന്നീടത് പഠിപ്പിക്കപ്പെട്ടു. നിരവധി ഡോക്യൂമെന്ററികളും ,സിനിമകളും നോവലിനെ ആസ്പദമാക്കി ഇറങ്ങി. സോഫിബെര്തെസ് സംവിധാനം ചെയ്ത് 2014 ൽ പുറത്തിറങ്ങിയ സിനിമ മാഡം ബോവറിയാണ് ഏറ്റവും ഒടുവിലത്തേത്.
നോവൽ പ്രസിദ്ധീകരണത്തിന്റെ നൂറ്റി അമ്പതാം വർഷത്തിലാണ് ഇതിന്റെ മലയാള പരിഭാഷ പുറത്തിറങ്ങിയത്. പരിഭാഷ നിർവഹിച്ചിരിക്കുന്നത് സി വേണുഗോപാലാണ്. മോപ്പസാങ്ങിന്റേയും ,എമിലി സോളയുടെയും നോവൽ പഠനങ്ങളുടെ വിവർത്തനവും പുസ്തകത്തിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
