നാസിസം, ഹിറ്റ്ലർ, ഹിറ്റ്ലറുടെ മരണവും തിരോധാനം എന്നീ വിഷയങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ ആളുകൾക്കിപ്പോഴും ഉദ്യോഗജനകവും ആകാംക്ഷയും സമ്മാനിക്കുന്ന സംഗതിയാണ്.
അതിനു കാരണങ്ങൾ പലതുമുണ്ട്. ഒരുപക്ഷേ ഹിറ്റ്ലർ 1945ൽ മരണപ്പെട്ടിട്ടില്ലെന്നും അര്ജെൻറീനയിലെക്കോ മറ്റോ രക്ഷപെട്ടെന്നുള്ള കിംവദന്തിയാകാം മുഖ്യകാരണം.ഹിസ്റ്ററി ചാനൽ നടത്തിയ അന്വേഷണങ്ങളുടെ വിശദാംശങ്ങൾ യുടുബീൽ ലഭ്യമാണ്.
വിഷയബാഹുല്യം കാരണം അതിനെ കുറിച്ചുള്ള വിശദാംശങ്ങൾ മറ്റൊരു ലേഖനത്തിൽ ഉൾപ്പെടുത്താമെന്ന് കരുതുന്നു.
രണ്ടാം ലോക മഹായുദ്ധത്തെ ആധാരമാക്കി ഇറങ്ങിയ പല സിനിമകളും കണ്ട കൂട്ടത്തിൽ Der Untergang എന്ന ജർമൻ സിനിമയും കാണുകയുണ്ടായി. അന്നത് കണ്ടപ്പോൾ മനസിനെ വല്ലാതെ സ്പർശിക്കയുണ്ടായി. ഹിറ്റ്ലർ എന്ന വ്യക്തിയെ മാറ്റി നിർത്തിയാൽ ,തന്റെയും കൂട്ടരുടെയും അവസാനമടുത്തു എന്നു മനസ്സിലാക്കുന്ന ഒരു മനുഷ്യന്റെ മനോവ്യാപാരങ്ങളെ വളരെ വ്യക്തമായും ക്രിത്യമായും ഈ സിനിമ രേഖപ്പെടുത്തുന്നുണ്ട്.
ഈയ്യടുത്താണ് ഹിറ്റ്ലറെ ആധാരമാക്കികൊണ്ടുള്ള ഒരു പുസ്തകം അതും മലയാളത്തിൽ വായിക്കാനിടയായത്. പുസ്തകത്തിന്റെ പേര് അഡോൾഫ് ഹിറ്റ്ലർ:അവസാനദിനങ്ങൾ എന്നായിരുന്നു. ജർമനിയിൽ സ്ഥിരതാമസമാക്കിയ മലയാളിയായ തോമസ് ചക്യത് ആണിതിന്റെ രചയിതാവ്. ഈ പുസ്തകം ജർമനിൽ നിന്നും നേരിട്ട് പരിഭാഷപ്പെടുത്തിയതാണ്.ഇതിന്റെ മൂലകൃതി രചിച്ചിരിക്കുന്നത്
ചരിത്രകാരനായ ജോക്കിം ഫെസ്റ്റാണ് .അദ്ദേഹത്തിന്റെ വളരെ പ്രശസതമായ ഒരുപുസ്തകമാണ്. Inside Hitler’s Bunker: The Last Days of the Third Reich.
ജർമ്മൻ ഭാഷയിൽ 2002 ലാണ് ഈ പുസ്തകം ആദ്യം പ്രസിദ്ധീകരിച്ചത്. 2004 ൽ ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയും പുറത്തു വന്നു.ഇപ്പോൾ 2019 മദ്ധ്യത്തിൽ അതിന്റെ മലയാള പരിഭാഷയും പുറത്തു വന്നു .ഈ പുസ്തകത്തെ കുറിച്ച് കൂടുതലൽ അന്വേഷിച്ചപ്പോഴാണ് മുമ്പ് സൂചിപ്പിച്ച 2004 ൽ ജർമ്മൻ ചലച്ചിത്രമായ Der Untergang ഈ പുസ്തകത്തിനെ ആധാരമാക്കിയായാണ് പുറത്തിറങ്ങിയത് എന്നു മനസിലായത് . Downfall എന്നപേരിൽ ആയിരുന്നു ആ സിനിമാ ഇംഗ്ലീഷിൽ ഇറങ്ങിയത്. Imdb ലിങ്ക് https://www.imdb.com/title/tt0363163/
ഹിറ്റ്ലറെയും നാസിസത്തെയും കുറിച്ച് നിരവധി പുസ്തകങ്ങൾ ഫെസ്റ്റിന്റെതായുണ്ട്. ഹിറ്റ്‌ലറുടെ ഭരണത്തിന്റേയും (ജീവിതത്തിൻടെയും ) അവസാന ആഴ്ചകളിലെ ഒരു പുനർനിർമ്മാണമായി ഈ പുസ്തകത്തെ കാണാം.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന നാളുകളിൽ ഹിറ്റ്‌ലറുടെ വർദ്ധിച്ചുവരുന്ന മാനസികവും ശാരീരികവുമായ ശിഥിലീകരണം , ഉൽക്കണ്ഠ എന്നിവയെ കുറിച്ച് വിശദമായി പുസ്തകം കൈകാര്യം ചെയ്തിരിക്കുന്നു .
1945 ഏപ്രിൽ പകുതിയോടെ സോവിയറ്റ് യൂണിയന്റെ ചെമ്പട ബെർലിനിനെതിരെ രണ്ടര ദശലക്ഷത്തിലധികം സൈനികരും നാൽപതിനായിരത്തിലധികം മോർട്ടാറുകളും ഫീൽഡ് തോക്കുകളും ഉപയോഗിച്ച് ആക്രമണം അഴിച്ചുവിട്ടു.
ബെർലിൻ പിടിച്ചടക്കുക, ജർമനിയെ അടിയറവ് പറയിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഹിറ്റ്ലർക്ക് ഗത്യന്തരമില്ലാതെ പിൻവാങ്ങേണ്ടി വന്നു .
അമേരിക്കൻ പ്രസിഡണ്ട് ഫ്രാങ്ക്ലിൻ റൂസ്‌വെൽറ്റിന്റെ മരണത്തോടെ പാശ്ചാത്യ സഖ്യകക്ഷികൾ തങ്ങളുടെ ശത്രു റഷ്യയാണെന്ന് തിരിച്ചറിഞ്ഞ് ഹിറ്റ്‌ലറുടെ കൂടെ കുരിശുയുദ്ധത്തിൽ പങ്കുചേരുമെന്ന് ഹിറ്റ്‌ലർ തുടർന്നും ചിന്തിച്ചു. എങ്കിലും നഗരത്തെ പ്രതിരോധിക്കാൻ ഉത്തരവാദിത്തപ്പെട്ട സൈന്യം കടുത്ത പോരാട്ടം തന്നെ നടത്തി. അപ്പോഴേക്കും ഹിറ്റ്ലർ ശാരീരികമായും മാനസികമായും ആകെ തകർന്നിരുന്നു . സോവിയറ്റ് സൈന്യത്തിന്റെ കൈയ്യില് കിട്ടിയാൽ തന്നെ ആളുകളുടെ മുന്നിലൂടെ വലിച്ചിഴച്ച് ഒടുവില് കെട്ടി തൂക്കുമെന്ന് ഹിറ്റ്ലർ ഭയന്നു.ഇറ്റലിയിൽ മുസ്സോളിനിക്കുണ്ടായ അത്തരം “സ്വീകരണമായിരിക്കണം” ഹിറ്റ്ലർ അങ്ങനെ ചിന്തിക്കാൻ കാരണം.
ജീവനോടെയോ അല്ലാതെയോ തന്റെ ശരീരം അവര്ക്കു കിട്ടരുതെന്ന് ഹിറ്റ്ലർ കൂടെയുള്ളവരെ ഒരമിപ്പിച്ചുകൊണ്ടിരുന്നു . അതുകൊണ്ടാണ് താനൊരിക്കളും ബെർലിൻ വിട്ടുപോകില്ലെന്നും മരിക്കാൻ പോകുകയാണെന്നും , മരിച്ചു കഴിഞ്ഞാൽ ചെയ്യേണ്ട കര്യങ്ങളെ കുറിച്ച് ഉദ്യോഗസ്ഥരോട് ചട്ടം കെട്ടുന്നത്. അതിനു വേണ്ടി അവർ പെട്രോൾ കന്നാസുകൾ സംഘടിപ്പിക്കുകയും മരിച്ചു കഴിഞ്ഞു ഹിറ്റ്ലറുടെ ശരീരം കത്തിച്ചു ചാമ്പലാക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ ഹിറ്റ്ലറുടെ മരണവും ഈ കത്തിക്കൽ കഥകളും വെറും കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ മാത്രമാണുള്ളത് . ഹിറ്റ്ലർ സ്വയം വെടിവെച്ചു മരിച്ചോ അതോ ഗാർഡിനെ കൊണ്ടു വെടിപ്പിച്ചോ എന്നൊന്നും വ്യകതമല്ല . കത്തിച്ചുകളഞ്ഞത് ഹിറ്റ്ലറുടെയോ ഭാര്യ ഈവാ ബ്രൗണിന്റെയോ ആണെന്ന് ഒരു തെളിവും ഇല്ല എന്നു പറയാം . ഹിറ്റ്‌ലറുടെ മൃതദേഹത്തിന്റെ വ്യാപകമായി പ്രസിദ്ധീകരിച്ച ഫോട്ടോഗ്രാഫുകൾ ഒരു തട്ടിപ്പാണെന്ന് ഫെസ്റ്റ് സ്ഥിരീകരിക്കുന്നുണ്ട്. ഹിറ്റ്ലർ മരണപ്പെട്ടു എന്നതിനോട് സ്റ്റാലിൻ പോലും മരണം വരെ വിശ്വാസിച്ചിരുന്നില്ല . കാരണം സ്റ്റാലിന് അറിയാമായിരുന്നു ഹിറ്റ്ലർ ശരിക്കും ആരായിരുന്നുവെന്ന് . ഹിറ്റ്‌ലർ ഒരു അന്തർവാഹിനിയിൽ ജപ്പാനിലേക്ക് രക്ഷപ്പെട്ടുവെന്ന് ഒരിക്കൽ സ്റ്റാലിൻ തന്നെ പറഞ്ഞതും ഇതേ കാരണം കൊണ്ട് തന്നെയാണ് . എന്നാൽ ഹിറ്റ്ലർ രക്ഷപ്പെട്ടത് ജപ്പാനിലേക്കല്ല മറിച്ച് അര്ജെൻറീന യിലേക്കാണെന്നും ,അതുമല്ല സ്പെയിനിലേക്കാണെന്നും സംസാരമുണ്ടായിരിന്നു . എല്ലാത്തിനും സംശയത്തിന്റെ ആനുകൂല്യമല്ലാതെ ഒരു തെളിവും ഇപ്പോഴും ലഭ്യമല്ല എന്നെ വേണമെങ്കിലൽ പറയാം.
1943 ന് ശേഷം ബെർലിനിൽ പതിവായി നടത്തിയ വ്യോമാക്രമണത്തിൽ ബ്രിട്ടീഷ്, അമേരിക്കൻ വ്യോമസേന നാസി തലസ്ഥാനത്ത് 65,000 ടൺ ഉയർന്ന സ്ഫോടകവസ്തുക്കൾ പ്രയോഗിക്കയുണ്ടായി . 1945 ഏപ്രിലിലെ അവസാന രണ്ടാഴ്ചയ്ക്കുള്ളിൽ റെഡ് ആർമി മാത്രം 40,000 ടൺ സ്ഫോടകവസ്തുക്കൾ നിക്ഷേപിച്ചു . മെയ് 2 ന് സോവിയറ്റ് യൂണിയൻ റീച്ച്സ്റ്റാഗ് കെട്ടിടത്തിന്റെ നിലവറകളിൽ നിന്നും ബെർലിന്റെ ഹൃദയഭാഗത്തേക്ക് പോകുമ്പോഴേക്കും അവർ ബെർലിനിലെ 4 ദശലക്ഷം നിവാസികളിൽ ഓരോരുത്തർക്കും 39 ക്യുബിക് യാർഡ് അവശിഷ്ടങ്ങൾ സൃഷ്ടിച്ചിരുന്നു എന്നു വിദഗ്ദർ കണ്ടെത്തിയിട്ടുണ്ട്.
ഹൃദയാഘാതവും അപകടവും രൂക്ഷമാകുമ്പോൾ ഹിറ്റ്ലറുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് എന്ത് സംഭവിച്ചു? ഏത് തരത്തിലുള്ള തീരുമാനങ്ങളാണ് എടുത്ത് നടപ്പിലാക്കിയത്?ബങ്കറിലെ ഹിറ്റ്‌ലറുടെ അവസാന ദിവസത്തെ ജോക്കിം ഫെസ്റ്റിന്റെ പിടിമുറുക്കുന്ന വിവരണത്തിൽ ചോദിച്ചതും ഉത്തരം നൽകിയതുമായ ചോദ്യങ്ങളാണിവ.
ഹിറ്റ്‌ലറുടെ ബങ്കറിനുള്ളിൽ അവസാനമായി പരിശോധിച്ച ചരിത്രകാരൻ ഹഗ് ട്രെവർ–റോപ്പർ ആയിരുന്നു. 1945 സെപ്റ്റംബറിൽ ബെർലിനിലേക്ക് ബ്രിട്ടീഷുകാരും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും ഹിറ്റ്‌ലറുടെ വിധി നിർണ്ണയിക്കാൻ അയച്ചു.
ഹിറ്റ്ലറുടെ യഥാർത്ഥ വിധിക്കു യഥാർത്ഥത്തിൽ സാക്ഷ്യം വഹിച്ചത് ഒരു കൂട്ടം നിവാസികളാണ്. ട്രെവർ–റോപ്പർ 1945 ൽ അവരിൽ പലരുമായും സംസാരിച്ചു, ഫെസ്റ്റ് ബാക്കിയുള്ളവരുമായി സംസാരിച്ചു, അവരുടെ ഓർമ്മക്കുറിപ്പുകൾ വായിക്കുകയും ബെർലിൻ യുദ്ധത്തെക്കുറിച്ചും ഹിറ്റ്‌ലറുടെ അവസാന നാളുകളെക്കുറിച്ചും പുതിയ വിവരങ്ങൾ സമ്പാദിക്കുകയും ചെയ്തു. ഹിറ്റ്‌ലറുടെ നായ ബ്‌ളോണ്ടിയുടെ മരണം സ്ഥിരീകരിച്ചതിന് ശേഷം ഹിറ്റ്‌ലറും ഇവാ ബ്രൌണും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്തു തുടർന്ന് അവശിഷ്ടങ്ങൾ ആർഎസ്എസ് ഗാർഡുകൾ കത്തിച്ചു. വിഷം കഴിച്ച ശേഷം ഹിറ്റ്‌ലർ സ്വയം തലയ്ക്ക് വെടിവയ്ക്കുകയോ ഒരു കാവൽക്കാരൻ തലയിൽ വെടിവയ്ക്കുകയോ ചെയ്തു.
ഈ പുസ്തകത്തിലെ ശ്രദ്ധേയമായ രണ്ട് സവിശേഷതകൾ ഹിറ്റ്ലറുടെ സ്വാർത്ഥതയും അവസാന നാളുകളിലെ തീക്ഷ്ണതയുമാണ്. സ്വാർത്ഥത എല്ലായ്പ്പോഴും കൂടെ ഉണ്ടായിരുന്നു. അവസാന നിമിഷങ്ങളിൽ കടുത്ത വിശ്വസ്തരെപ്പോലും കൊല്ലാനോ ,തരംതാഴ്ത്താനോ ഉദ്ദേശിച്ചുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു.
നിയമവാഴയിൽ അധിഷിഠിതമായ രാഷ്ടം ,പാശ്ചാത്യ മൂല്യങ്ങൾ എന്നിവയോട് നിർബന്ധിതമായി ഇണങ്ങിച്ചേരേണ്ടി വന്ന നീണ്ട വർഷങ്ങൾക്കു ശേഷം ജർമൻ ജനത തങ്ങളുടെ സ്വത്വം വീണ്ടും ആർജ്ജിക്കുകയായിരുന്നുവെന്നും അതോടെ യൂറോപ്പിൽ പണ്ടുമുതലേ വഹിച്ചിരുന്നതായി കരുതപ്പെട്ട ആ അനശാസ്യമായ പങ്കിലേക്ക് തിരികെ പോവുകയായിരുന്നുവെന്നുമുള്ള പ്രതീതി ജനിക്കാൻ സഹായിച്ചത് അധികാരം പിടിച്ചടക്കലിനെ തുടർന്നുണ്ടായ പുതിയ സാഹചര്യങ്ങളാണ്.ജർമൻ ജനതയെ സാമൂഹിക അച്ചടക്കത്തിന്റെ ഒരു കീഴ്വഴക്കത്തിലേക്ക് നയിക്കാൻ ഹിറ്റ്ലർക്കു സാധ്യമായി. രാജ്യത്തെ രാഷ്ട്രീയ സ്ഥാപനങ്ങളുടെ പരമ്പരാഗതമായ ദൌർബല്യം കൂടി ഇതൊടു കൂട്ടി ചേർത്ത് വായിച്ചാൽ വ്യക്തി പ്രഭാവമുള്ള നേതാക്കളോട് ജർമൻ ജനതക്കുള്ള ആഭിമുക്യം വളരെ എളുപ്പം മനസ്സിലാക്കാവുന്നതാണ്. ആവശ്യ സാധനങ്ങളുടെ ദൌർലഭ്യവും ശത്രു സൈന്യം വളഞ്ഞാക്രമിക്കുമോ എന്ന ആശങ്കയും ഒരു വശത്ത്. ഓരോ ദൈനം ദിന പ്രശങ്ങളും ജീവന്മരണ പ്രശ്നമായി പൊക്കി പിടിക്കാനും എല്ലാ രാഷ്ട്രീയത്തിലും പൌരാണിക ഉള്ളടക്കം കുത്തിനിറക്കാനുമുള്ള പ്രവണത മറുവശത്ത് . ഹിറ്റ്ലറുടെ ഉയർച്ചയെ തഴയാൻ ശ്രമിച്ച രാഷ്ട്രീയ ശകതികൾ മുന്നോട്ടുള്ള പോക്കിൽ തളർന്നു പോയി. ഹിറ്റ്ലര്ക്കെതിരെ പ്രതിരോധമില്ലാത്ത വിധം രാഷ്ട്രീയ ശക്തികൾ തകർന്നു പോയതെങ്ങനെയെന്ന് ഉത്തരം കിട്ടാത്ത ചോദ്യമായി ഗ്രന്ഥകാരൻ ഉയർത്തികാട്ടുന്നുണ്ട്. കപടനാട്യം ,പ്രതികാരവാഞ്ച ,വിനാശകരമായ ദീർഘവീക്ഷണമില്ലായ്മ എന്നിവയുടെ ഫലമായിരുന്നു യഥാർത്തത്തിൽ യുദ്ധ തോൽവിയുടെ ഈ സമാധാന ഉടമ്പടിയെന്ന് ഇവിടെ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഹിറ്റ്ലറുടെ അവസാന നാളുകളോട് നീതി പുലർത്തുന്ന ഒരു ഗ്രന്ഥവും നിലവിലൽ ലഭ്യമല്ല. ഈ പുസ്തകം അല്പമെങ്കിലും വസ്തുതകളിൽ ഊന്നിക്കൊണ്ട് വിവരങ്ങൾ തരുന്നുണ്ട് എന്നാശ്വസിക്കാം.