മനുഷ്യൻ, ലോകത്തിലെ സകല ചരാചരത്തിനെയും അടക്കി വാഴാൻ കഴിവുള്ള ജീവി വർഗ്ഗം.പക്ഷെ മനുഷ്യനെ പോലെ ഇത്ര നീചനായ,നിന്ദ്യനായ,സ്വാർത്ഥനായ,സ്വവർഗ്ഗ സ്നേഹമില്ലാത്ത മറ്റൊരു ജീവി വർഗ്ഗവും ഈ ഭൂലോകത്തു കാണാൻ കഴിയില്ല.ഗീതാലയം ഗീതാകൃഷ്ണൻ രചിച്ച ലോകത്തെ നടുക്കിയ കൊലപാതകങ്ങൾ എന്ന പുസ്തകം ആ ജീവിവർഗ്ഗം നടത്തിയ ചില അരുംകൊലകളുടെയും അതിന്റെ പിന്നാമ്പുറങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നു.ഒരു മരവിപ്പോടെ മാത്രം വായിച്ചു തീർക്കാനാകുന്ന ചില അധ്യായങ്ങളുണ്ടിതിൽ. മനുഷ്യന് എങ്ങനെ ഇത്രയും ക്രൂരമായി പെരുമാറാൻ സാധിക്കുന്നു എന്ന് തോന്നിപോകുന്നതരത്തിലുള്ള കൊലപാതകങ്ങളുടെ വിവരണങ്ങൾ ഇതിലുണ്ട്. കൊലപാതകികളെ സൃഷ്ട്ടിച്ച ഒരു മിശിഹാ എന്ന അധ്യായത്തിലെ ചാൾസ് മാൻസൺ എന്ന കൊടും കുറ്റവാളി പ്രശസ്ത ഫ്രഞ്ച് സംവിധായകൻ റൊമാൻ പൊളാൻസ്കിയുടെ ഗർഭിണിയായ ഭാര്യ ഷാരോൺ ടൈറ്റിനെയടക്കം നിരവധി പേരെ കൊലപ്പെടുത്തിയ ആളാണ്. സമൂഹത്തിൽ നിരവധി ആരാധക സംഘങ്ങളുള്ള ആളായായിരുന്നു മാൻസൺ. നിരവധി വേശ്യകളെ കൊന്നു തള്ളിയ കൊലയാളിയെ കുറിച്ചുള്ള സംഭവങ്ങൾ മറ്റൊരു അധ്യായത്തിൽ ഉണ്ട് . വൈറ്റ് ചാപ്പൽ കൊലകൾ എന്നാണ് ഈ കൊലപാതക പരമ്പര അറിയപ്പെട്ടത് .1888 ഏപ്രിൽ 3 മുതൽ 1891 ഫെബ്രുവരി 13 വരെ പതിനൊന്നു കൊലപാതകങ്ങൾ കിഴക്കൻ യൂറോപ്പിലെ നിരവധി സ്ഥലങ്ങളിൽ നടന്നു. അടുത്ത കൊലക്കു മുൻപ് പോലീസ് കൊലയാളിയെ പിടികൂടിക്കാണും എന്ന് കരുതിയെങ്കിൽ തെറ്റി. കൊലയാളി എന്തുകൊണ്ടോ അപ്രത്യക്ഷനായി. രസകരമായ വസ്തുത എന്തെന്ന് വച്ചാൽ ആരാണത് ചെയ്തതെന്ന് ഇന്നും അജ്ഞാതമാണ്.
മറ്റൊരു അധ്യായത്തിൽ രത്ന വ്യാപാരിയായ കൊലയാളിയായി ശോഭരാജ് എത്തുന്നുണ്ട് . അതെ, നമ്മുടെ അതെ ശോഭരാജ് . ശോഭരാജ് ജനിച്ചത് വിയറ്റനാമിലാണ്. അയാളുടെ അച്ഛൻ ഇന്ത്യക്കാരനും ,അമ്മ വിയറ്റനാംകാരിയും ആയിരുന്നു.നിർഭയനായ കൊലയാളി എന്ന അധ്യായത്തിലെ പീറ്റർ മാനുവലിനെ ആധാരമാക്കി നിരവധി പുസ്തകങ്ങൾ ഇറങ്ങുകയുണ്ടായി.മാൻ ഹണ്ടർ ,ബ്ലാക്ക് ആൻഡ് ബ്ലൂ,ഡെഡ് മെൻ ആൻഡ് ബ്രോക്കൻ ഹാർട്സ്,റൂൾസ് 34 തുടങ്ങിയവ പീറ്റർ മനുവലിന്റെ കൊലപാതകങ്ങളെ ബന്ധപ്പെടുത്തി എഴുതപ്പെട്ട പുസ്തകങ്ങളാണ്.മാനസിക പ്രശ്നങ്ങൾ ഉള്ളവരായിരിക്കും ഇത്തരം വൈകൃതവും ,ക്രൂരവുമായ കൊലപാതക പരമ്പരകൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് എന്ന് ഉറപ്പിക്കാൻ വരട്ടെ .പീറ്റർ കുർട്ടൻ എന്നയാളുടെ കഥ കേട്ടാൽ ആ ധാരണയൊക്കെ മാറിക്കിട്ടും.
മാനസികമായി ഒരു പ്രശ്നവും ഇല്ലാത്തയാളായിരുന്നു പീറ്റർ .പുറമെ മാന്യമായി പെരുമാറുന്നവൻ, വസ്ത്രധാരണത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവൻ,സംസാരത്തിലോ കുലീനൻ ,അതൊക്കെയായിരുന്നു പീറ്റർ കുർട്ടൻ . എന്നിട്ടും ആയാൾ വൈകൃതങ്ങളുടെ രാജകുമാരനായി ,കൊടും കൊലയാളിയായി.തന്നെ കഴുത്തറുത്ത് കൊല്ലുവാനുള്ള കോടതി വിധി കേട്ടപ്പോഴും അയാൾ ചോദിച്ചത്, സ്വന്തം കഴുത്തു മുറിഞ്ഞു ചോര ചീറ്റുന്ന ശബ്ദം കേൾപ്പിക്കാൻ പറ്റുമോ എന്നായിരുന്നു. എല്ലാ ആനന്ദവും അവസാനിപ്പിക്കുവാനുള്ള ആനന്ദമയിരിക്കും അത് എന്നയാൾ തന്റെ ആരാച്ചാരോട് പറഞ്ഞു . അപ്പോൾ മാനസിക പ്രശ്നങ്ങൾ മാത്രമല്ല,കുടുംബ പശ്ചാത്തലവും ഒരു മുഖ്യ ഘടകമാണ്. കുടുംബത്തിൽ നിലനിന്നിരുന്ന അന്തച്ഛിദ്രങ്ങൾ തന്നെയാണ് പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന എല്ലാ കൊലയാളികളെയും അവരെ ആ നിലയിൽ കൊണ്ടെത്തിച്ചതെന്നു മനസിലാക്കാം. ക്രൈം /ത്രില്ലർ വിഭാഗങ്ങളിലുള്ള സിനിമയാക്കാൻ പറ്റിയ നിരവധി സംഭവങ്ങളുണ്ട് ഈ പുസ്തകത്തിൽ. പലതും സിനിമയാക്കിയിട്ടുണ്ട്. മനുഷ്യജീവിതം വെറുത്ത വനിത (അതെ! പുരുഷ കൊലയാളികൾ മാത്രമല്ല ,വനിതകളും ഇക്കാര്യത്തിൽ മോശമല്ല ) എന്ന അധ്യായത്തിലെ അയലിൻ വൂർനോസിന്റെ കഥ 2003 ൽ മോൺസ്റ്റർ എന്ന പേരിൽ സിനിമയാക്കുകയുണ്ടായി. ചാർലിസ് തൊറോണാണ് വൂർണോസ് ആയി വെള്ളിത്തിരയിലെത്തിയത്. അതിനവർക്ക് മികച്ച നടിക്കുള്ള അവാർഡും ലഭിക്കുകയുണ്ടായി. നമ്മുടെ കൊച്ചു കേരളത്തിൽ ഈയിടെ പിടിക്കപ്പെട്ട കൂടത്തായി ജോളിയ്ക്കും ഈ പുസ്തകത്തിൽ ഒരു അധ്യായം അലങ്കരിക്കാനുള്ള സർവ യോഗ്യതയും ഉണ്ട് . പുസ്തകത്തിന്റെ അടുത്ത പതിപ്പിലെങ്കിലും അവർ ഉൾപ്പെടുമായിരിക്കാം എന്ന് വിശ്വസിക്കാം.
ഈ പുസ്തകത്തിൽ കൊലപാതകികളെ പോലീസ് എങ്ങനെ കണ്ടെത്തി എന്നുള്ളത് മിക്ക കേസുകളിലും വിശദമായൊന്നും വിവരിച്ചിട്ടില്ല എന്നുള്ളത് ഒരു പോരായ്മയായി തോന്നുന്നുണ്ട്.അങ്ങനെ ആയിരുന്നെകിൽ വായനക്കാർക്കു കുറച്ചുകൂടി ത്രില്ലിങ് ആയി തോന്നുമായിരുന്നേനെ.
