അയാളുടെ ചിരികാണാൻ നല്ല ചന്തമെന്നു
പറഞ്ഞു നടന്നവരാണധികവുമിവിടെ.
പിന്നെയെപ്പോഴോ ചിരിയെന്തെന്നുപോലും
മറന്ന അയാളുടെ മുഖം കണ്ടവർ
അഞ്ചും മൂന്നെട്ടും ഏറിയാൽ
പത്തിൽ തികയാത്തവരുണ്ടെങ്കിലെയുള്ളൂ
കാലമേറെ ചെന്ന് അയാളിന്ന്
വീണ്ടും വെളുക്കെയുറക്കെ ചിരിച്ചു
കാണുന്നവരോടൊക്കെ കൈകൾ കൂപ്പി
തന്റെ ചിഹ്നത്തിൽ തന്നെ കുത്തണമെന്ന് പറഞ്ഞു.