പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മോപ്പസാങ്ങിനെ ചെറുകഥയുടെ സുവർണ്ണ കാലഘട്ടത്തിലെ മുടിചൂടാമന്നനായാണ് കണക്കാക്കപ്പെടുന്നത്.വളരെ പരിമിതമായ കഥാപാത്രങ്ങളെ വച്ച് ഒരു നീണ്ട കഥ നോവലിലേക്കു ആവാഹിക്കാനുള്ള കഴിവുണ്ടായിരുന്നു മോപ്പസാങ്ങിന്.ചെറുകഥകളിലാണ് പേരുകേട്ട സൃഷ്ടിയ്ക്കളത്രയും,എണ്ണം പറഞ്ഞ നോവലുകൾ വേറെയും ഉണ്ട് . മരണംപോലെ ശക്തം എന്ന നോവലിൽ ആ വൈഭവം വായനക്കാരുടെ ക്ഷമയുടെ പരിധിയെ പരീക്ഷിക്കുന്ന നിലയിലേക്ക് എത്തിക്കുന്നതിൽ മോപ്പസാങ് ‘വിജയിച്ചിരിക്കുന്നു‘.
ഒലിവിയർ ബാർട്ടിൻ പാരിസിലെ പ്രശസ്തനായ ചിത്രകാരനാണ്.ബാർട്ടിനും മാഡം ഡി ഗ്വില്ലെറോയും തമ്മിലുള്ള പ്രണയവും , അതിനെ തുടർന്നുണ്ടാകുന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ് ഈ നോവലിന്റെ ഇതിവൃത്തം. ബർട്ടിന്റെ പ്രസ്തമായ ഒരു സൃഷ്ടിയായി വാഴ്ത്തപ്പെട്ട ‘ക്ലിയോപാട്ര‘ കലാകാരന്മാരുടെ ഇടയിലും പൊതുസമൂഹത്തിലും തന്റേതായ സ്ഥാനം ഉറപ്പിക്കാൻ വളരെയധികം സഹായിച്ചു.ബാർട്ടിൻ താൻ വരയ്ക്കുന്ന സ്ത്രീകളുമായി ഒരു പ്രണയ ബന്ധത്തിലും ഏർപ്പെടാൻ താല്പര്യപ്പെട്ടില്ല. അത് തീർത്തും ഒരു വിരസമായ സംഗതിയായി അയാൾക്ക് അനുഭവപ്പെടുന്നുവെത്രെ.പക്ഷെ ഒരു രാത്രിപാർട്ടിയിൽ വച്ച് അദ്ദേഹം ഡി ഗ്വില്ലറോയെ കണ്ടുമുട്ടുന്നതോടെ കാര്യങ്ങൾ മാറി മറയുന്നു.
അവളുടെ സൗന്ദര്യത്തിൽ മനംമയങ്ങി ആകർഷിക്കപ്പെട്ട് ഒടുവിൽ അവരുടെ ഒരു പെയിന്റിംഗ് വരയ്ക്കണമെന്നു അയാൾ തീരുമാനിക്കുന്നു. എല്ലാ പ്രണയബന്ധങ്ങളെയുംപ്പോലെ അവർ തമ്മിലുള്ള പ്രണയം മികച്ച സംഭാഷണങ്ങളോടെയും ,സൗഹൃദത്തോടെയും വളരുന്നു. അവളില്ലാതെ തനിക്കു പിടിച്ചുനിൽക്കാനാവില്ലെന്ന അവസ്ഥയിലേക്ക് അയാൾ എത്തിച്ചേരുന്നു .തങ്ങളുടെ ബന്ധം ഒരു പരിധി വിടുമ്പോൾ ഗ്വില്ലറോക്ക് കുറ്റബോധം തോന്നി തുടങ്ങുന്നു. അതിന്റെ കാരണം രസകരമാണ്. അവളുടെ വിവാഹം കൗണ്ട് ഡി ഗ്വില്ലറോയുമായി കഴിഞ്ഞതും അതിൽ അഞ്ചു വയസുള്ള ഒരു മകളും ഉണ്ട്. പക്ഷെ എന്നിരുന്നാലും ബർട്ടിന് തന്നെ സന്തോഷവതിയാക്കാൻ സാധിക്കുണ്ടെന്നു അവൾ തിരിച്ചറിയുന്നു.കൗണ്ട് ഡി ഗ്വില്ലറോയും ബർട്ടിനും സുഹൃത്തുക്കളാകുന്നു. പാരിസിന് പുറത്തു പഠിച്ചു വളർന്ന ഗ്വില്ലെറോയുടെ മകൾ ആനെറ്റ് പാരിസിലേക്കു തിരിച്ചു വരുന്നതോടെ കഥ വേറൊരു തലത്തിലേക്ക് ഉയരുന്നു. അമ്മയുടെ മുറിച്ചു വെച്ച രൂപമാണ് ആനെറ്റിന്. ഗ്വില്ലറോയുടെയും ആനെറ്റിനെയും കുറിച്ചുള്ള കഥാനായകന്റെ വികാര വിചാരങ്ങളെ നോവലിസ്റ്റ് വിശദമായി നോവലിൽ വിവരിക്കുന്നുണ്ട്. ബാർട്ടിന് ഒരുവേള ആനെറ്റിന്റെ പ്രതിശ്രുത വരനോട് അസൂയ തോന്നുന്നുണ്ട്.അയാൾ ഗ്വില്ലറോയെ അവളിൽ കാണുന്നു. ഗ്വില്ലറോയുടെ പ്രായം കൊണ്ടും സൗന്ദര്യം കൊണ്ടും അവരുടെ ചെറുപതിപ്പായ അനെറ്റിനോട് അയാൾക്ക് താല്പര്യം തോന്നുന്നു. സൗന്ദര്യം, പ്രായം,പ്രണയം,യുവത്വം തുടങ്ങിയ സമൂഹം ഉയർത്തിപ്പിടിക്കുന്ന സൗന്ദര്യത്തിന്റെ നിരവധി അടരുകളെക്കുറിച്ചു മോപ്പസാങ് നോവലിലുടനീളം പറഞ്ഞു വെക്കുന്നു,
ഗ്വില്ലറോയുടെ വർധിച്ചു വരുന്ന പ്രായവും ,ശരീരത്തിലെ ചുളിവുകളും ബാർട്ടിന് തന്നോടുള്ള പരിഗണനയിൽ കുറവുണ്ടാകുമെന്നു അവൾ ആശങ്കപ്പെടുന്നു. മകളുടെ സൗന്ദര്യത്തിലും ,നിറത്തിലും ഒരുവേള അവർക്കു അസൂയ തോന്നുന്നു.അവർ മേക്കപ്പ് ഉപയോഗിക്കാൻ കൂടുതൽ സമയം കണ്ടെത്തുന്നു. ഒപ്പം ശരീരം മെലിയാനാവശ്യമായ സൂത്രപ്പണികളന്വേഷിച്ചു നടപ്പാക്കുന്നു .പിന്നീട് ഒരു സമയത്തു ബർട്ടിന്റെ പ്രണയം തിരികെ ഗ്വില്ലറോയിലേക്കു മടങ്ങി എത്തുന്നുണ്ട്. ഒരു പാരിസ് പത്രമായ ഫിറാഗോയിൽ തന്റെ കലാസൃഷ്ടിയെ പഴഞ്ചനെന്നു വിമർശിച്ചു ലേഖനം പ്രത്യക്ഷപ്പെടുന്നതോടെ ബാർട്ടിൻ അസ്വസ്ഥനാകാൻ തുടങ്ങുന്നു.
തികച്ചും നാടകീയമായ രീതിയിലാണ് നോവൽ അവസാനിക്കുന്നത്. മോപ്പസാങ്ങിന്റെ മുൻപത്തെ മികച്ച രചനകളുടെ പാടുകളൊന്നും ഈ നോവലിൽ കാണുന്നില്ല എന്ന് പറയേണ്ടി വരും.സ്നേഹം ,ജീവിതം,മരണം എന്നിവയുടെയും മനുഷ്യമനസ്സിന്റെ നിഗൂഢതകളുടെയും കഥയാണിത്. ഈ നോവലിന്റെ മലയാള വിവർത്തനം ചെയ്തിരിക്കുന്നത് വി ആർ ഗോവിന്ദനുണ്ണിയാണ്. മാതൃഭൂമിയിലെ മുൻ അസിസ്റ്റന്റ് എഡിറ്ററായിരുന്നു അദ്ദേഹം. ഈ കഴിഞ്ഞ മാർച്ച് 18 നായിരുന്നു അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
