1990 കളുടെ മദ്ധ്യത്തിൽ ,ഹിന്ദി കാര്യമായി അറിഞ്ഞുകൂടായെങ്കിലും ഞായറാഴ്ചകളിൽ ദൂരദർശൻ ചാനലിനു മുൻപിൽ മുടങ്ങാതെ പ്രതിഷ്ഠിക്കപ്പെട്ടിരുന്നതിന്റെ ഒരു കാര്യം ചന്ദ്രകാന്ത എന്ന സീരിയൽ കാണുക എന്നതായിരുന്നു.ആ സമയങ്ങളിലെ കറന്റ് പോക്കിനെ വൈദുതവകുപ്പിലെ തൊഴിലാളികളെയും അവരുടെ അപ്പനപ്പൂപ്പന്മാരെ വരെ ചീത്ത പറഞ്ഞ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്രക്കുണ്ടായിരുന്നു ആ സീരിയലിനോടുള്ള താല്പര്യം.കഥ മനസ്സിലാക്കുന്നതിന് അക്കാലത്തു ഭാഷ ഒരു പ്രശനമായി ഒരിക്കലും തോന്നിയിട്ടില്ല എങ്കിലും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണാൻ ശ്രമിച്ചിരുന്നു . അത്തരത്തിൽ ആളുകളെ പിടിച്ചിരുത്തുകയും ഉദ്വേഗപരവും ,സംഭ്രമജനകവുമായ അനുഭവങ്ങൾ സമ്മാനിക്കാൻ തക്കവണ്ണം ഹിന്ദി നോവൽ സാഹിത്യത്തിൽ രേഖപ്പെടുത്തിയ ഒരു ഉജ്ജ്വലമായ പേരാണ് ദേവകി നന്ദൻ ഖത്രിയുടേത്. ഖത്രിയുടെ അതിപ്രശസ്ത നോവലാണ് ചന്ദ്രകാന്ത.
ആധുനിക ഹിന്ദിഭാഷയിലെ ജനപ്രിയ നോവലിസ്റ്റുകളുടെ ആദ്യതലമുറയിൽപ്പെട്ട എഴുത്തുകാരനായിരുന്നു ദേവകിനന്ദൻ ഖത്രി. ഹിന്ദിയിലെ നിഗൂഢ നോവലുകളുടെ ആദ്യ രചയിതാവായിരുന്നു അദ്ദേഹം.ചന്ദ്രകാന്തയും ഭൂത്നാഥുമൊക്കെ അദ്ദേഹത്തിന്റെ പ്രശ്തമായ കൃതികളാണ്.ചന്ദ്രകാന്ത നോവൽ 1888 നും 1891 നും ഇടയിൽ ആദ്യമായി സീരിയൽ രൂപത്തിലാണ് പ്രത്യക്ഷപ്പെട്ടത്.ഹിന്ദിഭാഷയുടെ ജനപ്രീതിക്കും ഈ നോവൽ നിർണായകമായെന്നു പറയപ്പെടുന്നു.
നൗഗഡിലെ രാജകുമാരനായ വീരേന്ദ്രസിങ്ങും വിജയഗൗഡിലെ രാജകുമാരിയായ ചന്ദ്രകാന്തയും തമ്മിൽ അഗാധ പ്രണയത്തിലാണ്. അതവരുടെ പിതാക്കന്മാർക്കും അറിയുകയും ചെയ്യാം. അവരുടെ രാജ്യങ്ങൾ തമ്മിൽ വളരെ പണ്ടേ മുതൽക്കു തന്നെ സൗഹൃദത്തിൽ കഴിയുന്നവരായിരുന്നു. എന്നാൽ വിജയഗൗഡിലെ മന്ത്രിപുത്രനായിരുന്ന ക്രൂസിങ്ങിന് രാജകുമാരിയിൽ ഒരു കണ്ണുണ്ട്. അവളെ വിവാഹം ചെയ്ത് അധികാരം കൈയടക്കാൻ അയാൾ ആഗ്രഹിച്ചു. അതിനു വേണ്ടി സ്വന്തം പിതാവിനെ വരെ അയാൾ കൊലപ്പെടുത്തുന്നുണ്ട്. അയാൾക്കു കൂട്ടായി ജാലവിദ്യകളും , ഇഷ്ടം പോലെ വേഷംമാറി നടന്നു ചാരപ്പണി നടത്താൻ കഴിവുള്ള നടത്താൻ കഴിവുള്ളവരുമായ നിരവധി ആളുകൾ ഉണ്ട്. ക്രൂസിങ് അയൽ രാജാവായ ശിവദത്തുമായി ചേർന്ന് ഗൂഢാലോചന നടത്തി വിജയ്‌ഗഡിനെയും നൗഗഡിനെയും തമ്മിൽ തെറ്റിക്കുന്നു.ശിവദത്തിന്റെ മായാവിയായ ചാരന്മാർ ചന്ദ്രകാന്തയെ തട്ടിക്കൊണ്ടുപോയി ഒരു നിഗൂഢ സ്ഥലത്തു ഒളിപ്പിക്കുന്നു . കുമാരൻ വീരേന്ദ്രസിംഗ് തന്റെ വിശ്വസ്തനായ തേജ്‌സിംഗുമായി ചേർന്ന് ചന്ദ്രകാന്തയെ വീണ്ടെടുക്കുവാൻ ശ്രമിക്കുന്നതാണ് നോവൽ ഇതിവൃത്തം. ആൾമാറാട്ടങ്ങളും ജാലവിദ്യകളും, മായകാഴ്ചകളും കൊണ്ട് സമ്പന്നമാണീ നോവൽ. ആയുധവിദ്യയിലും , ധൈര്യത്തിലും മുമ്പനാണ് രാജകുമാരൻ വീരേന്ദ്രസിംഗ് എങ്കിലും ചന്ദ്രകാന്തയോടുള്ള പ്രണയത്താൽ അയാൾ അന്ധനായിമാറിയിരുന്നു .അതുകൊണ്ടു തന്നെ നിരവധി അബദ്ധങ്ങളും കുമാരൻ വരുത്തിവക്കുന്നുണ്ട് . തന്റെ മുന്നിൽ വേഷം മാറി വരുന്ന ആളുകളെ മനസ്സിലാക്കാനോ അവരെ പിടികൂടാനോ കുമാരന് പലപ്പോഴും കഴിയാതെ പോയി. തേജ്‌സിംഗ് കാണിച്ചിരുന്ന ശ്രദ്ധയും ബുദ്ധിയും കൊണ്ട് മാത്രമാണ് കുമാരൻ പലപ്പോഴും രക്ഷപെട്ടത്.ഒരുവേള തേജ്‌സിങ്ങിന്റെ ആ പരാക്രമങ്ങളും , ധീരതയുമൊക്കെയാണ് നോവലിനെ മുന്നോട്ടു കൊണ്ട് പോകുന്നത് . നോവലിന്റെ അവസാനം വരെ ഉദ്വേഗം നിലനിർത്താൻ ഖത്രിക്കു കഴിഞ്ഞിട്ടുണ്ട് .ചന്ദ്രകാന്തയെ മോചിപ്പിക്കുന്നതിലൂടെയാണ് ആ രഹസ്യങ്ങളും , യഥാർത്ഥത്തിൽ ആരാണ് കുമാരിയെ രക്ഷപ്പെടുത്തിയതെന്നുമൊക്കെ പുറത്തുവരുന്നത് .
പക്ഷെ ഖത്രിയുടെ ചന്ദ്രകാന്തയുടെ ആത്മാവിനോട് നീതിപുലർത്താൻ സീരിയലിലെ ചന്ദ്രകാന്തക്കു കഴിഞ്ഞില്ല എന്നാക്ഷേപമുണ്ട്. ആ ആക്ഷേപത്തിൽ കഴമ്പും ഇല്ലാതില്ല. അല്ലെങ്കിലും കഥാപാത്രങ്ങളെ അമിത അതിശയോക്തിപരമായി അവതരിപ്പിക്കുന്നത് ടി വി സീരിയലുകളിലെ ഒരു സ്ഥിരം കാഴ്ചയാണല്ലോ.
ഈയിടെ അന്തരിച്ച പ്രസ്ഥ നടൻ ഇർഫാൻഖാനും ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത ഈ ഹിന്ദി സീരിയയിലിൽ അഭിനയിച്ചിട്ടുണ്ട്.
